ഇപ്പോള്‍ ഇതിന്റെ ആവശ്യം എന്താണ്? പുതിയ ഐ.ടി നിയമത്തില്‍ കേന്ദ്രത്തോട് വിശദീകരണം തേടി ബോംബെ ഹൈക്കോടതി

മുംബൈ: 2009 മുതല്‍ പ്രാബല്യത്തിലുള്ള വ്യവസ്ഥകള്‍ അസാധുവാക്കാതെ പുതിയ ഐ.ടി നിയമങ്ങള്‍ അവതരിപ്പിച്ചതിന്റെ കാരണം വിശദീകരിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതി.

ഐ.ടി ആക്ടിന്റെ 69 എ (1) (ii) പ്രകാരം 2009 നിയമങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. മുന്‍ നിയമങ്ങള്‍ അസാധുവാക്കാതെ കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്നുള്ള നിയമങ്ങള്‍ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത എന്തായിരുന്നു എന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിംഗിനോട് 14/08/21 ശനിയാഴ്ച കോടതി ചോദിച്ചു.

വ്യാജ വാര്‍ത്തകളുടെ പ്രചരണവും കുറ്റകരമായ ഉള്ളടക്കവും പരിശോധിക്കാന്‍ കേന്ദ്രത്തിന് പുതിയ നിയമങ്ങള്‍ വേണമെന്നാണ് സിംഗ് ഇതിന് മറുപടി നല്‍കിയത്.

ഡിജിറ്റല്‍ ന്യൂസ് വെബ്സൈറ്റായ ദി ലീഫ്ലെറ്റും പത്രപ്രവര്‍ത്തകനായ നിഖില്‍ വഗലും സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കവേയായിരുന്നു ചീഫ് ജസ്റ്റിസ് ദീപങ്കര്‍ ദത്ത, ജസ്റ്റിസ് ജി.എസ്. കുല്‍ക്കര്‍ണി എന്നിവരുടെ ബെഞ്ച് കേന്ദ്രത്തോട് ഐ.ടി നിയമത്തില്‍ വിശദീകരണം തേടിയത്.

സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകള്‍ക്കും ഡിജിറ്റല്‍ ന്യൂസ് ഔട്ട്‌ലെറ്റുകള്‍ക്കും ബാധകമായ പുതിയ ഐ.ടി നയം മേയ് മാസത്തിലാണ് പ്രാബല്യത്തില്‍ വന്നത്. ഇന്റര്‍മീഡിയറി ഗൈഡ്ലൈന്‍സ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ് എന്നറിയപ്പെടുന്ന ചട്ടങ്ങള്‍ ഫെബ്രുവരിയിലാണ് പ്രഖ്യാപിച്ചത്.

കടുത്ത നിയന്ത്രണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ചട്ടങ്ങള്‍ പ്രകാരം സര്‍ക്കാര്‍ സമൂഹ മാധ്യമങ്ങളോട് പരാതി പരിഹാര സംവിധാനം രൂപീകരിക്കാനും അതിന്റെ ഭാഗമായി ഒരു പരാതി പരിഹാര ഉദ്യോഗസ്ഥനെയും നോഡല്‍ ഉദ്യോഗസ്ഥനെയും നിയമിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഉപയോക്താക്കളില്‍ നിന്ന് ലഭിച്ച പരാതികളും അവയ്ക്ക് സ്വീകരിച്ച നടപടികളും ഉള്‍പ്പെടെ ഇലക്ട്രോണിക്‌സ്, ഐ. ടി വകുപ്പ് മന്ത്രാലയത്തിന് പ്രതിമാസം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഈ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

പുതിയ ചട്ടങ്ങള്‍ പ്രകാരമുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ വന്നാല്‍ ഐ.ടി നിയമത്തിലെ സെക്ഷന്‍ 79 പ്രകാരം സമൂഹ മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്ന പരിരക്ഷ നഷ്ടപ്പെടും.

Share
അഭിപ്രായം എഴുതാം