പത്തനംതിട്ട: കുമ്പഴ മത്സ്യ മാര്‍ക്കറ്റ് ആധുനീകവത്കരണം പ്രദേശത്തിന്റെ മുഖഛായ മാറ്റും: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട: കുമ്പഴ മത്സ്യ മാര്‍ക്കറ്റിന്റെ ആധുനീകവത്കരണം പ്രദേശത്തിന്റെ മുഖഛായ മാറ്റുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മത്സ്യ മാര്‍ക്കറ്റിന്റെ നിര്‍മാണത്തോട് അനുബന്ധിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് കുമ്പഴ ലിജോ ഓഡിറ്റോറിയത്തില്‍ പത്തനംതിട്ട നഗരസഭയിലെ ജനപ്രതിനിധികള്‍, മത്സ്യ വ്യാപാരികള്‍ എന്നിവരെ പങ്കെടുപ്പിച്ച് നടത്തിയ യോഗത്തില്‍ നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു മന്ത്രി. 
2.20 കോടി രൂപാ ചെലവില്‍ കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തിലാണ് മത്സ്യമാര്‍ക്കറ്റ് നിര്‍മിക്കുന്നത്. ഇതിന്റെ ഭരണാനുമതി, സാങ്കേതികാനുമതി, ധനാനുമതി എന്നിവ ലഭ്യമായതായും നഗരസഭയുടേയും മത്സ്യവ്യാപാരികളുടേയും താത്പര്യംകൂടി പരിഗണിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാകും നടത്തുകയെന്നും മന്ത്രി പറഞ്ഞു. എത്രയും വേഗത്തില്‍ കുമ്പഴ മാര്‍ക്കറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് പദ്ധതി തയാറാക്കുന്നത്. ഇത് പ്രകാരം ടെന്‍ഡര്‍ നടപടികള്‍ ആ

രംഭിക്കുമെന്നും നവംബറോടെ ആധുനീക മാര്‍ക്കറ്റ് നിര്‍മാണം തുടങ്ങാനാണ് പദ്ധതിയെന്നും മന്ത്രി പറഞ്ഞു.  

ഹോള്‍സെയില്‍ യാഡ്, വേസ്റ്റേജ് ട്രീറ്റ്മെന്റ്പ്ലാന്റ്, ഡ്രൈയിനേജ് സൗകര്യം, മത്സ്യ വ്യപാരികള്‍ക്കായി വിശ്രമമുറി, ശുചിമുറികള്‍ തുടങ്ങിയ ആധുനീക സൗകര്യങ്ങളോടെയാകും മാര്‍ക്കറ്റ് നിര്‍മിക്കുക. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ശ്രമഫലമായാണ് കുമ്പഴ മത്സ്യമാര്‍ക്കറ്റിനെ ആധുനികവല്‍ക്കരിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. എല്ലാ വ്യാപാരികളുടേയും താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള ആധുനീക മാര്‍ക്കറ്റ് നിര്‍മാണ പദ്ധതിയാകും കുമ്പഴയില്‍ നടപ്പാക്കുകയെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

വെന്‍ഡിംഗ് ഏരിയയുടെ പ്രവര്‍ത്തനം തടസപ്പെടാത്ത രീതിയില്‍ നഗരസഭ കൗണ്‍സിലിന്റെ അംഗീകാരത്തോടെ നിലവിലുള്ള കെട്ടിടം പൊളിച്ചു നീക്കി ചെറുകിട മത്സ്യ വ്യാപാരികള്‍ക്കുള്ള സ്റ്റാളുകള്‍ കൂടി നിര്‍മിക്കുമെന്നും നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു. വെന്‍ഡിംഗ് ഏരിയ നഷ്ടപെടാതെ വേണം മാര്‍ക്കറ്റില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്ന് യോഗത്തില്‍ മത്സ്യ വ്യാപാരികള്‍ ആവശ്യം ഉന്നയിച്ചു. നഗരസഭാ കൗണ്‍സിലര്‍മാരായ ലാലി രാജു, എ.അഷറഫ്, ആമിനാ ഹൈദരാലി, സുജാ അജി, ഇന്ദിരാ മണിയമ്മ, അംബികാ വേണു, ജെറി അലക്സ്, സിപിഎം ഏരിയ സെക്രട്ടറി സജികുമാര്‍, ഉദ്യോഗസ്ഥര്‍, മത്സ്യ വ്യാപാരികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 

Share
അഭിപ്രായം എഴുതാം