എബോള പോലെ ഭീകരൻ; എന്താണ് മാർബർഗ് വൈറസ്

ഡൽഹി: പടിഞ്ഞാറൻ ആഫ്രിക്കയിൽ മാർബർഗ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന ആഗസ്ത് 8 ന് സ്ഥിരീകരിച്ചിരുന്നു. ‘എംവിഡി’ എന്ന ചുരുക്കപ്പേരുള്ള മാർബർഗ് വൈറസ് രോഗം യഥാർത്ഥത്തിൽ എന്താണ് ? ഈ വൈറസ് എത്രത്തോളം ഭീകരനാണ് ?

പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗിനിയയിൽ രോഗം ബാധിച്ച വ്യക്തി മരണത്തിന് കീഴടങ്ങിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.

എബോളയെപ്പോലെ, മാർബർഗ് വൈറസും വളരെ വേഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രക്തസ്രാവത്തോടു കൂടിയ ഒരു പനിയാണ്.

‘റൗസറ്റസ് ബാറ്റ്’ എന്ന പഴം തീനി വവ്വാലാണ് വൈറസ് വാഹകർ. ഇത്തരം വവ്വാലുകൾ താമസിക്കുന്ന ഗുഹകളിലോ ഖനികളിലോ ദീർഘനേരം ചെലവിടുന്ന മനുഷ്യരിലാണ് മുൻപ് എംവിഡി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്.

മാർബർഗിൻ്റെ ചരിത്രം :
മാർബർഗും എബോള വൈറസും ‘ഫിലോവിരിഡേ’ വൈറസ് കുടുംബത്തിലെ (ഫിലോവൈറസ്) അംഗങ്ങളാണ്. 1967 ൽ ജർമ്മനിയിലെ മാർബർഗിലും ഫ്രാങ്ക്ഫർട്ടിലും സെർബിയയിലെ ബെൽഗ്രേഡിലും ഒരേസമയത്ത് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. അങ്ങനെയാണ് വൈറസിന് മാർബർഗ് വൈറസ് എന്ന പേരു വന്നത്. ഉഗാണ്ടയിൽ നിന്ന് ഇറക്കുമതി ചെയ്ത ഒരു പ്രത്യേകതരം ആഫ്രിക്കൻ കുരങ്ങുകളെ ഉപയോഗിച്ചുള്ള ചില ലബോറട്ടറി പരീക്ഷണങ്ങളെ തുടർന്നായിരുന്നു രോഗം യൂറോപ്പിലെത്തിയത്.

മാർബർഗ് വൈറസിന്റെ സ്വാഭാവിക ആതിഥേയരാണ് ‘റൗസെറ്റസ്’ വവ്വാലുകൾ. കുരങ്ങുകളും പന്നികളും ഫിലോവൈറസ് അണുബാധയ്ക്ക് വിധേയമാകുന്നതായി പിന്നീട് കണ്ടെത്തി.

മാർബർഗിന്റെ ലക്ഷണങ്ങൾ:

അണുബാധയുണ്ടായ ഒരു വ്യക്തിക്ക് രണ്ട് മുതൽ 21 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകാൻ തുടങ്ങും, പനി, കടുത്ത തലവേദന, ദേഹാസ്വാസ്ഥ്യം എന്നിവയാകും ആദ്യ ലക്ഷണങ്ങൾ. കടുത്ത പേശിവേദന, വയറുവേദന, ജലദോഷം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ തുടർന്ന് പ്രത്യക്ഷപ്പെടുന്നു.

കഠിനമായ രക്തസ്രാവ ലക്ഷണങ്ങൾ 5 മുതൽ 7 ദിവസത്തിനുള്ളിൽ പ്രത്യക്ഷപ്പെടുന്നു. ഛർദ്ദിയിലൂടെയും മലത്തിലൂടെയും രക്തം പോകുന്നതിനു പുറമേ രോഗിയുടെ മോണ, മൂക്ക്, ജനനേന്ദ്രിയം എന്നിവയിലൂടെ പോലും രക്തസ്രാവമുണ്ടാകാം. രോഗത്തിന്റെ പിന്നീടുള്ള ഘട്ടത്തിൽ, രണ്ട് വൃഷ്ണങ്ങളുടെയും വീക്കം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്ര നാഡീവ്യൂഹത്തിന്റെ തകരാറും റിപ്പോർട് ചെയ്തിട്ടുണ്ട്. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട് 8 മുതൽ 9 ദിവസങ്ങൾക്കിടയിലാണ് മിക്കപ്പോഴും മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 88 ശതമാനമാണ് മരണ നിരക്ക്.

Share
അഭിപ്രായം എഴുതാം