കൊല്ലം: ട്രഷറി സംവിധാനം കൂടുതല്‍ ആധുനീകരിക്കും-മന്ത്രി കെ. എന്‍. ബാലഗോപാല്‍

കൊല്ലം: സംസ്ഥാനത്തെ ട്രഷറി സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ആധുനീകരണം വിപുലീകരിക്കും എന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍. ശാസ്താംകോട്ടയിലെ പുതിയ സബ്ട്രഷറി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിസ്ഥാനസൗകര്യ വികസനത്തോടൊപ്പം ഇടപാടുകള്‍ വേഗത്തിലാക്കി പുതിയ തലമുറ ബാങ്കുകളോട് കിടപിടിക്കത്തക്ക രീതിയിലേക്ക് പരിഷ്‌കരണം നടത്തുകയാണ്. ട്രഷറി അക്കൗണ്ടില്‍ നിന്ന് ഓണ്‍ലൈനായി മറ്റേത് അക്കൗണ്ടിലേക്കും പണമിടപാടുകള്‍ നടത്താനുള്ള സൗകര്യവും ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ശാസ്താംകോട്ട കായല്‍ സംരക്ഷണത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അധ്യക്ഷനായി. ശാസ്താംകോട്ടയിലെ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിനായി 12 കോടി രൂപ ഭരണാനുമതി കിട്ടിയതായും ഡി.വൈ.എസ്.പി. ഓഫീസിന്റെ പുതിയ കെട്ടിട നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു.

പുതിയ സബ്ട്രഷറി നിര്‍മ്മാണത്തിന് 2.19 കോടി രൂപയാണ് വിനിയോഗിച്ചത്. ജില്ലാ പഞ്ചായത്തംഗം ഡോ.പി.കെ.ഗോപന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അന്‍സാര്‍ ഷാഹി, പഞ്ചായത്ത് പ്രസിഡന്റ് ആര്‍.ഗീത, ബ്ലോക്ക് പഞ്ചായത്തംഗം തുണ്ടില്‍ നൗഷാദ്, ഗ്രാമപഞ്ചായത്ത് അംഗം എം.രജനി, ട്രഷറി ഡയറക്ടര്‍ എ.എം. ജാഫര്‍, ജില്ലാ ട്രഷറി ഓഫീസര്‍ യു.എച്ച്.സജി, സബ് ട്രഷറി ഓഫീസര്‍ രാജശ്രീ എല്‍., രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം