ഇസ്രായേല്‍ നിര്‍മിത സ്‌പൈ വെയറായ പെഗാസസ് ഇന്ത്യയിലെ ഉന്നതരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തി; ചോർത്തപ്പെട്ടവരിൽ രണ്ട് കേന്ദ്ര മന്ത്രിമാരുടെ ഫോണുകളും

ന്യൂഡൽഹി: ഇസ്രായേല്‍ നിര്‍മിത സ്‌പൈ വെയറായ പെഗാസസ് ഇന്ത്യയിലെ ഉന്നതരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോർട്ട്. രണ്ട് കേന്ദ്ര മന്ത്രിമാര്‍, ഒന്നിലധികം പ്രതിപക്ഷ നേതാക്കള്‍, സുപ്രീം കോടതി ജഡ്ജി എന്നിവരുടെ വിവരങ്ങളാണ് ചോര്‍ത്തിയതെന്നാണ് പ്രാഥമിക വിവരം. 40 മാധ്യമപ്രവർത്തകരുടെ ഫോണ്‍ വിവരങ്ങളും ചോർത്തിയെന്ന് റിപ്പോർട്ടുണ്ട്. ഇവരുടെ പേരു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും.

സ്പൈവെയർ നിരീക്ഷണത്തിലുള്ള ജഡ്ജി ഇപ്പോഴും ഹാക്ക് ചെയ്യപ്പെട്ട ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. അന്താരാഷ്ട്ര മാധ്യമങ്ങളായ ഗാര്‍ഡിയന്‍, വാഷിംഗ്ടണ്‍ പോസ്റ്റ് എന്നീ മാധ്യമങ്ങളാണ് വിവരങ്ങള്‍ പുറത്തു വിട്ടത്. ഇന്ത്യാ ടുഡേ, ഇന്ത്യന്‍ എക്‌സ്പ്രസ്, ദ ഹിന്ദു, ന്യൂസ് 18 തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിലെ ജേര്‍ണലിസ്റ്റുകളുടെ വിവരങ്ങളാണ് ചോര്‍ന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഷിഷിര്‍ ഗുപ്ത, ദ വയറിലെ ജേര്‍ണലിസ്റ്റുകളായ സിദ്ധാര്‍ത്ഥ് വരദരാജ്, എം.കെ വേണു. രോഹിണി സിംഗ്, മലയാളി ജേര്‍ണലിസ്റ്റായ ജെ ഗോപികൃഷ്ണന്‍ തുടങ്ങിയവരുടെ ചോർത്തപ്പെട്ടവരുടെ പട്ടികയിലുണ്ട്.

മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് വിഷയത്തില്‍ ആരോപണവുമായി ഇന്ന് രംഗത്ത് വന്നത്. നരേന്ദ്ര മോദി മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിമാര്‍, ആര്‍എസ്എസ് നേതാക്കള്‍, സുപ്രീം കോടതി ജഡ്ജിമാര്‍, പ്രമുഖ പത്രപ്രവര്‍ത്തകര്‍ എന്നിവരുടെ ഫോണുകള്‍ ചോര്‍ത്തിയിട്ടുണ്ടെന്നായിരുന്നു ആരോപണം. ഇസ്രായേലിലെ തെല്‍ അവീവ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ എന്‍എസ്ഒയുടെ ഉടമസ്ഥതയിലാണ് പെഗാസസ് സ്പൈ വെയര്‍. തീവ്രവാദ പ്രവര്‍ത്തനങ്ങളെയും കുറ്റകൃത്യങ്ങളെയും പ്രതിരോധിക്കാന്‍ വിവിധ രാജ്യങ്ങള്‍ക്ക് സഹായം നല്‍കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നാണ് കമ്പനിയുടെ അവകാശ വാദം.

2019 മെയ് മാസത്തിലാണ് വാട്സാപ്പിൽ സുരക്ഷാ വീഴ്ച്ചയുണ്ടാവുകയും നിർണായക വിവരങ്ങൾ ചോർത്തപ്പെട്ടുവെന്നും വാർത്ത പുറത്തുവരുന്നത്. അന്ന് നിർണായക സ്ഥാനങ്ങളിലുള്ള സൈനിക ഉദ്യോ​ഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും വിവരങ്ങൾ ചോർത്തപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കേന്ദ്ര മന്ത്രിസഭയെ മാത്രം ചുറ്റിപ്പറ്റി മാത്രമല്ല ചോർത്തൽ നടന്നിരിക്കുന്നതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ. പ്രതിപക്ഷ നിർണാക നേതാക്കളുടെ വിവരങ്ങളും ചോർന്നതായി ആരോപണമുയരുന്നുണ്ട്.

അംഗീകൃത സ‌ർക്കാ‌ർ ഏജൻസികൾക്ക് മാത്രമേ സോഫ്റ്റ് വയ‌ർ വിൽക്കാറുള്ളൂവെന്നും ഭീകരവാദവും കുറ്റകൃത്യങ്ങളും തടയാനാണ് പെഗാസസ് തയ്യാറാക്കിയതെന്നും കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് പൂർണമായും വിശ്വാസത്തിലെടുക്കാനും കഴിയില്ല. സമീപകാലത്ത് ലോകത്ത് നടന്ന സൈബർ ആക്രമണങ്ങൾ സൈനിക ലക്ഷ്യങ്ങൾ മുൻനിർത്തി മാത്രമല്ല, രാഷ്ട്രീയ എതിരാളികളുടെ വിവരങ്ങൾ ചോർത്തുന്നതും സ്ഥിര സംഭവമാണ്.

Share
അഭിപ്രായം എഴുതാം