പത്തനംതിട്ട: ഭിന്നശേഷിക്കാര്‍ക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിന് ധനസഹായം; മാതൃജ്യോതി പദ്ധതിയിലേക്ക് അപേക്ഷിക്കാം

പത്തനംതിട്ട: ഭിന്നശേഷിക്കാരായ സ്ത്രീകള്‍ക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനായി പ്രതിമാസം 2000 രൂപ വീതം രണ്ടുവര്‍ഷം വരെ ധനസഹായം അനുവദിക്കുന്ന മാതൃജ്യോതി പദ്ധതിയിലേക്ക് അപേക്ഷിക്കാം. ആര്‍പിഡബ്ല്യുഡി ആക്ട് അനുശാസിക്കുന്ന 21 തരം വൈകല്യ ബാധിതര്‍ക്ക് ആനുകൂല്യം ലഭിക്കും. 

നിര്‍ദ്ദിഷ്ട ഫോറത്തില്‍ ആവശ്യമായ രേഖകള്‍ സഹിതം പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. പ്രസവശേഷം ആശുപത്രിയില്‍ നിന്നുള്ള ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ്, വൈകല്യം സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഗുണഭോക്താവിന്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. ഒരാള്‍ക്ക് പരമാവധി രണ്ടു തവണ മാത്രമേ ആനുകൂല്യം അനുവദിക്കുകയുള്ളൂ. ഗുണഭോക്താവ് സ്ഥിരതാമസമാക്കിയിട്ടുള്ള ജില്ലയില്‍ വേണം അപേക്ഷ സമര്‍പ്പിക്കേണ്ടത്. ദമ്പതികള്‍ രണ്ടുപേരും വൈകല്യബാധിതരാണെങ്കില്‍ മുന്‍ഗണന ലഭിക്കും. ഇത്തരം അപേക്ഷകളില്‍ രണ്ടു പേരുടെയും മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. (ഭര്‍ത്താവിന്റെ വൈകല്യശതമാനം 40% ന് മുകളില്‍ ആയിരിക്കണം).

കുട്ടിക്കും വൈകല്യം ഉണ്ടെങ്കില്‍ പീഡിയാട്രീഷന്‍ നല്‍കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗണന നല്‍കും. മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി വിഭാഗത്തില്‍ ഡെഫ് ബ്ലൈന്‍ഡ്‌നസിന് ആദ്യ പരിഗണനയും ഇന്റലക്ച്വല്‍ ഡിസബിലിറ്റി തരങ്ങള്‍ക്ക് രണ്ടാം പരിഗണനയും നല്‍കും. ആകെ 100 പേര്‍ക്ക് മാത്രമാണ് ഒരു വര്‍ഷം വിപുലീകരിച്ച പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പത്തനംതിട്ട ജില്ല സാമൂഹ്യനീതി ഓഫീസില്‍ നിന്നും അറിയാം. ഫോണ്‍: 0468 2325168.

Share
അഭിപ്രായം എഴുതാം