പാലക്കാട്: പ്രതിരോധ കുത്തിവെപ്പ് : ഊർജിതമാക്കി മൃഗസംരക്ഷണ വകുപ്പ്

പാലക്കാട്: കേരള -തമിഴ്നാട് അതിർത്തിയായ ആനക്കട്ടി വന മേഖലയിൽ കാട്ടാന ആന്ത്രാക്സ് ബാധിച്ച് ചരിഞ്ഞ  സാഹചര്യത്തിൽ മേഖലയിൽ മൃഗസംരക്ഷണ വകുപ്പ് ആന്ത്രാക്സ് രോഗ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. ഇതിന്റെ ഭാഗമായി ഷോളയൂർ പഞ്ചായത്തിലെ നാലാം വാർഡിൽ വളർത്തു മൃഗങ്ങൾക്ക് കുത്തിവെപ്പ് എടുത്തു. നിലവിൽ 62 പശുക്കൾ, 87 ആടുകൾ എന്നിവയ്ക്കാണ് കുത്തിവെപ്പ് എടുത്തത്. പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഈ മേഖലയിൽ ഫ്ലൈ റിപ്പല്ലന്റ് സ്പ്രേ ചെയ്ത് മൃഗങ്ങളെ അണുവിമുക്തമാക്കുകയും ജനങ്ങൾക്ക് ബോധവത്ക്കരണ ക്ലാസ് നൽകുകയും ചെയ്തു.

മൂന്നാഴ്ചയോളം കന്നുകാലികളെ കാട്ടിലേക്ക് മേയാൻ വിടുന്നത് നിർത്തി വെയ്ക്കാൻ ഉടമകൾക്ക് നിർദേശം നൽകിയതായി മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ചെക്ക് പോസ്റ്റുകളിലൂടെ വരുന്ന ഉരുക്കളെ കർശനമായി നിരീക്ഷിക്കാനും ഉരുക്കൾക്ക് പെട്ടെന്ന് മരണം സംഭവിക്കുകയാണെങ്കിൽ സ്ഥലത്തെ വെറ്റിനറി ഡോക്ടറെ അറിയിച്ച് ആന്ത്രാക്സ് അല്ലെന്നു ഉറപ്പു വരുത്തിയ ശേഷം മാത്രം സംസ്കരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു. ഡോക്ടർ മരിയ ലൂക്കോസ്, ഡോക്ടർ നവീൻ എന്നിവർ രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Share
അഭിപ്രായം എഴുതാം