ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രി അത്യാധുനിക നിലവാരത്തിലേക്ക് – കിഫ്ബിയില്‍ നിന്ന് 45.70 കോടി രൂപ വകയിരുത്തി നിര്‍മ്മാണം

ആലപ്പുഴ: അത്യാധുനിക സൗകര്യങ്ങള്‍ ഉള്‍പ്പടെ സജ്ജമാക്കി കായംകുളം താലൂക്ക് ആശുപത്രി ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നു. കിഫ്ബിയില്‍ നിന്നും 45.70 കോടി രൂപ വിനിയോഗിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് അഡ്വ.യു. പ്രതിഭ എം.എല്‍.എ. അറിയിച്ചു.

1,40,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ അഞ്ച് നിലകളായാണ് പുതിയ കെട്ടിട സമുച്ചയങ്ങള്‍ നിര്‍മിക്കുന്നത്. 150 കിടക്കകളോടെയുള്ള കിടത്തി ചികത്സ സംവിധാനങ്ങള്‍, 16 പേവാര്‍ഡുകള്‍, മേജര്‍ ഔട്ട് പേഷ്യന്റ് വിഭാഗം, ലബോറട്ടറി സംവിധാനങ്ങള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, മൂന്ന് മോഡുലാര്‍ ഓപ്പറേഷന്‍ തീയേറ്ററുകള്‍, സെമിനാര്‍ ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍, ഡൈനിംഗ് ഹാള്‍, പവര്‍ ലോണ്‍ട്രി, ഡയാലിസിസ് യൂണിറ്റ്, തീവ്രപരിചരണ വിഭാഗങ്ങള്‍, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്, ചുറ്റുമതില്‍, സെക്യൂരിറ്റി ക്യാബിന്‍, അഗ്‌നി രക്ഷാ ഉപകരണങ്ങള്‍, സി.സി.ടി.വി. യൂണിറ്റുകള്‍, ലിഫ്റ്റ് സൗകര്യം, ജനറേറ്ററുകള്‍, ലാന്റ് സ്‌കേപ്പിംഗ്, അത്യാധുനിക ആശുപത്രി ഉപകരണങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ പുതിയ കെട്ടിടങ്ങളില്‍ ഉണ്ടാകും. സംസ്ഥാന ഭവന ബോര്‍ഡ് കോര്‍പ്പറേഷനാണ് നിര്‍വ്വഹണ ഏജന്‍സി.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പഴയ കെട്ടിടങ്ങള്‍ ഉടന്‍ പൊളിച്ചു മാറ്റും. ഇതുമൂലം പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കും. പൊളിച്ച് മാറ്റപ്പെടുന്ന കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന വകുപ്പുകള്‍ താത്കാലികമായി പുതിയ ഒ.പി ബ്ലോക്കിന്റെ ടെറസ്സിലേക്ക് മാറ്റും. കിഫ്ബിയില്‍ നിന്നും 17 ലക്ഷം രൂപ ചെലവഴിച്ചാണ് ഇതിനാവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്നത്.

ആഡ്വ.യു.പ്രതിഭ എം.എല്‍.എ.യുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്, ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ഉദ്യോഗസ്ഥര്‍, നിര്‍വ്വഹണ ഏജന്‍സി, കരാറുകാര്‍ എന്നിവരുടെ അടിയന്തര യോഗം ചേര്‍ന്നിരുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.വി.ആര്‍. രാജു, ആരോഗ്യ വകുപ്പ് പ്രോജക്ട് കണ്‍സള്‍ട്ടന്റ് ശ്രീകണ്ഠന്‍ നായര്‍, ഡപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.അനു വര്‍ഗ്ഗീസ് എന്നിവര്‍ ആശുപത്രി സന്ദര്‍ശിച്ചു. ടെസ്റ്റ് പയലിംഗ് പ്രവൃത്തികള്‍ ഒരു മാസത്തിനുള്ളില്‍ ആരംഭിക്കും.

Share
അഭിപ്രായം എഴുതാം