എറണാകുളം: അൻപതിനായിരം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

എറണാകുളം : മഞനക്കാട് ബോട്ട്  ജെട്ടിയിൽ 50,000 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പദ്ധതിയുടെ ഉദ്ഘാടനം വൈപ്പിൻ എം എൽ എ കെ.എൻ ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. കാലാവസ്ഥ വ്യതിയാനം, മലിനീകരണം, അമിത ചൂഷണം  തുടങ്ങി വിവിധ കാരണങ്ങൾമൂലം മത്സ്യസമ്പത്തിനുണ്ടാകുന്ന ശോഷണം ലഘൂകരിക്കാനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനം ഉറപ്പാക്കാനുമുള്ള നടപടികളാണ് സർക്കാർ ആവിഷ്‌കരിച്ചു ഫലപ്രദമായി നടപ്പാക്കുന്നത്. തീരദേശമണ്ഡലമായ വൈപ്പിൽ ഫിഷറീസ് വകുപ്പിന്റെ പദ്ധതിനടത്തിപ്പിന്  പ്രത്യേക പരിഗണന നൽകുമെന്ന് എംഎൽഎ  പറഞ്ഞു.

ഫിഷറീസ് വകുപ്പ് കാലാവസ്ഥയിലെ വ്യതിയാനം, ജല മലിനീക രണം, അമിത ചൂഷണം, മത്സ്യരോഗങ്ങള്‍എന്നീ കാരണങ്ങളാല്‍ പുഴയില്‍ മത്സ്യലഭ്യത  കുറഞ്ഞു വരുന്ന സാഹചര്യര്യത്തില്‍പുഴയെ ആശ്രയിച്ചു ജീവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമേകാന്‍ ദ്രുതഗതിയില്‍ വളരുന്ന മത്സ്യ കുഞ്ഞുങ്ങളെ പൊതുജലാശയങ്ങളില്‍ നിക്ഷേപിച്ച് ഉള്‍നാടന്‍ മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പൊതു ജലാശയങ്ങളില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതി  നടപ്പിലാക്കുന്നത്.

ഞാറക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ടി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എം ബി ഷൈനി, ഗ്രാമ പഞ്ചായത്ത് അംഗം എൻ എ ജോർജ്, ഫിഷറീസ് മേഖലാ ഡെപ്യൂട്ടി ഡയറക്‌ടർ കെ നൗഷർഖാൻ,  ജൂനിയർ സൂപ്രണ്ട് പി സന്ദീപ്  , മറ്റു ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു. 

Share
അഭിപ്രായം എഴുതാം