കൃഷി ഭൂമിയോട് ചേർന്ന് വൈദ്യുതി ലൈൻ വലിച്ചിട്ട് കർഷകർ എങ്ങിനെ ഉത്തരവാദിയാകും?

കൃഷി ഭൂമിയോട് ചേർന്ന് ചിലന്തി വല കെട്ടുന്നത് പോലെ ഇലക്ട്രിക് ലൈൻ വലിച്ചിട്ട് അതിൽ വൃക്ഷ വിളകൾ വീണ് അപകടമുണ്ടായാൽ കർഷകർ നഷ്ടം നൽകണം എന്നാണ് ഇലക്ട്രിസിറ്റി ബോർഡിൻറെ പുതിയ തത്വം. മുൻപ് ഉണ്ടാക്കിയ നിയമത്തിൻറെ പിൻബലത്തിൽ തോന്നിയപോലെ ചട്ടങ്ങൾ ഉണ്ടാക്കുന്നത് കർഷകനെതിരാണെങ്കിൽ ഒരു പ്രതികരണവും ഉണ്ടാകില്ല എന്ന ഉറപ്പിലാണ് ഉദ്യോഗസ്ഥരുടെ തോന്ന്യാസം.

ഏറ്റവും ജനസാന്ദ്രമായ കേരളത്തിൽ ഭൂമിക്ക് അടിയിലൂടെ കേബിൾ വലിച്ച് വൈദ്യുതിവിതരണം നടത്തേണ്ട കാലം എന്നേ കഴിഞ്ഞതാണ്. 30% പ്രസരണനഷ്ടം ഇല്ലാതായാൽ ഉള്ള വാർഷിക ലാഭം മതി. അതിന് വേണ്ടത് ചെയ്യില്ല. വേണ്ടാത്തത് ജനങ്ങളെക്കൊണ്ട് തീറ്റിക്കും.അതാണ് ബ്യൂറോക്രസിയുടെ പ്രകൃതം.

കർഷകർക്കെതിരെയുള്ള നീക്കങ്ങളിൽ കെ.എസ്.ഇ.ബി.യും. വനം, പരിസ്ഥിതി, റവന്യു വകുപ്പുകളുടെ വിവിധ ദ്രോഹപ്രവർത്തനങ്ങൾക്കൊപ്പമാണ് അണ്ണാർക്കണ്ണനും തന്നാലായത് എന്നപോലെ കേരളസംസ്ഥാന വൈദ്യുതി വകുപ്പിന്റെ നീക്കം.

വൈദ്യുതി ലൈനിൽ കൃഷിഭൂമിയിലെ മരങ്ങൾ വീണ് ഉണ്ടാകുന്ന തകരാറുകളുടെ നഷ്ടം കർഷകനിൽ നിന്ന് ഈടാക്കാനാണ് നീക്കം.

കൃഷിഭൂമിയോട് ചേർന്ന് പാതയോരത്തുകൂടിയാണ് മിക്ക വൈദ്യുതി ലൈനുകളും കടന്നുപോകുന്നത്. ലൈനിനോടു ചേർന്നുനിൽക്കുന്ന മരങ്ങളോ അതിന്റെ ചില്ലയോ വെട്ടിനീക്കണമെങ്കിൽ കെ.എസ്.ഇ.ബോർഡിന്റെ സഹായം കർഷകർക്ക് ആവശ്യമുണ്ട്. ലൈൻ ഓഫാക്കികിട്ടുന്നതിനും ചിലസാഹചര്യങ്ങളിൽ അഴിച്ചു മാറ്റികിട്ടുന്നതിനും അപേക്ഷ നൽകിയാലും യഥാസമയം നടപടികൾ ഉണ്ടാകാറില്ല.

വർഷംതോറും മഴക്കാലത്തിനുമുമ്പ് ടച്ചുവെട്ടെന്ന നടപടി ബോർഡ് നടത്താറുണ്ട്. ഈ സമയം കർഷകരെ മുൻകൂട്ടി അറിയിക്കുകയാണെങ്കിൽ കാർഷിക ആവശ്യത്തിനുവേണ്ടിയുള്ള മരങ്ങൾ മുറിച്ചുമാറ്റി യഥേഷ്ടം കൃഷി ചെയ്യാൻ കഴിയും.

എന്നാൽ ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്ന പരിപാടി നടത്തുമ്പോൾ ഇത്തരം കാര്യങ്ങൾ ബോർഡ് ശ്രദ്ധിക്കുകയോ ബന്ധപ്പെട്ട ജീവനക്കാർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയോ ചെയ്യാറില്ല.

ബോർഡിന്റെ ഇത്തരം അനാസ്ഥകളുടെ ശിക്ഷ കർഷകർ അനുഭവിക്കണം എന്നാണ് ഇപ്പോഴത്തെ തീരുമാനം.

വിവിധ സർക്കാർ വകുപ്പുകളും കപട പരിസ്ഥിതി വാദികളും ശത്രുതാ മനോഭാവത്തോടെ കർഷകദ്രോഹ നടപടികൾ ആവർത്തിക്കുന്നതിനിടയിലാണ് കെ.എസ്. ഇ.ബി.യുടെ വക പ്രഹരവും ഉണ്ടായിരിക്കുന്നത്.

വനംവകുപ്പ് ആണ് കർഷകദ്രോഹത്തിൽ ഏറ്റവും മുമ്പിൽ നിൽക്കുന്നത്.

വനാതിർത്തിയിലെ കർഷകർക്ക് വന്യജീവി കളുടെ ഉപദ്രവംമൂലം കൃഷി ചെയ്ത് ജീവിക്കാനാകാത്ത സ്ഥിതിയാണുള്ളത്. കൃഷി സംരക്ഷണത്തിന്റെഭാഗമായി കർഷകർ നടപ്പിലാക്കുന്ന സുരക്ഷാക്രമീകരണങ്ങൾ കൃഷിഭൂമിയിൽ പ്രവേശിക്കുന്ന വന്യജീവികളെ ബാധിച്ചാൽ ഒരിക്കലും രക്ഷപെടാനാകാത്തതുപോലുള്ള കേസ്സുകളിൽ കുരുക്കുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ചെയ്യുന്നതെന്ന ആക്ഷേപം കർഷകർക്കുണ്ട്.

ഇപ്പോൾ കെ.എസ്.ഇ.ബി.യും ഇക്കാര്യത്തിൽ വനംവകുപ്പിനോട് കൈകോർക്കുകയാണ്.

ലേഖകൻ കർഷക പ്രസ്ഥാനമായ നീതി സേനയുടെ പ്രധാന സംഘാടകനാണ്. ഫോൺ :9400779459

Share
അഭിപ്രായം എഴുതാം