ആലപ്പുഴ: നോപാർക്കിംഗിൽ വാഹനം നിർത്തിയവർക്കെതിരെ നടപടി

ആലപ്പുഴ: ജില്ലയിൽ ഫുട്പാത്തിലും നോപാർക്കിംഗ് ഏരിയകളിലും പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടികളെടുത്തു മോട്ടോർ വാഹന വകുപ്പ്. കേരളാ ഹൈക്കോടതിയുടെ നിർദേശപ്രകാരമായുരുന്നു പരിശോധന. ജില്ലയിൽ എൻഫോഴ്സ്മെൻറ് സ്ക്വാഡ് (സേഫ് കേരളാ) നടത്തിയ വാഹന പരിശോധനയിൽ നോ പാർക്കിംഗ് ഏരിയകളിൽ പാർക്ക് ചെയ്തിരുന്ന 55 വാഹനങ്ങൾക്കെതിരെയും സീബ്രാ ക്രോസിംഗിൽ പാർക്ക് ചെയ്ത 16 വാഹനങ്ങൾക്കെതിരെയും നടപടിയെടുത്തു. 17,750 രൂപാ പിഴയീടാക്കി. പ്രായപൂർത്തിയാകാത്തവർ കൂടുതലായി വാഹനങ്ങൾ ഓടിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കുട്ടി ഡ്രൈവർമാർക്കെതിരെ ശക്തമായ നിയമ നടപടികൾ ഉണ്ടാകും. പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ രക്ഷകർത്താക്കളോ വാഹന ഉടമയോ 25,000 രൂപാ ഫൈൻ അടക്കേണ്ടതും അല്ലെങ്കിൽ രണ്ട് വർഷം ജയിൽ ശിക്ഷ അനുഭവിക്കേണ്ടതുമാണ്. കൂടാതെ വാഹനത്തിന്റെ രജിസ്ട്രേഷൻ ഒരു വർഷത്തേക്ക് മരവിപ്പിക്കുകയും കുട്ടി ഡ്രൈവർക്ക് 25 വയസ്സ് വരെ ഡ്രൈവിംഗ് ലൈസൻസ് നിഷേധിക്കുന്നതുമാണ്. വരും ദിവസങ്ങളിൽ ജില്ലയിൽ പരിശോധന കർശനമാക്കുമെന്നും എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. പി.ആർ. സുമേഷ് അറിയിച്ചു.

Share
അഭിപ്രായം എഴുതാം