ഫസ്റ്റ് ബെൽ 2:0 ; ഇന്ന് മുതൽ ഓൺലൈൻ ക്ലാസ്സിന് തുടക്കം ; ഇത്രയും നാൾ നടന്നത് ട്രയൽ

സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്കുളുകളില്‍ ഈ അധ്യയന വര്‍ഷത്തെ ഓണ്‍ലൈന്‍ പഠനത്തിന് ഇന്ന് (ജൂണ്‍ 21) മുതല്‍ തുടക്കമാകും. ജൂണ്‍ 2 മുതല്‍ ആരംഭിച്ച മൂന്നാഴ്ചത്തെ ട്രയല്‍ ക്ലാസുകള്‍ക്ക് ശേഷമാണ് ഈ വര്‍ഷത്തെ ഡിജിറ്റല്‍ ക്ലാസ്സുകളുടെ റഗുലര്‍ സംപ്രേക്ഷണം ഇന്ന് മുതല്‍ ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെപോലെ വിക്ടേഴ്സ് ചാനല്‍ വഴിയാണ് ക്ലാസുകള്‍ നടക്കുക.

ക്ലാസ്സുകളും വിശദമായ ടൈംടേബിളും firstbell.kite.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാകുന്നതാണ്. ട്രയല്‍ ക്ലാസുകള്‍ വിജയകരമായി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് റഗുലര്‍ ക്ലാസുകളിലേക്ക് കടക്കുന്നത്. വിക്റ്റേഴ്സ് ചാനലിലെ ക്ലാസുകള്‍ക്ക് പുറമെ അതാത് സ്കൂളുകളില്‍ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കും. ലൈവ് ആപ്പുകള്‍ ഉപയോഗിച്ചാണ് ഓരോ ക്ലാസിനും പ്രത്യേകം ലൈവ് ക്ലാസുകള്‍ നടത്തുക. വിക്റ്റേഴ്സ് ക്ലാസുകളുടെ തുടര്‍ച്ചയായിട്ടാകും ഈ ക്ലാസുകള്‍.

ജൂണ്‍ ഒന്നിനായിരുന്നു അധ്യേയന വര്‍ഷം ഔദ്യോഗികമായി ആരംഭിച്ചത്. തുടര്‍ന്ന് രണ്ടാം തിയതി മുതല്‍ കഴിഞ്ഞ ദിവസം വരെ ഡിജിറ്റല്‍ പഠനത്തിന്റെ ട്രയല്‍ നടക്കുകയായിരുന്നു. ഡിജിറ്റല്‍ ക്ലാസുകള്‍ക്ക് പുറമെ അധ്യാപകരും കുട്ടികളും നേരിട്ട് സംവദിക്കാന്‍ അവസരം നല്‍കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിനുള്ള പ്രവര്‍ത്തനവും കൈറ്റ് ആരംഭിച്ചിട്ടുണ്ടെന്ന് സി.ഇ.ഒ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു. ജൂലൈ മുതല്‍ തന്നെ ഈ സംവിധാനം നടപ്പാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

Share
അഭിപ്രായം എഴുതാം