കോഴിക്കോട്: പൊതുമരാമത്ത് പ്രവൃത്തികളില്‍ പൊതുജനങ്ങളുടെ അഭിപ്രായം പരിഗണിക്കും – മന്ത്രി പി.എ.മുഹമ്മദ് റിയാസ്

കോഴിക്കോട്: സംസ്ഥാനത്തെ റോഡുകള്‍, പാലങ്ങള്‍ തുടങ്ങി പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പദ്ധതി പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ അഭിപ്രായം പരിഗണിക്കുമെന്ന് വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ജില്ലയിലെ നിയമസഭാ മണ്ഡലാടിസ്ഥാനത്തിലുള്ള പൊതുമരാമത്ത് പ്രവൃത്തികളുടെ പുരോഗതി സംബന്ധിച്ച് എംഎല്‍എ മാരുമായി കളക്ടറേറ്റില്‍ ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ജനങ്ങള്‍ കാഴ്ചക്കാരല്ല കാവല്‍ക്കാരാണെന്ന് മന്ത്രി പറഞ്ഞു.  

റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചുള്ള പരാതികളും നിര്‍ദേശങ്ങളും നേരിട്ട് പൊതുമരാമത്ത് വകുപ്പില്‍ അറിയിക്കാനുള്ള അവസരം ഇനി മുതല്‍ ഓരോ വ്യക്തിക്കും ലഭിക്കും.  പൊതുമരാമത്ത് സ്ഥലം കയ്യേറുന്ന പ്രവണത സംസ്ഥാനത്തൊട്ടാകെ കാണുന്നുണ്ട്. വകുപ്പിന്റെ കൈവശമുള്ള സ്ഥലം അളന്നു തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
ദേശീയപാതയില്‍ നല്ലളം ഭാഗത്ത് റോഡരികില്‍ കൂടിയിട്ടിരുന്ന 42 ബസ്സുകള്‍ മാറ്റി കൊണ്ടിരിക്കുകയാണ്. സാമൂഹ്യ വിരുദ്ധരുടെ താവളമായിരുന്ന ഇവിടം വൃത്തിയാക്കി പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാവുന്ന രീതിയില്‍ കംഫര്‍ട്ട് സ്റ്റേഷനും നടപ്പാതയും നിര്‍മ്മിക്കുമെന്ന് മന്ത്രി പറഞ്ഞു. 

ചിലയിടങ്ങളില്‍ കരാറുകാരുടെ അനാസ്ഥ കാരണം പ്രവര്‍ത്തികള്‍ പലതും കാല താമസം വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെതിരെ കര്‍ശനമായ നടപടിയെടുക്കും.  ഉത്തരവാദിത്ത വിനോദസഞ്ചാര മേഖലയ്ക്ക് പ്രാധാന്യം നല്‍കും. ജനങ്ങള്‍ക്ക് തൊഴില്‍ നല്‍ക്കുന്നതിനാവശ്യമായ പദ്ധതികള്‍ നടപ്പിലാക്കും. കേരളത്തില്‍ ഹെല്‍ത്ത് ടൂറിസത്തിന് സാധ്യതയേറെയാണെന്ന് മന്ത്രി പറഞ്ഞു. ആയുര്‍വേദ ചികിത്സക്കും മറ്റുമായി നിരവധി ആളുകള്‍ വിദേശത്തുനിന്നും കേരളത്തിലെത്തുന്ന സാഹചര്യത്തില്‍ ഹെല്‍ത്ത് ടൂറിസത്തിന് പ്രാധാന്യം നല്‍കും. പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share
അഭിപ്രായം എഴുതാം