പട്ടണം ഇനി പച്ച പിടിക്കും പട്ടണത്തില്‍ പച്ചക്കറി കൃഷി പദ്ധതി മേയര്‍ ഉദ്ഘാടനം ചെയ്തു

കൊല്ലം: പട്ടണത്തില്‍ പച്ചക്കറി കൃഷി വ്യാപിപ്പിക്കാന്‍ കൊല്ലം കോര്‍പ്പറേഷന്‍. 2020-21 ജനകീയാസൂത്രണ പദ്ധതി പ്രകാരം രൂപം നല്‍കിയ കൊല്ലം പട്ടണത്തില്‍ പച്ചക്കറി കൃഷി പദ്ധതി മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. താമരക്കുളം സിത്താര സാംസ്‌ക്കാരിക സമിതിയില്‍ നടന്ന ചടങ്ങില്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എസ് ഗീതാകുമാരി അധ്യക്ഷയായി. കൊല്ലം കൃഷിഭവന്‍ പരിധിയില്‍ ഉള്‍പ്പെട്ട 19 ഡിവിഷനുകളിലെ വീടുകളിലാണ് സൗജന്യമായി പച്ചക്കറി തൈകള്‍ വിതരണം ചെയ്യുന്നത്. റസിഡന്‍സ് അസോസിയേഷനുകള്‍, ക്ലബുകള്‍, വായനശാലകള്‍, കര്‍ഷക ഗ്രൂപ്പുകള്‍, മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെ ഒരു വീട്ടില്‍ 25 പച്ചക്കറി തൈകള്‍ വിതരണം  ചെയ്യും. വഴുതന, പച്ചമുളക്, തക്കാളി, വെണ്ട, പയര്‍, അമര, ചീര തുടങ്ങിയവയിലെ അഞ്ചിനത്തിലുള്ള തൈകളാണ് വിതരണം ചെയ്യുന്നത്. ഇത്തരത്തില്‍ ഒരു ഡിവിഷനില്‍ 10,000 തൈകള്‍ വിതരണം ചെയ്യാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ചടങ്ങില്‍ കൃഷി ഓഫീസര്‍ ടി പ്രകാശ് പദ്ധതി വിശദീകരണം നടത്തി. കോര്‍പ്പറേഷന്‍ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ജോസഫ്, കൃഷി അസിസ്റ്റന്റുമാരായ  പ്രമോദ്, സജീവ്, ക്ലബ് സെക്രട്ടറി രതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം