ക്രിസ്തുമസ് പുതുവത്സരം; പരിശോധന കര്‍ശനമാക്കി എക്‌സൈസ്

കണ്ണൂര്‍ : ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് വ്യാജമദ്യത്തിന്റെ ഉല്‍പാദനവും വിതരണവും അനധികൃത മദ്യക്കടത്തും തടയുന്നതിനായി പരിശോധന കര്‍ശനമാക്കി എക്‌സൈസ് വകുപ്പ്. ലഹരി വസ്തുക്കളുടെ വിപണനം റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കാനും ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. കൊവിഡ് പശ്ചാത്തലത്തില്‍ ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് ജില്ലാതല ജനകീയ കമ്മിറ്റി യോഗം ചേര്‍ന്നത്.

ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ ജില്ലയിലെ 437 കള്ളുഷാപ്പുകള്‍ ഉള്‍പ്പെടെ 504 മദ്യഷാപ്പുകളുടെ പരിശോധന പൂര്‍ത്തിയാക്കിയതായി അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. 157 മദ്യസാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. 829 റെയിഡുകള്‍ ഈ കാലയളവില്‍ നടത്തി. മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് 20 സംയുക്ത റെയിഡും സംഘടിപ്പിച്ചു. പുകയില ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട 875 കേസുകളും 162 അബ്കാരി കേസുകളും 45 എന്‍ഡിപിഎസ് കേസുകളും എടുത്തു.  5540 ലിറ്റര്‍ വാഷ്, 554.54 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം, 76.605 ലിറ്റര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മദ്യം, 69 ലിറ്റര്‍ ചാരായം, 44.210 ലിറ്റര്‍ ബിയര്‍, ഒമ്പത് ലിറ്റര്‍ കള്ള്, 186.376 കി. ഗ്രാം പുകയില ഉല്‍പന്നങ്ങള്‍ തുടങ്ങിയവയും ഏഴ് വാഹനങ്ങളും പരിശോധനയില്‍ പിടിച്ചെടുത്തു.

എ ഡി എം ഇപി മേഴ്‌സിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എം അന്‍സാരി ബീഗു, രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/9572/Christmas-celebration.html

Share
അഭിപ്രായം എഴുതാം