ഹാസിറയിലെ റോ-പാക്‌സ് ടെര്‍മിനല്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഹാസിറയിലെ റോ-പാക്‌സ് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യുകയും ഗുജറാത്തിലെ ഹാസിറയ്ക്കും ഗോഖനും ഇടയ്ക്കുള്ള റോ-പാക്‌സ് ഫെറി സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്യുകയും ചെയ്തു. പ്രാദേശിക ഉപയോക്താക്കളോട് അദ്ദേഹം സംവദിക്കുകയും ചെയ്തു. 

കേന്ദ്ര ഷിപ്പിംഗ് മന്ത്രലായത്തിനെ അദ്ദേഹം തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു.

ഹാസിറയ്ക്കും ഗോഖയ്ക്കും ഇടയിലുള്ള റോ-പാക്‌സ് സര്‍വീസ് 10-12 മണിക്കൂര്‍ യാത്രയെ 3-4 മണിക്കൂറായി കുറച്ചതിലൂടെ സൗരാഷ്ട്രയിലേയും ദക്ഷിണ ഗുജറാത്തിലേയും ജനങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഇത് സമയം ലാഭിക്കുകയും അതോടൊപ്പം ചെലവ് കുറയ്ക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷം 80,000 പാസഞ്ചര്‍ ട്രെയിനുകള്‍ക്കും 30,000 ട്രക്കുകള്‍ക്കും ഈ പുതിയ സേവനത്തിന്റെ നേട്ടം എടുക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 

തീരപ്രദേശത്തിലെ എല്ലാതരത്തിലുമുള്ള പശ്ചാത്തല സൗകര്യങ്ങളുടെ വികസനം ഉറപ്പാക്കുന്ന ഗവണ്‍മെന്റിന്റെ പരിശ്രമത്തിലൂടെ ഗുജറാത്ത് ഇന്ന് അഭിവൃദ്ധിയുടെ പ്രവേശനകവാടമായി മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളായി പാരമ്പര്യ തുറമുഖ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സമഗ്ര തുറമുഖം എന്ന സവിശേഷമായ ഒരു മാതൃക ഗുജറാത്തില്‍ ഉരുത്തിരിഞ്ഞു വന്നുവെന്നും അത് ഇന്ന് വികസനത്തിന്റെ അളവുകോലായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഈ പരിശ്രമങ്ങളുടെ ഫലമായി ഗുജറാത്തിലെ തുറമുഖങ്ങള്‍ രാജ്യത്തെ പ്രമുഖ സമുദ്രകേന്ദ്രങ്ങളായി ഉയര്‍ന്നുവന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞവര്‍ഷം രാജ്യത്തെ മൊത്തം സമുദ്രവ്യാപാരത്തിന്റെ 40% ഉം ഗുജറാത്തിന്റെ കണക്കിലാണ് വരുന്നത്. 

ഇന്ന് ഗുജറാത്തില്‍ സമുദ്ര വ്യാപാരവുമായി ബന്ധപ്പെട്ട പശ്ചാത്തല സൗകര്യവും കാര്യശേഷി നിര്‍മ്മാണവും അതിന്റെ പാരമ്യത്തിലാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഗുജറാത്ത് മാരിടൈം ക്ലസ്റ്റര്‍, ഗുജറാത്ത് മാരിടൈം യൂണിവേഴ്‌സിറ്റി, ഭാവ്‌നഗറില്‍ രാജ്യത്തെ ആദ്യത്തെ സി.എന്‍.ജി ടെര്‍മിനല്‍ തുടങ്ങിയവപോലെയുള്ള നിരവധി സൗകര്യങ്ങള്‍ ഗുജറാത്തില്‍ തയാറായി കൊണ്ടിരിക്കുകയാണ്. ഗിഫ്റ്റ് സിറ്റിയില്‍ നിര്‍മ്മിക്കുന്ന ഗുജറാത്ത് മാരിടൈം ക്ലസ്റ്റര്‍ പോര്‍ട്ടുകള്‍ തുറമുഖ-സമുദ്രാധിഷ്ഠിത സംവിധാനത്തെ അഭിസംബോധന ചെയ്യുന്നതിനായിരിക്കും ശ്രമിക്കുക. ഈ ക്ലസ്റ്ററുകള്‍ ഗവണ്‍മെന്റ്, വ്യവസായം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുകയും ഈ മേഖലയിലെ മൂല്യവര്‍ദ്ധനയ്ക്ക് സഹായിക്കുകയും ചെയ്യും. 

ഗോഖ-ദഹേജിനു ഇടയ്ക്കുള്ള ഫെറി സര്‍വീസ് എത്രയും വേഗം പുനരാരംഭിക്കാനായി ഗവണ്‍മെന്റ് പരിശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ പദ്ധതിയില്‍ സ്വാഭാവികമായ നിരവധി വെല്ലുവിളികള്‍ ഉയര്‍ന്നുവന്നു; ആധുനിക സാങ്കേതികവിദ്യയിലൂടെ അവയെ മാറ്റുന്നതിനുള്ള പരിശ്രമങ്ങളാണ് നടത്തികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പരിശീലനം ലഭിച്ച മനുഷ്യശേഷിയും സമുദ്രവ്യാപാരത്തിന് തയാറായ വിദഗ്ധരേയും ലഭ്യമാക്കുന്നതിന് ഗുജറാത്ത് മാരിടൈം സര്‍വകലാശാല ഒരു വലിയകേന്ദ്രമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സര്‍വകലാശാലയ്ക്ക് പുറമെ രാജ്യത്തിന്റെ സമുദ്രസംബന്ധ പാര്യമ്പര്യം സംരക്ഷിക്കുന്നതിനായി ലോതലില്‍ ആദ്യത്തെ ദേശീയ മ്യൂസിയം നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളൂം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇന്ന് രാജ്യത്താകമാനം തുറമുഖങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുകയും പുതിയ തുറമുഖങ്ങളുടെ നിര്‍മ്മാണം അതിവേഗത്തില്‍ നടന്നുകൊണ്ടിരിക്കുകയുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദേശത്തിന്റെ വികസനത്തിനായി രാജ്യത്തെ 21,000 കിലോമീറ്റര്‍ ജലപാതകളെ പരമാവധി ഉപയോഗിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് സാഗര്‍മാല പദ്ധതിക്ക് കീഴില്‍ രാജ്യത്ത് അങ്ങോളമിങ്ങോളം 500 പദ്ധതികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷിപ്പിംഗ് മന്ത്രാലയത്തിനെ പ്രധാനമന്ത്രി തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം എന്ന് പുനര്‍നാമകരണം ചെയ്തു. മികവാറും എല്ലാ വികസിത രാഷ്ട്രങ്ങളിലും ഷിപ്പിംഗ് മന്ത്രാലയമാണ് തുറമുഖത്തിന്റെയൂം ജലപാതകളുടെയും കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. പേരില്‍ ഇപ്പോള്‍ കൂടുതല്‍ വ്യക്തത വന്നതോടെ പ്രവര്‍ത്തിയിലും ഇനി കൂടുതല്‍ വ്യക്തതവരുമെന്നും അദ്ദേഹം പറഞ്ഞു. 

ആത്മനിര്‍ഭര്‍ഭാരതില്‍ നീല സമ്പദ്ഘടനയുടെ ഓഹരി ശക്തിപ്പെടുത്തുന്നതിനായി സമുദ്രചരക്കുനീക്കം ശക്തിപ്പെടുത്തേണ്ടത് ഏറ്റവും വലിയ ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് രാജ്യത്തിന്റെ ഒരു ഭാഗത്തുനിന്നും മറുഭാഗത്തേയ്ക്ക് ചരക്കുകള്‍ കൊണ്ടുപോകുന്നതിനുള്ള ചെലവ് മറ്റ് രാജ്യങ്ങളിലേതിനെക്കാള്‍ കൂടുതലാണെന്നതില്‍ അദ്ദേഹം ആശങ്കപ്പെട്ടു. ചരക്കുനീക്കത്തിനുള്ള ചെലവ് ജലഗതാഗതത്തിലൂടെ കുറയ്ക്കാന്‍ കഴിയുമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ചരക്കുനീക്കത്തിന്റെ ചെലവ് കുറയ്ക്കുന്നതിനായി ബഹുമാതൃകാ ബന്ധിപ്പിക്കലിന്റെ ദിശയിലേക്ക് രാജ്യം അതിവേഗം വലിയ മുന്നേറ്റങ്ങള്‍ നടത്തുകയാണെന്നും റോഡ്, റെയില്‍, വ്യോമ, ഷിപ്പിംഗ് എന്നീ പശ്ചാത്തലസൗകര്യ സൗകര്യങ്ങള്‍ തമ്മിലുള്ള ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തുന്നതിനും തടസങ്ങള്‍ മറികടക്കുന്നതിനുമുള്ള പരിശ്രമങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ബഹുമാതൃക ലോജിസ്റ്റിക് പാര്‍ക്കുകള്‍ നിര്‍മ്മിക്കുന്നുണ്ടന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ അയല്‍രാജ്യങ്ങളുമായി കൂടിച്ചേർന്ന് ബഹുമാതൃക ബന്ധിപ്പിക്കല്‍ വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഈ ഉത്സവകാലത്ത് പ്രാദേശികതയ്ക്ക് വേണ്ടിയുള്ള ശബ്ദത്തിനായി പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ചെറുകിട വ്യാപാരികള്‍, ചെറിയ കരകൗശല തൊഴിലാളികള്‍, ഗ്രാമീണ ജനത എന്നിവരില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിന് അദ്ദേഹം നിഷ്‌കര്‍ഷിച്ചു. 

Share
അഭിപ്രായം എഴുതാം