അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ബീഹാറിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് യെച്ചൂരി

ന്യൂഡൽഹി: ബിഹാറിൽ സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പിന് അടിയന്തര ഇടപെടല്‍‌ ആവശ്യപ്പെട്ട്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ സുനിൽ അറോറയ്‌ക്ക്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കത്ത് നൽകി. ബിഹാറിൽ 9,500 ഐടി സെൽ ചുമതലക്കാരും 72,000 വാട്സാപ്‌ ഗ്രൂപ്പുംവഴി പ്രചാരണം നടത്തുമെന്നാണ്‌ ബിജെപി പ്രഖ്യാപനം. ഇത്ര വിപുല സംവിധാനത്തിനുള്ള ചെലവ്‌ സങ്കൽപ്പിക്കാനാകില്ല, കത്തിൽ അദ്ദേഹം പറഞ്ഞു.

ഇലക്ടറൽ ബോണ്ട്‌ സമ്പ്രദായം രാഷ്ട്രീയപാർടികൾക്ക്‌ ഫണ്ട്‌ ലഭിക്കുന്നതിൽ സുതാര്യത ഇല്ലാതാക്കിയതായും അദ്ദേഹം ആരോപിച്ചു. ജനപ്രാതിനിധ്യനിയമം, ആദായനികുതി നിയമം, കമ്പനി നിയമം എന്നിവയിൽ വരുത്തിയ ഭേദഗതി വിദേശസംഭാവന ലഭിക്കാനും വഴിയൊരുക്കിയിട്ടുണ്ട്. ഇതിനെതിരായ കേസ്‌ സുപ്രീംകോടതിയിലാണ്‌.

സാമൂഹ്യമാധ്യമം വഴിയുള്ള പ്രചാരണം ബിജെപി ദുരുപയോഗപ്പെടുത്തുന്നതായി ഈയിടെ ‘വാൾ സ്‌ട്രീറ്റ്‌ ജേർണൽ’ പുറത്തുകൊണ്ടുവന്നു. വിവിപാറ്റ്‌ സംവിധാനത്തിൽ കൊണ്ടുവന്ന പരിഷ്‌കാരം ക്രമക്കേടിന്‌ സാധ്യത സൃഷ്ടിക്കുന്നതാണ്‌. ഇലക്‌ട്രോണിക്‌ വോട്ടിങ്‌ യന്ത്രങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാൻ എല്ലാ നടപടിയും സ്വീകരിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

Share
അഭിപ്രായം എഴുതാം