മലയിന്‍കീഴ് യുവാവിനെ ആക്രമിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ 6 പ്രതികൾ അറസ്റ്റിൽ, മൂന്നു പേർക്ക് കോവിഡ്

മലയിന്‍കീഴ്: യുവാവിനെ ആക്രമിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ പോലിസ് അറസ്റ്റു ചെയ്തു. കീഴാറൂര്‍ ചിലമ്പറ നെല്ലിക്കാട് കൈപ്പള്ളി മനയ്ക്കല്‍ വീട്ടില്‍ ജിഷ്ണുമോഹനെ (24) ആക്രമിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് 11 അംഗ സംഘത്തിലെ 6 പേർ മലയിന്‍കീഴ് പൊലീസിന്റെ പിടിയിലായത്. പ്രതികളെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

2020 ആഗസ്റ്റ് 17ന് അന്തിയൂര്‍ക്കോണം-തച്ചോട്ടുകാവ് റോഡില്‍ മൂങ്ങോട് ജംഗ്ഷനടുത്ത് വെച്ചാണ് ജിഷ്ണു മോഹനെ പ്രതികൾ കൊലപ്പെടുത്താൻ ശ്രമിച്ചത്.കേസിൽ കീഴാറൂര്‍ ചെലമ്പൂർ ചിലമ്പറ നെല്ലിമൂട് വീട്ടില്‍ സന്തോഷ് (40), മാറനല്ലൂര്‍ മലവിള വീട്ടില്‍ കെ.ലാല്‍കൃഷ്ണ (23), മാറനല്ലൂര്‍ തൂങ്ങാംപാറ വിഷ്ണു നിവാസില്‍ ജെ.വിഷ്ണു (21), കീഴാറൂര്‍ കുറ്റിയാണിക്കാട് കാവല്ലൂര്‍
മണികണ്ഠ വിലാസത്തില്‍ വി.അനില്‍ (30), കീഴാറൂര്‍ കുറ്റിയാണിക്കാട് കണ്ണങ്കര കോളനിയില്‍ എം.കിരണ്‍ (22), മാറനല്ലൂര്‍ മൂലക്കോമം പിറത്തവിള വിഘ്‌നേഷ് ഭവനില്‍ ബി.വിഘ്‌നേഷ് (23) എന്നിവരാണ് അറസ്റ്റിലായത്.

സുഹൃത്ത് വിനീഷിനൊപ്പം ജിഷ്ണു ബൈക്കിൽ സഞ്ചരിക്കുമ്പോൾ
മൂന്ന് ബൈക്കുകളിലായി എത്തിയ 9 അംഗ സംഘം ജിഷ്ണുവിന്റെ ബൈക്ക് തടഞ്ഞ് നിർത്തുകയും ആക്രമിക്കുകയുമായിരുന്നു. ജിഷ്ണു മോഹൻ്റെ തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റു.മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. തടയാന്‍ ശ്രമിച്ച വിനീഷിനെ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയതിനു ശേഷം സംഘം രക്ഷപ്പെടുകയായിരുന്നു.

ചോര വാർന്നു ഗുരുതരാവസ്ഥയിലായ ജിഷ്ണുമോഹനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. മലയിന്‍കീഴ് സി.ഐ അനില്‍കുമാര്‍, എസ്.ഐ രാജേഷ്, ഷാഡോ പൊലീസുകാരായ സതികുമാര്‍, വിജേഷ്, ഗ്രേഡ് എസ്.ഐ മണിക്കുട്ടന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Share
അഭിപ്രായം എഴുതാം