ബീഹാറിലെ കർഷകൻ ഒറ്റയ്ക്ക് 30 വർഷം കൊണ്ട് ഒരു കനാൽ നിർമിച്ചു, താജ്മഹലിനോളം മഹത്തരമെന്ന് ആനന്ദ് മഹീന്ദ്ര

പാറ്റ്ന: ഒരു ചുറ്റികയും ഉളിയും മാത്രം ഉപയോഗിച്ച് മല തുരന്ന് റോഡുണ്ടാക്കി ലോക പ്രശസ്തനായി മാറിയ ദശരഥ് മഞ്ജിയ്ക്ക് ബീഹാറിൽ നിന്നു തന്നെ ഒരു പിൻഗാമി ഉണ്ടായിരിക്കുന്നു.ഗയയിലെ ലാഹുവ പ്രദേശത്തെ ഗ്രാമത്തിലേക്ക് 30 വർഷമെടുത്ത് കനാൽ വെട്ടിയ കർഷകനായ ലോംഗി ഭൂയാനാണ് നിശ്ചയദാർഢ്യത്തിൻ്റെ മറ്റൊരു മഹത്തായ മാതൃക തീർത്തത്.

തൻ്റെ ഗ്രാമമായ കോത്ലാവയിലേക്കാണ് ഭൂയാൻ കനാൽ നിർമിച്ചത്.
” കഴിഞ്ഞ 30 വർഷമായി ഞാൻ കാട്ടിൽ പോയി കനാൽ വെട്ടുന്നു. ആരും സഹായിച്ചില്ല. എല്ലാവരും ഉപജീവനത്തിനായി നഗരങ്ങളിലേക്ക് പോകുന്നു. ഞാനെന്തായാലും കനാൽ വെട്ടി വെള്ളമെത്തിച്ച് കൃഷി ചെയ്ത് ജീവിക്കാൻ തീരുമാനിച്ചു ” ഭൂയാൻ പറയുന്നു.

ഗയ ജില്ലാ ആസ്ഥാനത്ത് നിന്ന് 80 കിലോമീറ്റർ അകലെ ഇടതൂർന്ന വനത്തിനും പർവതങ്ങൾക്കും ഇടയിലാണ് ഭൂയാൻ്റെ ഗ്രാമം. കൃഷിയും കന്നുകാലി വളർത്തലുമാണ് ഗ്രാമത്തിലുള്ളവരുടെ ഉപജീവനമാർഗം. പർവതങ്ങളിൽ പെയ്യുന്ന മഴവെള്ളം നദികളിലേക്ക് ഒഴുകിപ്പോകുകയായിരുന്നു. ആ വെള്ളത്തെ തിരിച്ച് ഗ്രാമത്തിലെ വയലിലേക്ക് എത്തിക്കുകയെന്നത് ഏറെ ശ്രമകരമായ ഒന്നായിരുന്നു. ഈ ജോലിയാണ് ഒറ്റയ്ക്ക് ലോംഗി ഭൂയാൻ എന്ന കർഷകൻ ചെയ്തു തീർത്തത്. മൂന്ന് കിലോമീറ്റർ നീളമുള്ള കനാൽ നിർമിച്ച് ഗ്രാമത്തിലെ വലിയൊരു തടാകം തന്നെ അദ്ദേഹം നിറച്ചു.

ഭൂയാൻ്റെ മഹാപ്രയത്നത്തിൻ്റെ കഥ ഒരു ഫ്രീലാൻസ് ജേണലിസ്റ്റ് ട്വീറ്റിലൂടെ ആനന്ദ് മഹേന്ദ്രയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. ഒരു ട്രാക്റ്റർ കിട്ടിയാൽ ഒരുപാട് സഹായമായേനേയെന്ന് ഭൂയാൻ തന്നോട് പറഞ്ഞിരുന്നതായും ഫ്രീലാൻസ് ജേണലിസ്റ്റായ യുവാവ് ട്വിറ്ററിൽ കുറിച്ചിരുന്നു. പിന്നെ താമസമുണ്ടായില്ല ,
ആനന്ദ് മഹേന്ദ്ര ഇങ്ങനെ ട്വീറ്റ് ചെയ്തു.

“ഞങ്ങൾ അദ്ദേഹത്തിന് ഒരു ട്രാക്ടർ സമ്മാനിക്കുകയാണ്. താജ് മഹലിനെയോ പിരമിഡുകളെയോ പോലെ മഹത്തരം തന്നെയാണ് ലോംഗി ഭൂയാൻ്റെ കനാലും “
ഇപ്പോൾ ലോംഗി ഭൂയാനെ രണ്ടാം ദശരഥ് മഞ്ജി എന്നാണ് ഹിന്ദി മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.

Share
അഭിപ്രായം എഴുതാം