1978ന് ശേഷം ആദ്യമായി അടച്ചു: 21 മുതല്‍ താജ്മഹല്‍ വീണ്ടും തുറക്കുന്നു

ലക്‌നൗ: നീണ്ട ആറ് മാസത്തിന് ശേഷം താജ്മഹല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്നു. കൊറോണ വൈറസ് ഭീതി പരത്തുന്നതിന്റെ പശ്ചാത്തലത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലുളള ചരിത്രസ്മാരകങ്ങള്‍ അടച്ചപ്പോഴാണ് താജ്മഹലും അടച്ചത്. സെപ്റ്റംബര്‍ 21 മുതല്‍ താജ്മഹലും ആഗ്ര കോട്ടയും തുറന്ന് കൊടുക്കുമെന്ന് സ്മാരക ചുമതലയുളള പുരാവസ്തു ശാസ്ത്രജ്ഞന്‍ ബസന്ത് കുമാര്‍ അറിയിച്ചു.അണ്‍ലോക്ക് 4ന്റെ ഭാഗമായാണ് തീരുമാനം.

1978ന് ശേഷം ഇതാദ്യമായാണ് താജ്മഹല്‍ അടയ്ക്കുന്നത്. 1978ല്‍ ഉണ്ടായ വെള്ളപ്പൊക്കം കാരണമാണ് അന്ന് താജ്മഹല്‍ അടച്ചത്. അതിനുമുന്‍പ് 1942ല്‍ രണ്ടാം ലോക മഹായുദ്ധം നടന്നപ്പോഴും 1971ല്‍ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധം നടന്നപ്പോഴും താജ്മഹല്‍ അടച്ചിരുന്നു. ലോകാദ്ഭുതങ്ങളിലൊന്നായ താജ്മഹല്‍ അടച്ചതോടെ വരുമാനത്തില്‍ വലിയ ഇടിവാണുണ്ടായത്. ഇനി മുതല്‍ താജ്മഹലില്‍ 5000 പേരെയും ആഗ്ര കോട്ടയില്‍ 2500 പേരെയും മാത്രമേ പ്രതിദിനം സന്ദര്‍ശിക്കാന്‍ അനുവദിക്കുകയുള്ളൂ. ടിക്കറ്റ് കൗണ്ടറുകള്‍ ഉണ്ടായിരിക്കില്ല. ഇലക്ട്രിക് ടിക്കറ്റുകളാകും സന്ദര്‍ശകര്‍ക്ക് നല്‍കുക.

Share
അഭിപ്രായം എഴുതാം