2.25 ലക്ഷം രൂപ പി.എം. കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന ചെയ്ത മോദി

ന്യൂഡൽഹി: പൊതുജനങ്ങൾക്ക് ചികിത്സാ സഹായം എത്തിക്കാൻ രൂപീകരിച്ച പി.എം. കെയേഴ്സ് ഫണ്ടിന്റെ കൊറോണ പ്രതിരോധ പദ്ധതികളിലേക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടേകാൽ ലക്ഷം രൂപ സംഭാവന ചെയ്തു.

പ്രധാനമന്ത്രിയുടെ ഓഫീസിലെ തന്നെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമമായ എൻഡിടിവി വ്യാഴാഴ്ച ഈ വാർത്ത നൽകിയത്.

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും ഗംഗാനദി ശുചീകരണത്തിനും അധസ്ഥിതരുടെ ഉന്നമനത്തിനുമായി പ്രധാനമന്ത്രി ഏകദേശം 103 കോടി രൂപയോളം ഇതുവരെ സംഭാവന നൽകിയിട്ടുണ്ട് എന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ പറയുന്നു.

ദക്ഷിണ കൊറിയയിൽ നിന്ന് കിട്ടിയ സോൾ സമാധാന പുരസ്കാരത്തിന്റെ തുകയായ 1.3 കോടി രൂപ ഗംഗാനദിയുടെ ശുചീകരണത്തിനും ഔദ്യോഗികമായി തനിക്കു ലഭിച്ച സമ്മാനങ്ങൾ ലേലം ചെയ്ത് കിട്ടിയ തുകയായ 3.4 കോടി രൂപയും ഇതേ ആവശ്യത്തിനായി പ്രധാനമന്ത്രി സംഭാവന ചെയ്തതായി പറയുന്നു.

2015ൽ ലഭിച്ച സമ്മാനങ്ങൾ ലേലം ചെയ്ത് കിട്ടിയ 8.35 കോടി രൂപയും ഗംഗ ശുദ്ധീകരണത്തിനായി വിനിയോഗിച്ചു.

പി എം കെയേഴ്സ് ഫണ്ടിലേക്ക് അഞ്ചുദിവസത്തിനുള്ളിൽ 3075 കോടി രൂപ സംഭാവനയായി വന്നതിന്റെ ഓഡിറ്റ് റിപ്പോർട്ട് ഈയടുത്ത് പുറത്തുവന്നിരുന്നു.

Share
അഭിപ്രായം എഴുതാം