വയോജനങ്ങള്‍ക്ക് പകല്‍വീട് യാഥാര്‍ഥ്യമാക്കി തൃശൂര്‍ കടപ്പുറം പഞ്ചായത്ത്

തൃശൂര്‍: കടപ്പുറം ഗ്രാമപഞ്ചായത്തിലെ പകല്‍ വീടിന്റെയും (പൈതൃക ഭവന്‍) അങ്കണവാടിയുടേയും ഉദ്ഘാടനം നാളെ വൈകിട്ട് 3 മണിക്ക് ടി. എന്‍. പ്രതാപന്‍ എംപി നിര്‍വ്വഹിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കായി കടപ്പുറം തൊട്ടാപ്പ് പതിനാലാം വാര്‍ഡില്‍ ഫോക്കസ് റോഡിലാണ് ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം പകല്‍ വീട് നിര്‍മ്മിച്ചത്.

ഗ്രാമ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പതിനേഴാം നമ്പര്‍ അങ്കണവാടി പഞ്ചായത്തില്‍ നിര്‍മ്മിച്ചത്. അറക്കല്‍ സുഹറയുടെ കെട്ടിടത്തിലാണ് ഇതുവരെ അങ്കണവാടി പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ ഇതിന് വാടക വാങ്ങിച്ചിരുന്നില്ല. പ്രദേശവാസികളുടെ നിരവധി വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ഇപ്പോള്‍ അങ്കണവാടിക്ക് സ്വന്തം കെട്ടിടം ലഭ്യമാകുന്നത്.

ഉദ്ഘാടന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പി. വി ഉമ്മര്‍കുഞ്ഞി അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പ്രസിഡന്റ് സി. മുസ്ത്താക്കലി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഹസീന താജുദ്ധീന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീബ രതീഷ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ. ഡി. വീരമണി, വി. എം. മനാഫ്, റസിയ അമ്പലത്ത് വീട്ടില്‍, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ രൂപ, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7564/Pakal-veedu.html

Share
അഭിപ്രായം എഴുതാം