ഗാംഗുലിക്ക് വേഗത്തിൽ തീരുമാനങ്ങളെടുക്കാൻ പറ്റില്ലെന്ന് ജോൺ ബുക്കാനൻ

ന്യൂഡൽഹി: സൗരവ് ഗാംഗുലി ട്വന്റി 20 ഫോര്‍മാറ്റിന് യോജിച്ച താരമല്ലെന്ന് മുൻ പരിശീലകൻ ജോൺ ബുക്കാനന്‍. അടുത്തിടെ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഗാംഗുലിയെ കുറിച്ച്‌ ഇങ്ങനെ പറഞ്ഞത്.

”ട്വന്റി 20-യില്‍ ക്യാപ്റ്റനെന്ന നിലയില്‍ നിങ്ങള്‍ക്ക് പെട്ടെന്ന് തീരുമാനങ്ങളെടുക്കാന്‍ സാധിക്കണം. മാത്രമല്ല നിങ്ങളുടെ കളി ഈ ചെറിയ ഫോര്‍മാറ്റിന് യോജിക്കുകയും വേണം. അതിനാലാണ് അന്ന് ഗാംഗുലിയുമായി സംസാരിക്കേണ്ടി വന്നത്. അദ്ദേഹം ഈ ഫോര്‍മാറ്റിന് യോജിച്ച ആളാണെന്ന കാര്യത്തില്‍ എനിക്ക് വിശ്വാസമില്ല. ക്യാപ്റ്റന്‍സിയുടെ കാര്യത്തിലായാലും അങ്ങനെ തന്നെ.” ബുക്കാനൻ പറഞ്ഞു.

കൊല്‍ക്കത്തയുടെ പരിശീലകനായിരിക്കെ ക്യാപ്റ്റന്‍സി വേര്‍തിരിച്ച്‌ നല്‍കിയത് നല്ല തീരുമാനമാണെന്നാണ് താന്‍ ഇപ്പോഴും വിശ്വസിക്കുന്നതെന്നും ബുക്കാനന്‍ പറഞ്ഞു.
2008-ലെ ഐ.പി.എല്‍ ഉദ്ഘാടന സീസണില്‍ ഗാംഗുലി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നയിച്ചപ്പോൾ ആറാം സ്ഥാനത്താണ് കൊല്‍ക്കത്ത ടീം ഫിനിഷ് ചെയ്തത്.
ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന്, രണ്ടാം സീസണില്‍ കൊല്‍ക്കത്ത പരിശീലകനായിരുന്ന ജോണ്‍ ബുക്കാനന്‍ ടീമിന്റെ ക്യാപ്റ്റന്‍സി ബ്രെണ്ടന്‍ മക്കല്ലത്തിനും ഗാംഗുലിക്കുമായി വേര്‍തിരിച്ച്‌ നല്‍കി.
എന്നാൽ ആ തീരുമാനം കൊണ്ടും പ്രത്യേകിച്ച് ഫലമൊന്നും ഉണ്ടായില്ല. അങ്ങനെ സ്ഥാനത്തു നിന്നും ബുക്കനൻ തെറിച്ചു. മുൻ ഓസ്ട്രേലിയൻ പരിശീലകൻ കൂടിയാണ് ജോൺ ബുക്കാനൻ.

Share
അഭിപ്രായം എഴുതാം