ഗൂഗിള്‍ ഡ്യുവോ ഇനി ആന്‍ഡ്രോയിഡ് ടിവികളിലും

ന്യൂയോര്‍ക്ക്: ഗൂഗിള്‍ തങ്ങളുടെ പുതിയ വീഡിയോ കോളിംഗ് ആപ്ലിക്കേഷന്‍ ഡ്യുവോ ആന്‍ഡ്രോയിഡ് ടിവികളിലും ലഭ്യമാക്കുന്നു. സ്മാര്‍ട്ട് ഫോണുകള്‍ക്ക് മാത്രമായിട്ട് പുറത്തിറക്കിയ ഫീച്ചര്‍ ഇതാദ്യമായാണ് ഗൂഗിള്‍ ടിവിയ്ക്ക് വേണ്ടി പുറത്തിറക്കുന്നത്. ഇതിനായി ആന്‍ഡ്രോയിഡ് ടിവിയില്‍ ഇന്‍ബില്‍റ്റ് ക്യാമറ ഇല്ലെങ്കില്‍ യുഎസ്ബി ക്യാമറ ബന്ധിപ്പിച്ചാല്‍ മതിയെന്ന് ഗൂഗിള്‍ പറഞ്ഞു. വീഡിയോ കോള്‍ സേവനങ്ങളെ വലിയ സ്‌ക്രീനിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമത്തിലായിരുന്നു ഗൂഗിള്‍. ആന്‍ഡ്രോയിഡ് ടിവി പോലുള്ള ഇടങ്ങളിലേക്ക് കൂടി വീഡിയോ ആശയവിനിമയ സംവിധാനങ്ങള്‍ വ്യാപിപ്പിക്കുന്നതിലൂടെ സൂം, മൈക്രോസോഫ്റ്റ് ടീംസ് പോലുള്ള എതിരാളികളെ നേരിടുകയാണ് ഗൂഗിളിന്റെ ലക്ഷ്യം.

നേരത്തെ ഗൂഗിളിന്റെ വീഡിയോ കോണ്‍ഫറന്‍സിങ് സേവനമായ ഗൂഗിള്‍ മീറ്റിന് ക്രോംകാസ്റ്റ് പിന്തുണയുണ്ടാകുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതുവഴി ആന്‍ഡ്രോയിഡ് ഫോണിലെ ഗൂഗിള്‍ മീറ്റ് ആപ്പിലൂടെയുള്ള വീഡിയോ കോള്‍ ടിവിയില്‍ കാണാന്‍ സാധിക്കും. നേരത്തെ ഇറങ്ങി ആഴ്ചകള്‍ക്കുള്ളില്‍ തന്നെ മികച്ച ഡൗണ്‍ലോഡാണ് ആന്‍ഡ്രോയിഡ് ഫോണില്‍ ഗൂഗിളിന്റെ ഈ പുതിയ ആപ്പിന് ലഭിച്ചത്. ഇപ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഫേസ്ബുക്ക് വീഡിയോ ചാറ്റ്, ഐഎംഒ എന്നിവയോട് കിടപിടിക്കുന്നതാണ് ഡ്യുവോ എന്നാണ് ടെക് നിരീക്ഷകരുടെ തന്നെ വാദം. മൊബൈല്‍ നമ്പര്‍ മാത്രമാണ് കോള്‍ ഗൂഗിള്‍ ഡ്യുവോ ചാറ്റ് ആരംഭിക്കാന്‍ വേണ്ടത്. ഫോണിലെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ള നമ്പറുകള്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കും. ഇതിന് പ്രത്യേകം അക്കൗണ്ട് ആവശ്യമില്ല. ഒറ്റ ടാപ്പില്‍ വീഡിയോ കോളിംഗ് തുടങ്ങാം. ഗ്രൂപ്പ് ചാറ്റിംഗ് നടക്കില്ല, നേരിട്ടുള്ള വീഡിയോ കോളിംഗ് മാത്രമേ സാധിക്കു. നെറ്റ് വര്‍ക്കിന്റെ അവസ്ഥ വ്യത്യാസപ്പെടുന്നതിനനുസരിച്ച് സ്വയം ക്രമീകരിച്ച് ആപ്പ് പ്രവര്‍ത്തിക്കും. കോള്‍ എടുക്കും മുമ്പ് ഫോണിന്റെ സ്‌ക്രീനില്‍ മുഴുവനായി വീഡിയോ കാണാന്‍ സഹായിക്കുന്ന നോക്ക് നോക്ക് ഫീച്ചറും ഡ്യുവോയിലുണ്ട്. വളരെ വേഗം വീഡിയോ കോളിംഗ് ആരംഭിക്കാനാകും.

Share
അഭിപ്രായം എഴുതാം