സംവിധായകന്‍ മഹേഷ് മഞ്ചേര്‍ക്കറിനെ 35 കോടി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ യുവാവ് പിടിയില്‍

മുംബൈ: അധോലോക നായകന്‍ അബുസലീമിന്റെ അനുയായി എന്ന് പരിചയപ്പെടുത്തി ബോളിവുഡ് സംവിധായകന്‍ മഹേഷ് മഞ്ചേര്‍ക്കറിനോട് 35 കോടി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.മിലിന്ദ് ബാല്‍കൃഷ്ണ തുളസങ്കര്‍ എന്ന 33കാരനാണ് മുംബൈ പൊലീസിന്റെ ആന്റി എക്‌സ്റ്റോര്‍ഷന്‍ സെല്ലിന്റെ പിടിയിലായത്.

ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് വേഗത്തില്‍ പണം സമ്പാദിക്കാനാണ് ഈ ആശയം താന്‍ കൊണ്ടുവന്നതെന്നാണ് പ്രതി മിലിന്ദ് ബാല്‍കൃഷ്ണ തുളസങ്കര്‍ പോലീസിനോട് പറഞ്ഞത്.

ഉപജീവന മാര്‍ഗമായ ചായക്കച്ചവട പൂട്ടിയ ബാല്‍കൃഷ്ണ ധാരവിയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് കൊങ്കണിലെ തന്റെ ഗ്രാമമായ ഖേഡിലേക്ക് താമസം മാറ്റി, പക്ഷേ അവിടെയും പണമില്ലാതെ പാടുപെട്ടു. ഇതിനിടെ അബുസലീമുമായി ബന്ധപ്പെട്ട വീഡിയോ ഫോണില്‍ കാണുകയുണ്ടായി. തുടര്‍ന്നാണ് ഭീഷണിപ്പെടുത്തി ഫോണ്‍ വിളിച്ചതെന്നുമാണ് ഇയാള്‍ പറയുന്നത്.1993 മുംബയ് സ്‌ഫോടന പരമ്പരയിലെ പ്രതിയായ അബു സലീം ഇപ്പോള്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്. ദേശീയ പുരസ്‌കാര ജേതാവായ മഞ്ജ്രേക്കര്‍ ‘ വാസ്തവ്, അസ്തിത്വ, വിരുദ്ധ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്.

Share
അഭിപ്രായം എഴുതാം