കുണ്ടമണ്‍ കടവ്‌ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച

മലയിന്‍കീഴ്‌:പേയാട്‌ കുണ്ടമണ്‍കടവ്‌ ഭദ്രകാളീ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. 6 പവന്‍റെ സ്വര്‍ണ്ണവും 48,000 രൂപയും സിസിടിവി ക്യാമറയുടെ ഹാര്‍ഡ്‌ ഡിസ്‌ക്കും കവര്‍ന്നതായിട്ടാണ്‌ റിപ്പോര്‍ട്ട്‌.

2020 ആഗസ്‌റ്റ്‌ 25 ന്‌ രാത്രിയിലാണ്‌ സംഭവം .26-ന്‌ രാവിലെ ജീവനക്കാര്‍ ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ്‌ മോഷണവിവരം അറിയുന്നത്‌. ശ്രീകോവിലും കമ്മറ്റി ഓഫീസുകളും കാണിക്ക വഞ്ചികളും തകര്‍ത്താണ്‌ പണം കവര്‍ന്നിരിക്കുന്നത്‌. ശ്രീകോവിലിന്‍റെയും ഓഫീസിന്‍റെയും പൂട്ട്‌ തകര്‍ത്താണ്‌ മോഷ്‌ടാക്കള്‍ അകത്തു കടന്നത്‌. പണം എടുത്തശേഷം കാണിക്ക വഞ്ചികള്‍ ഉപേക്ഷിച്ചു.

ക്ഷേത്ര ഭാരവാഹികള്‍ അറിച്ചതിനെ തുടര്‍ന്ന്‌ നെടുമങ്ങാട്‌ ഡിവൈഎസ്‌പി ഉമേഷ്‌കുമാര്‍,വിളപ്പില്‍ശാല ഇന്‍സ്‌പെക്ടര്‍ സജിമോന്‍,എസ്‌ഐ ഷിബു എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്‌ദരും ഡോഗ്‌ സ്‌ക്വാഡും തെളിവുകള്‍ ശേഖരിച്ചു.

രണ്ട്‌ കമ്മറ്റി ഓഫീസുകളിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 28,000 രൂപ, കാണിക്കവഞ്ചിയിലുണ്ടായിരുന്ന 20,000 ത്തിലധികം രൂപ, വിശ്വാസികള്‍ നല്‍കിയ മൂന്നുപവന്‍റെ സ്വര്‍ണ്ണം, വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന മൂന്നുപവന്റെ സ്വര്‍ണ്ണം എന്നിവയാണ്‌ നഷ്ടപ്പെട്ടത്‌.

ഒരുലക്ഷം രൂപ ചെലവഴിച്ച്‌ സ്ഥാപിച്ചിരുന്ന ക്യാമറയുടെ ഹാര്‍ഡ്‌ ഡിസ്‌ക്കും കവര്‍ന്നതില്‍നിന്നും മോഷണത്തിന്‌ പിന്നില്‍ കുപ്രസിദ്ധ മോഷ്ട്‌ടാക്കളാകാമെന്ന്‌ പോലീസ്‌ സംശയിക്കുന്നു. അന്വേഷണത്തിനായി പ്രത്യേക സ്‌ക്വാഡ്‌ രൂപീകരിച്ചതായി വിളപ്പില്‍ശാല ഇന്‍സ്‌പെക്ടര്‍ ബിജുമോന്‍ അറിയ്‌ച്ചു.

Share
അഭിപ്രായം എഴുതാം