സർക്കാറിന്‍റെ ഓണക്കിറ്റില്‍ തട്ടിപ്പെന്ന് പരിശോധനയില്‍ തെളിഞ്ഞു.

തിരുവനന്തപുരം: സംസ്ഥാന സർക്കാർ വിതരണം ചെയ്ത ഓണക്കിറ്റുകളിൽ തട്ടിപ്പ് നടത്തിയതായി വിജിലൻസ് പരിശോധനയിൽ തെളിഞ്ഞു. 500 രൂപയുടെ ഭക്ഷണ കിറ്റ് വിതരണം ചെയ്യും എന്നാണ് സർക്കാർ വ്യക്തമാക്കിയിരുന്നത്. എന്നാൽ മിക്ക ഓണക്കിറ്റുകളിലും ഉണ്ടായിരുന്നത് അത് 300-മുതൽ 400 രൂപ വരെയുള്ള സാധനങ്ങളാണ്. തൂക്കക്കുറവ് മാത്രമല്ല ചില പാക്കറ്റുകളിൽ നിർമാണ തീയതി, പാക്കിംഗ് തീയതി എന്നിവയും ഉണ്ടായിരുന്നില്ല.ഇത് സപ്ലൈകോ ഉദ്യോഗസ്ഥന്മാരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്ന് കണ്ടെത്തി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും വിജിലൻസ് അറിയിച്ചു. കിറ്റുകളെ കുറിച്ച് പരാതി ഉയർന്ന സാഹചര്യത്തിലാണ് ഓപ്പറേഷൻ ക്ലീൻചിറ്റ് എന്ന പേരിൽ വിജിലൻസ് പരിശോധന നടത്തിയത്. മാവേലി സ്റ്റോറുകളിലും റേഷന്‍ കടകളിലും 58 പാക്കിംഗ് സെന്ററിലുമാണ് ഒപ്പറേഷന്‍ ക്ലീന്‍ കിറ്റ് നടത്തിയത്.

കിറ്റിൽ നൽകുന്ന 11 ഇനങ്ങൾ പൊതുവിപണിയിൽ പോയി വാങ്ങിയാലും ഇത്രയും തുക ആകില്ലെന്ന് കണക്കുകൾ തെളിയിക്കുന്നു. പാക്കിങ് ചാർജ് ഉൾപ്പെടെയാണ് ഒരു കിറ്റിന് 500 രൂപ എന്നാണ് സപ്ലൈകോ നൽകിയ വിശദീകരണം. എന്നാൽ ഈ 11 സാധനങ്ങൾ സപ്ലൈകോ ഔട്ട് ലെറ്റിൽ പോയി വാങ്ങുകയാണെങ്കിൽ 357 രൂപ വിലയെ ഉണ്ടാവുകയുള്ളൂ. പൊതുവിപണിയിലെ മുന്തിയ ബ്രാൻഡുകൾ നോക്കിയാൽ പോലും 500 രൂപ വരില്ല. ഈ കിറ്റിൽ ഉള്ള ഓരോന്നിനെയും ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തി കണക്കാക്കിയാൽ ആകെ വരുന്ന ചെലവ് 337 രൂപ 18 പൈസ മാത്രം. 88 ലക്ഷം കുടുംബങ്ങൾക്കാണ് ഓണക്കിറ്റ് നൽകുന്നത്.

Share
അഭിപ്രായം എഴുതാം