ബുധനാഴ്ച മുതൽ സംസ്ഥാനത്ത് മത്സ്യബന്ധനം പുനരാരംഭിക്കും

തിരുവനന്തപുരം: ബുധനാഴ്ച മുതൽ മീൻ പിടുത്ത ബോട്ടുകൾ കടലിൽ പോയി തുടങ്ങും. ട്രോളിംഗ് നിരോധന കാലയളവ് കഴിഞ്ഞ ഓഗസ്റ്റ് 5 മുതൽ മത്സ്യബന്ധനം ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ മോശപ്പെട്ട കാലാവസ്ഥയെ തുടർന്ന് അനുമതി നൽകിയിരുന്നില്ല. ചൊവ്വാഴ്ചയോടെ കാലാവസ്ഥ മെച്ചപ്പെട്ടത് വിലയിരുത്തിയാണ് ബുധനാഴ്ച മുതൽ മത്സ്യബന്ധന ബോട്ടുകൾ കടലിൽ പോകാൻ അനുമതി നൽകുന്നത്. കടലിൽ ഉയർന്ന തിരമാലയും മോശപ്പെട്ട അവസ്ഥയുമുണ്ട്. മത്സ്യബന്ധന ബോട്ടുകൾ ശ്രദ്ധ പുലർത്തണമെന്ന് സർക്കാർ അറിയിച്ചു.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ബോട്ടുകളെ മീൻ പിടുത്തത്തിന് അനുവദിക്കില്ല. അന്യസംസ്ഥാനത്തു നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ കാര്യത്തിലും നിയന്ത്രണമുണ്ട്. കൊറോണ നെഗറ്റീവ് എന്ന സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ ബോട്ടുകളിൽ പോകാൻ അനുവദിക്കൂ. ഒറ്റ അക്കം, ഇരട്ട അക്കം എന്നക്രമത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ആയിരിക്കും ബോട്ടുകൾക്ക് കടലിൽ പോകാൻ അനുമതി നൽകുക.

ലോക്ക്ഡൗൺ, ട്രോളിംഗ് നിരോധനം, കാലാവസ്ഥ പ്രതികൂലത എന്നീ ഘടകങ്ങൾ ഒന്നിച്ച് തുടർച്ചയായി അനുഭവിക്കേണ്ടിവന്ന മത്സ്യത്തൊഴിലാളികൾ ഗുരുതരമായ ജീവിത പ്രശ്നങ്ങളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. ട്രോളിംഗ് നിരോധനത്തിന് ശേഷവും കടലിൽ പോകാൻ കഴിയാതെ വന്ന സാഹചര്യം ബോട്ട് ഉടമകളെ വലിയ സാമ്പത്തിക ബാധ്യതകളിൽ കൊണ്ടുചെന്ന് എത്തിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം