മലപ്പുറം ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട്

മലപ്പുറം : ജില്ലയില്‍ അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്നും നാളെയും (ഓഗസ്റ്റ് എട്ട്, ഒന്‍പത്) കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മി.മി മുതല്‍ 204.4 മി.മി വരെ മഴ ലഭിക്കാനാണ് സാധ്യത.  താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജം

ജില്ലയില്‍ കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ ദുരന്തനിവാരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജില്ലാതല കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ്  24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമാക്കിയത്. പഞ്ചായത്ത്, നഗരസഭ, ജലസേചനം, കെ.എസ്.ഇ.ബി, മണ്ണ് സംരക്ഷണം, ജിയോളജി, ഭൂജല വകുപ്പുകള്‍ എന്നീ  വിവിധ  വകുപ്പുകളുടെ നോഡല്‍ ഓഫീസര്‍മാരെയും  എന്‍.സി.സി കേഡറ്റ്സിനേയും  ഉള്‍പ്പെടുത്തിയാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. അടിയന്തര ഘട്ടങ്ങളില്‍ ആശയ വിനിമയം നടത്തുന്നതിനായി ഹാം റേഡിയോ കമ്മ്യൂനിക്കേഷന്‍ സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. പോത്തുകല്ല്, വേങ്ങര ഐ.ആര്‍.എസ് ക്യാമ്പുകളിലും നിലമ്പൂര്‍ ഫയര്‍ സ്റ്റേഷനിലും എടക്കരയിലും ഹാം റേഡിയോ കമ്മ്യൂനിക്കേഷന്‍ സൗകര്യം ലഭിക്കും. താലൂക്ക്തലത്തിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമായിട്ടുണ്ട്.

പൊതുജനങ്ങള്‍ക്ക് പ്രളയവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളില്‍ താഴെ കാണുന്ന കണ്‍ട്രോള്‍ റൂം നമ്പറുകളുമായി ബന്ധപ്പെടാം.

ജില്ലാ കണ്‍ട്രോള്‍ റൂം 1077, 0483: 2736320, താലൂക്ക് തല കണ്‍ട്രോള്‍ റൂം, പൊന്നാനി 0494 2666038

തിരൂര്‍-0494 2422238, തിരൂരങ്ങാടി- 0494 2461055, ഏറനാട്- 0483 2766121

പെരിന്തല്‍മണ്ണ-0493 3227230, നിലമ്പൂര്‍-04931 221471, കൊണ്ടോട്ടി-0483 2713311

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6820/orange-alert-in-district-.html

Share
അഭിപ്രായം എഴുതാം