തെളിവില്ല; പി കൃഷ്ണപ്പിള്ള സ്മാരകം തകർത്ത കേസില്‍ അഞ്ചുപേരേയും വെറുതെ വിട്ടു; യഥാർഥ പ്രതികള്‍ക്കായി നിയമപോരാട്ടമെന്ന് കുറ്റവിമുക്തർ

ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവ് പി കൃഷ്ണപിള്ളയുടെ ആലപ്പുഴ കഞ്ഞിക്കുഴിയിൽ ഉള്ള സ്മാരകം തകർത്ത കേസിലെ അഞ്ച് പ്രതികളേയും തെളിവില്ലാത്തതിന്റെ പേരിൽ ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി വെറുതെവിട്ടു. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ സ്റ്റാഫ് അംഗമായിരുന്ന ലതീഷ് ബി ചന്ദ്രൻ, സിപിഎം ലോക്കൽ സെക്രട്ടറിയായിരുന്ന പി. സാബു, സിപിഎം പ്രവർത്തകരായ ദീപു, രാജേഷ്, പ്രമോദ് എന്നിവരെ പ്രതികളാക്കി ആണ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം കോടതിയിൽ കുറ്റപത്രം നൽകിയിരുന്നത്. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ ആളുകളെ കുറ്റം തെളിയിക്കാൻ പര്യാപ്തമല്ല എന്ന് കോടതി കണ്ടെത്തി. രാഷ്ട്രീയ താല്‍പര്യത്തിന് ഭാഗമായാണ് ഇവരെ പ്രതി ചേര്‍ത്തതെന്നും മതിയായ തെളിവുകളോ സാക്ഷി മൊഴികളോ ഇല്ലെന്നും കോടതി പറഞ്ഞു.

2013 ഒക്ടോബർ 31ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കൃഷ്ണപിള്ള പാർട്ടി പ്രവർത്തനവുമായി ബന്ധപ്പെട്ട് താമസിച്ചിരുന്ന വീടിനോട് അനുബന്ധിച്ചുള്ള സ്മാരകം രാത്രിയിൽ തകർക്കപെട്ടു. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ സംഭവം വലിയ വിവാദമായി മാറി. സിപിഎം വിഭാഗീയതയുടെ പശ്ചാത്തലത്തിൽ പിണറായി വിഭാഗത്തെ പ്രതിക്കൂട്ടിലാക്കാൻ വേണ്ടി അച്യുതാനന്ദൻ വിഭാഗം ആസൂത്രിതമായി നടപ്പാക്കിയതാണ് സ്മാരകം തകർക്കൽ എന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. പാർട്ടിയുടെ പരമോന്നത നേതാവിന്‍റെ സ്മാരകം പോലും സംരക്ഷിക്കാൻ കഴിയാത്ത പാർട്ടി നേതൃത്വമാണ് പിണറായിയുടെ നേതൃത്വം എന്ന് വരുത്തി തീർക്കുകയായിരുന്നു ഇതിൻറെ ലക്ഷ്യം എന്നാണ് കുറ്റപത്രം പറഞ്ഞിരുന്നത്. പാർട്ടി സമ്മേളനങ്ങൾ നടന്നു കൊണ്ടിരിക്കുന്നത് ആയിരുന്നു സംഭവം. ഏരിയാ സമ്മേളനങ്ങൾ വരെ പൂർത്തീകരിച്ച ഘട്ടത്തിലായിരുന്നു ഇത്.

യുഡിഎഫ് സർക്കാരാണ് അന്വേഷണം പൂർത്തിയാക്കി കേസിൽ കുറ്റപത്രം നൽകിയത്. കേസിൽ പ്രതിയാക്കപ്പെട്ട അതിനെ തുടർന്ന് അന്ന് ഇവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

കുറ്റവിമുക്തനാക്കപ്പെട്ട പ്രതികൾ കോടതിക്കും അഭിഭാഷകർക്കും നന്ദി പറഞ്ഞു.യഥാർത്ഥ പ്രതികളെ പറ്റി ധാരണ ഉണ്ട്.അവരെ കണ്ടെത്തി പൊതുസമൂഹത്തിനു മുമ്പിൽ കൊണ്ടുവരുന്നതിനുള്ള നിയമ പോരാട്ടങ്ങൾ ആരംഭിക്കുമെന്ന് കേസിലെ പ്രധാന പ്രതികളായ സതീഷ് ചന്ദ്രനും സാബുവും പറഞ്ഞു. പാര്‍ട്ടി തങ്ങളെ ഒറ്റപ്പെടുത്തിയിട്ടില്ലെന്നും നിരപരാധിത്വം തെളിഞ്ഞ സ്ഥിതിക്ക് പാര്‍ട്ടിയില്‍ തിരിച്ചുവരാന്‍ സാധിക്കും എന്നുമാണ് പ്രതികള്‍ പറയുന്നത്.

Share
അഭിപ്രായം എഴുതാം