ചലച്ചിത്ര നടൻ ശ്രീനിവാസനെതിരെ കേസെടുത്തത് എന്തടിസ്ഥാനത്തിൽ ?

ഒരു ടെലിവിഷൻ അഭിമുഖത്തിൽ ചലചിത്രനടൻ ശ്രീനിവാസൻ നടത്തിയ അഭിപ്രായ പ്രകടനത്തിന്റെ പേരിൽ വനിതാ കമ്മീഷൻ കേസെടുത്തു. ഒരു വനിതയുടേയോ വനിതാ സംഘടനയുടെയോ പരാതിയുണ്ടെങ്കിൽ അപ്പോഴേ ഒരാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നതിലൂടെ നിയമാനുസൃതമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനം അതിൻറെ വിശ്വാസ്യതയെ കളങ്കപ്പെടുത്തുകയാണ് ചെയ്യുന്നത്. പ്രത്യേകിച്ച് ഒരു പൊതുവേദിയിൽ നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന ഒരു സേവന സ്ഥാപനത്തിൻറെ കാര്യക്ഷമതയെ കുറിച്ച് അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ആകുമ്പോൾ വനിതാ കമ്മീഷൻ ആയതുകൊണ്ട് ചെയ്തത് ശരിയാണ് എന്ന് അംഗീകരിക്കാനാവില്ല. ഭരണഘടന നൽകിയിട്ടുള്ള മൗലിക അവകാശങ്ങളിൽ ഒന്നാണ് അഭിപ്രായ പ്രകടന സ്വാതന്ത്ര്യം. അത് ഒരു വ്യക്തിയിൽ നിന്ന് എടുത്തു മാറ്റുവാൻ ഭരണകൂടത്തിന്റെ ഒരു സ്ഥാപനത്തിനും അധികാരമില്ല. അദ്ദേഹം കൂടി കൊടുക്കുന്ന നികുതി പണത്തിൽ നിന്നാണ് അംഗൻവാടി ടീച്ചർമാർക്കും ശമ്പളം കൊടുക്കുന്നത്. പബ്ലിക് സർവെൻറ് എന്ന നിർവചനത്തിൽ ആണ് അവർ വരുന്നത്. അവർ സ്ത്രീയോ പുരുഷനോ എന്നത് രണ്ടാമത്തെ കാര്യം. ശ്രീനിവാസൻ അഭിപ്രായം പറഞ്ഞത് അവരുടെ യോഗ്യതയെ കുറിച്ചാണ്. അവരുടെ പരിശീലനത്തെ കുറിച്ചും മികവിനെ കുറിച്ചുമാണ്. ജപ്പാനിൽ ഇതേ ജോലി ചെയ്യുന്നവർ ആ വിഷയത്തിൽ പ്രത്യേക വിദ്യാഭ്യാസവും പരിശീലനവും ഉള്ളവരാണ് എന്ന് ചൂണ്ടിക്കാട്ടി കൊണ്ടാണ് ഇവിടെ നിലവാരം ഇല്ല എന്ന് പറഞ്ഞത്.

ഇതിലെന്താണ് തെറ്റ് ?

പ്രീപ്രൈമറി വിദ്യാഭ്യാസത്തിൽ ലോകത്തിൽ ഒന്നാമത്തേതാണ് കേരളത്തിലെ പ്രീ പ്രൈമറി വിദ്യാഭ്യാസം എന്ന് ഏതെങ്കിലും അംഗീകൃത ഏജൻസികൾ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടോ? അങ്ങനെ മഹോന്നതമായ ഒരു സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ തന്നെ അത് കുറച്ചുകൂടി മികച്ച ആക്കണം എന്ന് പറയാനുള്ള സ്വാതന്ത്ര്യവും അഭിപ്രായവും ഉത്തരവാദിത്വവും ഒരു പൗരന് ഇല്ലേ ?

കൈക്കൂലി ഇല്ലാതെ ഫയൽ നീക്കുകയില്ലാത്ത എത്രയധികം വനിതാ ഓഫീസർമാർ സർക്കാർ ഓഫീസിൽ ഉണ്ട്? അത് ഒരാൾ ചൂണ്ടിക്കാണിച്ചാൽ വനിതകളെ ആക്ഷേപിക്കലാകുമോ?

ശ്രീനിവാസന് എതിരെയുള്ള കേസ് സർക്കാർ സംവിധാനങ്ങളിലെ പിഴവ് ചൂണ്ടിക്കാട്ടുന്ന പൗരനു നേരെയുള്ള അസഹിഷ്ണുതയിൽ നിന്ന് വന്നതാണ്. ശ്രീനിവാസൻ പറഞ്ഞതിനേക്കാൾ രൂക്ഷമായ അഭിപ്രായം അംഗൻവാടികളിൽ കുട്ടികളെ അയക്കുന്ന രക്ഷിതാക്കളിൽ നല്ല പങ്കിനും ഉണ്ട്. അത് ജപ്പാനോട് താരതമ്യപ്പെടുത്തിയതിന്റെ പേരിലല്ല. ജപ്പാനോട് താരതമ്യപ്പെടുത്താൻ കഴിയുന്ന വിദ്യാഭ്യാസവും ശേഷിയും ഉള്ളവർ ആരും കുട്ടികളെ അംഗൻവാടിയിൽ അയക്കുന്നില്ല. ബിപിഎൽ കാർഡുകാരുടെ മക്കളാണ് അംഗൻവാടിയിൽ ചെല്ലുന്ന കുട്ടികളിൽ നല്ല പങ്കും. അവർക്ക് ജാപ്പനീസ് നിലവാരത്തിൽ കുട്ടികളുടെ മനശാസ്ത്രം അറിയുന്നവരിൽ നിന്ന് പരിചരണം ലഭിക്കണമെന്ന് പറഞ്ഞതിന്റെ താല്പര്യം സ്ത്രീകളെ കളിയാക്കുക അല്ല. നാട്ടിലെ പാവപ്പെട്ടവരുടെ പിഞ്ചുകുഞ്ഞുങ്ങൾക്ക് അവരുടെ ബോധവും ധാരണകളും, ഞാൻ ഭാവവും ഒക്കെ ആരംഭിച്ച് തുടങ്ങുന്ന ഇളംപ്രായത്തിൽ ശിശു മനശാസ്ത്രം അറിയാവുന്ന, നിലവാരം ഉള്ള പരിശീലനം ലഭിക്കണം എന്നു പറഞ്ഞത് നാട്ടിലെ പാവപ്പെട്ടവന് വേണ്ടി തന്നെയാണ്. പൗരൻറെ അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിൽ ഇടപെടാൻ ഭരണകൂടത്തിന്റെ ഒരു സ്ഥാപനങ്ങൾക്കും അധികാരമില്ല.

Read more… അംഗനവാടി അധ്യാപികമാർക്കെതിരെ മോശം പരാമർശം നടത്തിയതിനു നടൻ ശ്രീനിവാസനെതിരെ വനിത കമ്മീഷൻ കേസ് എടുത്തു

വനിതാ കമ്മീഷൻ ഭരണഘടനാവകാശങ്ങളിൽ കൈവെക്കാൻ അവകാശമുള്ള കമ്മീഷൻ അല്ല. ഭരണഘടന സ്ത്രീക്ക് നൽകിയിട്ടുള്ള അവകാശങ്ങൾ, അതിനെ അടിസ്ഥാനമാക്കി കാലാകാലങ്ങളിൽ ഉണ്ടായിട്ടുള്ള നിയമനിർമ്മാണങ്ങൾ, ഇവയെല്ലാം പരിരക്ഷിക്കുന്നതിന് അതിൽ ഉണ്ടാകുന്ന വീഴ്ചകൾ കണ്ടെത്തി ഇടപെട്ട് അവരെ സഹായിക്കുവാൻ ഉള്ളതാണ്. ഭരണഘടനയും ഭരണഘടനാപരമായ അവകാശങ്ങളും വനിതാകമ്മീഷനെകാൾ വളരെ ഉയരെയാണ്. ഒരു വ്യക്തിയുടെ ഭരണഘടനാപരമായ അവകാശങ്ങൾ വളരെ വലുതാണ്. അതിൻറെ വിപുലതയുമായി താരതമ്യപ്പെടുത്തുമ്പോൾ വനിതാകമ്മീഷന്റെ അവകാശങ്ങളും അധികാരങ്ങളും തീരെ ചെറിയ പരിധിക്കുള്ളിലാണ്. ജനാധിപത്യത്തിൽ വ്യക്തിയും വ്യക്തിയുടെ അവകാശങ്ങളും ആണ് ഏതു സ്ഥാപനത്തെക്കാളും ഉയരത്തിൽ നിൽക്കുന്നത്. താൻ ജീവിക്കുന്ന സമൂഹത്തിൻറെ നന്മയ്ക്കുവേണ്ടി അഭിപ്രായം പറയുവാനുള്ള സ്വാതന്ത്ര്യത്തെക്കാൾ വലുതായി മറ്റൊന്നുമില്ല ജനാധിപത്യത്തിൽ. അതിൻറെ ഒരു അംശമാണ് ശ്രീനിവാസൻ വിനിയോഗിച്ചത്.

പ്രീ പ്രൈമറി വിദ്യാഭ്യാസത്തിൻറെ നിലവാരത്തെ സംബന്ധിച്ച് യൂണിസെഫ് അടക്കം അംഗീകരിച്ച ചില മാനദണ്ഡങ്ങളുണ്ട്. മനശാസ്ത്രപരമായ ഉൾക്കാഴ്ചയും ശിശു സൗഹൃദ അന്തരീക്ഷവും അഞ്ച് വയസ്സിന് താഴെയുള്ള ഘട്ടത്തിൽ പരമപ്രധാനമാണ്. ലോകം അംഗീകരിക്കുന്ന എല്ലാ പഠനഗവേഷണ കേന്ദ്രങ്ങളും ഇത് ശരിവെച്ചിട്ടുണ്ട്. ഒരാളുടെ മാനസിക വികാസത്തിലും സ്വഭാവരൂപീകരണത്തിലും ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന കാലഘട്ടമാണ് ഇത് എന്ന് വിലയിരുത്താത്ത മനശാസ്ത്ര സ്ഥാപനങ്ങൾ ലോകത്തില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടി കുട്ടികളുടെ വികാസത്തിന്റെ കാര്യത്തിലും വിദ്യാഭ്യാസ സംബന്ധമായ അവകാശങ്ങളുടെ പേരിലും ഭരണഘടനയുടെ ഉന്നതമൂല്യങ്ങൾ ചൂണ്ടിക്കാട്ടിയും ഈ രാജ്യത്തെ അംഗൻവാടിയിൽ കുട്ടിയെ അയക്കുന്ന ഒരു രക്ഷിതാവ് ബഹുമാനപ്പെട്ട സുപ്രീം കോടതിയിലോ കേരളത്തിലെ ഒരു രക്ഷിതാവ് ബഹുമാനപ്പെട്ട ഹൈക്കോടതിയിലോ ഒരു ഹർജി നൽകിയാൽ ഒരു സംശയവും വേണ്ട ശ്രീനിവാസൻ പറഞ്ഞ ചില യോഗ്യതകൾ തീർച്ചയായും കൂടുതലായി വേണ്ടിവരും. ബി.എഡ്‌ ഇല്ലാത്ത അധ്യാപകർ സ്വകാര്യ സ്കൂളുകളിൽ നിന്ന് പുറത്തായത് ഉദാഹരണമാണ്.

അംഗൻവാടി ടീച്ചർമാർക്ക് വേണ്ടി ഒച്ചവെക്കുന്ന നേതാക്കൾ അവരെ കുഴപ്പത്തിലാക്കരുത്. ശിശു മനശാസ്ത്രത്തിൽ യോഗ്യത വേണം എന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെ എത്തിച്ചാൽ എന്താവും നല്ല പങ്ക് ടീച്ചർമാരുടേയും അവസ്ഥ? നാട്ടിലെ ഏറ്റവും പാവപ്പെട്ടവൻറെ കുട്ടികൾ മാത്രം ചെല്ലുന്ന ഒരു സ്ഥാപനത്തിന്റെ നിലവാരത്തെപ്പറ്റി ശ്രീനിവാസൻ പറഞ്ഞ അഭിപ്രായം ഉള്ള ധാരാളം ആളുകൾ കേരളത്തിലുണ്ട്.

ചലച്ചിത്ര നടൻ ശ്രീനിവാസൻ “ലോകത്തിലാദ്യമായി” ഇത് ഒരു ടെലിവിഷൻ പരിപാടിയിൽ വെച്ച് കണ്ടെത്തുന്നതിന്നും മുൻപേ നല്ല പങ്ക് കേരളീയർക്കും കേരളത്തിലെ അംഗൻവാടികളിൽ പഠിപ്പിക്കുന്ന ടീച്ചർമാർക്ക് ശിശു മനശാസ്ത്രത്തിൽ അംഗീകൃതമായ യോഗ്യതയില്ല എന്ന് അറിയാമായിരുന്നു. അതുകൊണ്ടാണ് സ്വന്തം മക്കളെ അത് ഉള്ള സ്ഥലങ്ങളിൽ അവർ അയച്ചത്. ആ തിരിച്ചറിവുള്ളവരുടെ കൂടെ നേതാക്കന്മാരും ഉണ്ടായിരുന്നു എന്നും അവരൊക്കെ കുഞ്ഞുങ്ങളെ മറ്റിടങ്ങളിൽ അയക്കുന്നു എന്നും തീരെ പാവപ്പെട്ടവൻറെ കുട്ടികൾ മാത്രമാണ് ആണ് അംഗൻവാടികളിൽ പോകുന്നത് എന്നുമാണ്‌ കൂടുതലായി ശ്രീനിവാസൻ പറഞ്ഞത്. അതിൻറെ പേരിൽ ആണോ വനിതാ കമ്മീഷൻ കേസെടുത്തത് എന്നാണ് ഇനി ആലോചിക്കേണ്ടത്.

Share
അഭിപ്രായം എഴുതാം