കേരളത്തില്‍ ജനാധിപത്യം മരിക്കുകയാണ്. ഉദ്യോഗസ്ഥ ഭരണത്തിന്റെ ചീഞ്ഞുനാറ്റം അറിയുന്നില്ലേ?

ഡി.ജി.പിയാണ് ആ ഉദ്യോഗസ്ഥന്‍. പോലീസിന്റെ ഏറ്റവും തലപ്പത്തുള്ളയാള്‍. ഇനി സേനയില്‍ പ്രമോഷനാകാന്‍ കൂടിയ പദവിയില്ല. ഇപ്പോള്‍ ആ ഉദ്യോഗസ്ഥനെതിരെ കേസെടുക്കുവാന്‍ ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരിക്കുന്നു.

ആധാരമായ സംഭവം ഇങ്ങനെ: തിരുവനന്തപുരത്തെ ഒരു ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി ഏഴുപവന്‍ സ്വര്‍ണം 95% വിലകുറപ്പിച്ച് വാങ്ങിയെടുത്തു കളഞ്ഞു. വാങ്ങിയെടുത്തു എന്ന വാക്കിനേക്കാള്‍ തട്ടിയെടുത്തു എന്നതാണ് യോജിക്കുക. മകള്‍ക്ക് വേണ്ടിയാണ് ഇതു ചെയ്തത്. പൗരാണിക ഡിസൈനിലുള്ള നെക്ലെസ് ആണ് ഈ വിധത്തില്‍ തട്ടിയെടുത്തത്. പരാതി ഉത്ഭവിച്ചിട്ട് കാലം കുറെ ആയതാണ്. ജ്വല്ലറിയിലെ ക്യാമറകള്‍ അടക്കം പരിശോധിച്ച് കുറ്റം ഉറപ്പാക്കിയെങ്കിലും നടപടിക്കുള്ള ശിപാര്‍ശ വൈകിയാണ് ഉണ്ടായത്.

പോലീസിന്റെ തലപ്പത്തിരുന്നുകൊണ്ട്, സഹപ്രവര്‍ത്തകരെ കേസില്‍ കുടുക്കാനും ഈ ഉദ്യോഗസ്ഥന്‍ ശ്രമിച്ചിരുന്നു.
ഡ്യൂട്ടിയിലുള്ള പോലീസുകാരനെ മകള്‍ തല്ലിയത് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. പ്രശാന്തന്‍ കാണി എന്ന ഉദ്യോഗസ്ഥനാണ് ആ കേസ് അന്വേഷിച്ചത്. വളഞ്ഞുകൊടുക്കാന്‍ കൂട്ടാക്കാത്ത പ്രശാന്തന്‍ കാണിക്കെതിരെ വിജിലന്‍സ് കേസെടുത്താണ് ഡി.ജി.പി. പക പോക്കിയത്.

ഡി.ജി.പിയുടെ മകള്‍ക്കെതിരെ കുറ്റപത്രം നല്‍കിയത് എ.ഡി.ജി.പി ശ്രീജിത്ത് ക്രൈംബ്രാഞ്ചിന്റെ തലപ്പത്തുള്ളപ്പോള്‍ ആണ്. എത്രയോ അന്വേഷണ റിപ്പോര്‍ട്ടുകളും കുറ്റപത്രങ്ങളും സമര്‍പ്പിക്കപ്പെടാതെ പോലീസ് ആസ്ഥാനത്ത് തട്ടിക്കളിക്കുന്നു. അതുപോലെ തട്ടിക്കളിപ്പിക്കാനുള്ള ഡി.ജി.പിയുടെ ഇംഗിതം നടക്കാതെ പോയി. ഏതായാലും എഡിജിപിയായ ശ്രീജിത്തിനെതിരെയും വിജിലന്‍സ് കേസെടുത്തു. ഇതെല്ലാം പോലീസ് തന്നെ പ്രതിയും വാദിയുമായ കേസുകളിലെ വിചിത്ര പരിണാമങ്ങളാണ്.

ഇതേപ്പറ്റി ഭരണക്കാരെയും പ്രതിപക്ഷത്തെയും വിമര്‍ശിച്ചിട്ട് കാര്യമില്ല. വിമര്‍ശിക്കേണ്ടത് നികുതി ദായകരായ പൗരന്മാരെയാണ്. ഇത്രയും നാറ്റം വമിക്കുന്ന വിധം ഉദ്യോഗസ്ഥ ഭരണം തലയ്ക്കു മീതെ കനം തൂങ്ങിയിട്ടും നിശബ്ദരായി നോക്കി നില്‍ക്കുന്ന പൗരന്മാര്‍ ജനാധിപത്യത്തിന് തന്നെ ഭീഷണിയാണ്. ഉദ്യോഗസ്ഥര്‍ തമ്മില്‍ ഉള്ള കാര്യങ്ങള്‍ ഇത്ര ക്രൂരവും നിയമരഹിതവും ആയി മാറിയ ഒരു സംവിധാനത്തില്‍ എതിര്‍പക്ഷത്ത് ഒരു സാധാരണ പൗരന്‍ ആയിരുന്നു എങ്കില്‍ ആ മനുഷ്യന്റെ കഥ എന്തായി തീരുമായിരുന്നു? ചവിട്ടി അരയ്ക്കപ്പെടുമായിരുന്ന ആ മനുഷ്യജീവി നികുതിദായകരായ ഈ പൗരസഞ്ചയത്തിലാരുമാകാം. പ്രാധാന്യവും നിയമരക്ഷയും ഒരൊറ്റയാള്‍ക്കും കേരളത്തില്‍ ഇല്ല! ഉദ്യോഗസ്ഥരെ മാത്രമല്ല ജനപ്രതിനിധികളെയും മന്ത്രിമാരെയും പാര്‍ട്ടികളെയും ഒക്കെ തീറ്റിപ്പോറ്റുന്ന പൗരസമൂഹം ഒരു ഹിപ്‌നോട്ടിസ്റ്റിന്റെ മുമ്പില്‍ മോഹനിദ്രയില്‍ എന്ന പോലെ കിടക്കുന്നു. മതം, ജാതി, പാര്‍ട്ടി തുടങ്ങിയ കലഹങ്ങളില്‍ പങ്കുകൊണ്ടും ഹരം കയറിയും നാളുകള്‍ ചെലവിടുകയാണ്. ആ സമയത്ത് ഉദ്യോഗസ്ഥരും അവര്‍ വിരിക്കുന്ന പായയില്‍ അഞ്ചുകൊല്ലം ചുരുണ്ടു കൂടി കിടക്കുന്ന ജനപ്രതിനിധി എന്ന കൊഞ്ഞാണ്ടന്മാരും ചേര്‍ന്ന് ജനാധിപത്യത്തിന്റെ ശവമടക്ക് നടത്തുകയാണ്.

തമ്പ്രാക്കന്മാരും ദേശവാഴികളും നാടുവാഴികളും അവരുടെ അരിയിട്ട് വാഴ്ചകളുമാണ് ആധുനിക കേരളമെന്നു പറയുന്ന സ്ഥലത്ത് നടക്കുന്നത്. ഭരണഘടനാ അവകാശങ്ങള്‍ മറന്ന, ആത്മാഭിമാനബോധം നഷ്ടപ്പെട്ട പൗരന്‍ നിശബ്ദനായി സ്വന്തം അധികാരങ്ങളുടെയും അവകാശ അന്തസ്സുകളുടെയും പതിനാറടിയന്തിരത്തിന് കാവലിരിക്കുന്നതാണ് കാഴ്ച. ഏറ്റവും ഭയജനകമായ രാഷ്ട്രീയ ചിത്രം!

Share
അഭിപ്രായം എഴുതാം