കേരളത്തിൽ പുതിയൊരു തനതുകലാരൂപം വളർന്നുവന്നിരിക്കുന്നു. പോലീസും ഭരണാധികാരികളും ചേർന്നാണ് അത് വികസിപ്പിച്ചെടുത്തിരിക്കുന്നത്. “പ്രഥമ ദൃഷ്ട്യാ അറസ്റ്റ്” എന്ന് വിളിക്കാം. എപ്പോഴാണ് ഒരു പൗരനെ ഭരണകൂടം അറസ്റ്റ് ചെയ്യുന്നത് ? അയാളുടെ കുറ്റകൃത്യം ചുമതലക്കാരുടെ ശ്രദ്ധയിൽ വരണം. പലപ്പോഴും പരാതിക്കാരിലൂടെയാണ് കാര്യം അറിയുന്നത്. ചുമതലക്കാർ എന്നാൽ പോലീസ് തന്നെ.
ആദ്യം പരിശോധിക്കുന്നത് എന്താണ് ?
പരാതിയുടെ ആധികാരികത. സത്യസന്ധത.
സത്യമില്ലാത്ത പരാതിയിൽ നടപടിയുമായി മുന്നേറുവാൻ പോലീസിന് കഴിയില്ല. രണ്ടാംഘട്ടമായി കുറ്റമാരോപിക്കപ്പെടുന്ന ആളിലേക്ക് വരുന്നു. അയാളുടെ പങ്ക്, മറ്റു തെളിവുകൾ എല്ലാം വസ്തുനിഷ്ഠവും പക്ഷപാതരഹിതവും ആയി ശേഖരിക്കുന്നു. ഒടുവിൽ സംശയരഹിതമായി പോലീസിന് കാര്യം ബോധ്യമാകുന്നതോടെ അറസ്റ്റിലേക്ക് നീങ്ങുന്നു.
എന്തിനാണ് അറസ്റ്റ് ചെയ്യുന്നത് ?
വിചാരണയ്ക്ക് ആളെ വേണം. സാക്ഷികളെ സ്വാധീനിക്കരുത്. തെളിവുകൾ നശിപ്പിക്കുവാൻ അവസരം നൽകരുത്.
ഇതെല്ലാം നീതി നടപ്പാക്കാനുള്ള നിയമ വഴികൾ.
പി സി ജോർജിന്റെ അറസ്റ്റ് നോക്കാം. മറ്റൊരു കാര്യത്തിന് വിളിച്ചുവരുത്തി സംസാരിച്ചുകൊണ്ടിരിക്കെ ഒരു സ്ത്രീ പോലീസ് സ്റ്റേഷനിൽ വരുന്നു. പരാതി എഴുതി നൽകുന്നു. ഇപ്പോഴത്തെ സംസാരം തീർന്നതും അറസ്റ്റും കഴിഞ്ഞു.
വലിയൊരു ഭീകരാക്രമണത്തിന് പ്രതി പോവുകയാണെന്ന വിവരമോ മറ്റൊരാളെ കൊല്ലാൻ പോവുകയാണെന്ന വിവരമോ ഒന്നുമല്ല പരാതിക്കാരി നൽകിയത്. അടുത്ത് മുമ്പും പിമ്പും ഇടപെട്ടു വന്നിരുന്ന ഇവരെ ഇടയ്ക്ക് ഒരിക്കൽ ലൈംഗിക താൽപര്യത്തോടെ കടന്നു പിടിച്ചു പോലും!
സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളിൽ കേസെടുക്കാനല്ലാതെ ഒന്നും പരിശോധിക്കാതെ എതിർകക്ഷിയെ അറസ്റ്റ് ചെയ്ത ജയിലിൽ അടച്ചു കൊള്ളൂ എന്ന് ഇന്നേവരെ ഒരു കോടതിയും പറഞ്ഞിട്ടില്ല.
പരാതിക്കാരിയെ വിചാരണ ചെയ്ത് തൃപ്തിയടഞ്ഞ് മടക്കുന്ന പോലീസ് വിനോദം പതിവായപ്പോൾ അതിന് വിരാമം ഇടാനാണ് വിചാരണയും വിധിയെഴുത്തും കോടതി നടത്തികൊള്ളാം. മൊഴി രേഖപ്പെടുത്തി യോജിച്ച വകുപ്പ് ചാർത്തി കേസ് എടുക്കുകയും അന്വേഷണം നടത്തുകയും ചെയ്യുക മതിയെന്ന് പോലീസിനോട് കോടതി പറഞ്ഞത്.
കോടതി പറഞ്ഞു എന്ന കാരണം വെച്ച് ഒരു സ്ത്രീ വന്ന് പരാതി പറഞ്ഞാൽ കുറഞ്ഞപക്ഷം ആധാർ കാർഡെങ്കിലും പരിശോധിച്ച് അവരൊരു സ്ത്രീയാണെന്ന് ഉറപ്പാക്കുകപോലും ചെയ്യാതെ ആളെ അറസ്റ്റ് ചെയ്യാൻ കോടതി പറഞ്ഞിട്ടില്ല. നിയമവും നടപടിക്രമവും അങ്ങനെ പറയുന്നുമില്ല. അങ്ങനെ ചെയ്യുന്നത് കടുംകൈ മാത്രമല്ല, കുറ്റകരം കൂടിയാണ്.
അറസ്റ്റ് ചെയ്ത ജയിലിൽ അടച്ച ആളുടെ പേരിൽ കുറ്റം തെളിയാതെ വന്നാൽ അതു ചെയ്ത ഉദ്യോഗസ്ഥന് ഉത്തരവാദിത്വമുണ്ട്. ഈ നടപടികളിലെ നിയമ വിരുദ്ധതയും നീതിയില്ലായ്മയും സമൂഹം കാണുന്നുണ്ട്. സ്വന്തം അവസ്ഥ ഇതായി മാറാമെന്ന ബോധ്യം കാണുന്നവർക്ക് ഇല്ലാത്തതുകൊണ്ടു മാത്രം അധികാര ദുർവിനിയോഗം നടത്തുന്നവർ രക്ഷപെട്ടേക്കാം.
വ്യക്തിയെന്ന നിലയിൽ മനുഷ്യൻ സ്വയം തിരിച്ചറിയുകയും പൗരൻ എന്ന നിലയിൽ സാമൂഹ്യ ജീവിയായി വളരുകയും പെരുമാറുകയും ചെയ്യുന്ന കാലം വന്നാലേ നിയമവും നീതിയും പുലരുന്ന സമൂഹം ഉണ്ടാവുകയുള്ളൂ.