അറിയില്ലെങ്കിൽ ഇന്ദിരാഗാന്ധിയെ പഠിക്കാമായിരുന്നു

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിപ്പോയ മലയാളികളെയും ഇന്ത്യക്കാരെയും രക്ഷിക്കാൻ ചെയ്യുന്ന കാര്യങ്ങളാണ് വാർത്തകളിൽ -സൗദാമിനി കാബൂളിലെ സങ്കേതത്തിൽ നിന്ന് റോയിറ്റർ ലേഖകനോട് പറഞ്ഞു എന്നൊക്കെയുള്ള വാർത്തകൾ മലയാള മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്നു. ഇനിയും വരും. ചോദിക്കട്ടെ – നയതന്ത്ര തീരുമാനങ്ങളെ പറ്റി കേരള പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷ എഴുതാത്തവരായിരുന്നോ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാക്കൾ ആയി ഉണ്ടായിരുന്നത്. അമേരിക്കയുടെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോർജ് ബൈഡൻ ജയിച്ചാൽ എന്താണ് അഫ്ഗാനിസ്ഥാനിൽ ചെയ്യുക എന്ന് പറഞ്ഞിരുന്നുവല്ലോ ? വകതിരിവുള്ള ആരെങ്കിലും അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിറ്റേദിവസം അഫ്ഗാനിസ്ഥാനിൽ ഉള്ള ഇന്ത്യക്കാരോട് മടങ്ങാൻ പറഞ്ഞോ ? കോൺഗ്രസ്, ബിജെപി കേരളത്തിലാണെങ്കിൽ സിപിഎം? ആരെങ്കിലും പറഞ്ഞോ? പറഞ്ഞില്ല. മാസങ്ങൾ കഴിഞ്ഞ് താലിബാൻ ഭരണം പിടിച്ചെടുത്തപ്പോൾ ആര് ആദ്യം ഒഴിപ്പിക്കും, ഇനി ആര് ആദ്യം ഒഴിപ്പിക്കും എന്നു മട്ടിൽ ദേശീയമാധ്യമങ്ങളിൽ പ്രതികരണങ്ങൾ വരികയാണ്. പറയാതിരിക്കാൻ വയ്യ. പാകിസ്ഥാന്റെ കീഴിലാണെന്ന് ലോകം മുഴുവൻ അംഗീകരിച്ചിരുന്ന ഒരു പ്രവിശ്യയിലേക്ക് ഇന്ത്യൻ സൈന്യത്തെ അയച്ച ലോക ഭൂപടത്തിൽ പുതിയൊരു രാജ്യം സൃഷ്ടിച്ച ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പറ്റി.
അന്ന് ഇന്ത്യ ദരിദ്രമായിരുന്നു എല്ലാ കാര്യത്തിലും . ലോകത്തെ നൂറാമതിനും പിന്നിൽ. പക്ഷേ ഇന്ത്യ എന്ന സത്യത്തെ നെഞ്ചിലേറ്റിയവർ ഇന്ത്യ എന്താണെന്ന് കാണിച്ചുകൊടുത്തു. ബംഗ്ലാദേശ് എന്ന പുതിയ രാജ്യം ഉണ്ടായി.

ഇന്ത്യയിലെ ജനം കൊടുത്ത നികുതി കൊണ്ട് പണിയിച്ച അഫ്ഗാനിസ്ഥാനിലെ പാർലമെൻറ് മന്ദിരവും ജനാധിപത്യവും താലിബാൻ താഴെ വീഴ്ത്തി. ചൈന പിന്തുണ നൽകി സ്ഥലം കൈയ്യടക്കി. ഇന്ത്യക്കാരുടെ കാശുകൊണ്ട് പണിയിച്ച മന്ദിരത്തിൽ ഇന്ത്യക്കാർക്കെതിരെ മുദ്രാവാക്യങ്ങൾ ഉയരും. വേണമെങ്കിൽ ഇടിച്ച് കളഞ്ഞ ചൈനീസ് പണം കൊണ്ട് മറ്റൊന്ന് തീർക്കും.
ഇതുവരെയും ഇതെല്ലാം ചെയ്ത ഇന്ത്യക്കാർക്ക് എന്ത് ഗുണം ? ഗുണം ചൈനയ്ക്ക്. ഇന്ത്യയ്ക്കെതിരെ സൈനിക നീക്കം നടത്തുന്ന പാക്ക് പട്ടാളത്തിന് പിന്നിൽ മറ്റൊരു പാകിസ്ഥാൻ കൂടി അത്രതന്നെ.

ഇന്ത്യയുടെ അഫ്ഗാൻ നയം തോറ്റു. ഇന്ന് ഇന്ദിരാഗാന്ധി ആയിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി എങ്കിൽ ഒരു സംശയവും വേണ്ട. കാബൂളിൽ ഇന്ത്യൻ സൈന്യം ഉണ്ടാകുമായിരുന്നു. അന്ന് ഡാക്കയിലേതുപോലെ അമേരിക്ക തോറ്റ് പിൻ വാങ്ങിയ സ്ഥലത്ത് ഇന്ത്യൻ ജനാധിപത്യം കൊടി പാറിയ്ക്കുമായിരുന്നു. ഇന്ന് കാണ്ഡഹാർ എന്ന് ഇംഗ്ലീഷിൽ പറയുന്ന ഗാന്ധാരത്തിൽ നിന്ന് വധുവായി കുരുവംശ രാജധാനിയിലേക്ക് വന്നവളാണ് ഗാന്ധാരി. ഗാന്ധാരി അമ്മയുടെ നാട്ടിൽ തലയും കാലും മറക്കാത്ത പെണ്ണിനെ തല്ലിയും ശിക്ഷിച്ചും ആണ് രാജ്യത്തിന് ഭരണാധികാരം പോലും ഉണ്ടാകുന്നതിനു മുമ്പേ ആരംഭിച്ചിരുന്ന പരിപാടി. ഗാന്ധാരിയും അമ്മയും എവിടെയെങ്കിലും കിടക്കട്ടെ .
അഫ്ഗാനിസ്ഥാനിൽ ജനാധിപത്യം ഉണ്ടാക്കാനായി ഇതുവരെ ചെലവിട്ട് കോടികൾ രാജ്യ സുരക്ഷയുടെ പിഴവിൽ എഴുതി തള്ളിയാൽ മാത്രം പോരാ. ചിലതിന് ഉറപ്പു വേണം. അറിയില്ലെങ്കിൽ ഇന്ദിരാഗാന്ധിയോട് ചോദിക്കണം.

Share
അഭിപ്രായം എഴുതാം