അത്തരം സന്നദ്ധപ്രവര്‍ത്തകരെയും ക്വാറന്റൈനില്‍ ആക്കണം.

നിലമ്പൂര്‍ കരുളായി പഞ്ചായത്തിലെ സന്നദ്ധ പ്രവര്‍ത്തകരുടെ അപമാനിക്കലിന് ഇരയായ 85 കാരന്റെ വേദന സമൂഹം ഏറ്റെടുക്കുകയാണ്. രൂക്ഷമായ പ്രതികരണമാണ് പല കോണുകളില്‍നിന്നും വരുന്നത്. ഇത്തരം സന്നദ്ധപ്രവര്‍ത്തകരെ വീടുകളില്‍ ക്വാറന്റൈനിലാക്കുന്നത് നല്ലതാണ്.

85 വയസ്സ് കഴിഞ്ഞ അഭിമാനിയായ ഒരു വൃദ്ധനാണ് അങ്ങേയറ്റം അറപ്പുളവാക്കുന്ന വിധം അപമാനിക്കപ്പെട്ടിരിക്കുന്നത്. കെട്ടിമേയാത്ത ഇടിഞ്ഞുവീഴാറായ വീട്ടിലാണ് താമസിക്കുന്നതെങ്കിലും അഭിമാനബോധം തുളുമ്പുന്ന പ്രതികരണമാണ് അദ്ദേഹത്തില്‍ നിന്നുണ്ടായത്. 85 വയസ്സിലും അദ്ദേഹം പ്രതികരിച്ചത് ‘പണ്ടായിരുന്നുവെങ്കില്‍ ഞാന്‍ വെറുതെ വിടുകയില്ലായിരുന്നു’ എന്നാണ്.

അഗതികള്‍ക്കും വൃദ്ധര്‍ക്കും ലോക് ഡൗണ്‍ ആയതോടെ കഷ്ടകാലമാണ് . ഭക്ഷണം കിട്ടാന്‍ വഴിയില്ലാതായ ഇത്തരം ആളുകളെ സഹായിക്കുന്നതിനുവേണ്ടിയാണ് കമ്മ്യൂണിറ്റി കിച്ചന്‍ സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ളത്. പഞ്ചായത്തുകളുടെ നേതൃത്വത്തിലാണ് ഇത് നടപ്പാക്കുന്നത്. ‘പഞ്ചായത്തില്‍ നിന്ന് കൊടുക്കുന്ന ഭക്ഷണം കഴിച്ചുകിടക്കുന്നവര്‍’ എന്ന അവമതിപ്പ് സൂക്ഷിച്ചു കൊണ്ടാണ് സന്നദ്ധ സേവനം എന്നപേരില്‍ ഇവര്‍ക്ക് ഭക്ഷണം എത്തിച്ചിരുന്ന പലരും പ്രവര്‍ത്തിച്ചിരുന്നത് എന്ന് തെളിയിക്കുന്ന സംഭവമാണ് കരുളായിയില്‍ നിന്ന് പുറത്തുവന്നത്. മൂന്നുദിവസമായി കമ്യൂണിറ്റി കിച്ചണില്‍ നിന്നുള്ള ഭക്ഷണം വൃദ്ധനായ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിച്ചു കൊണ്ടിരുന്നു. പക്ഷേ കഴിഞ്ഞ ദിവസം ഭക്ഷണം 3 മണി കഴിഞ്ഞാണ് എത്തിയത്. രാവിലെ മുതല്‍ ഒന്നും കഴിക്കാതെ വിശന്നുവലഞ്ഞ വൃദ്ധന്‍ ‘ഉച്ചയ്ക്കല്ലേ ഉച്ചഭക്ഷണം തരേണ്ടത്’ എന്ന് ചോദിച്ചു പോയി. ‘പഞ്ചായത്തിലെ സൗജന്യം വാങ്ങി തിന്നു ജീവിക്കുന്ന ആളുകള്‍’ എന്ന് പുച്ഛത്തോടെ പഞ്ചായത്ത് മെമ്പറുടെ മകന്‍ കൂടിയായ സന്നദ്ധ പ്രവര്‍ത്തകന്‍ പൊട്ടിത്തെറിച്ചു. ‘വേണമെങ്കില്‍ തിന്നാ മതി, ഫ്രീയായി കിട്ടുന്നതല്ലേ, മൂന്ന് ദിവസമായി ഞണ്ണി കൊണ്ടിരിക്കുകയല്ലേ?’ എന്നൊക്കെയായി ഭാഷാപ്രയോഗങ്ങള്‍.

അവശന്‍ ആകുന്നതിനു മുന്‍പ് ആരുടെയും മുന്നില്‍ കൈ നീട്ടാത്ത, സൗജന്യം പറ്റാത്ത വൃദ്ധന്റെ മനസ്സ് വല്ലാതെ വേദനിച്ചു. പൊട്ടി അടര്‍ന്നു വീഴാറായ ചുമരുകളും ടാര്‍പോളിന്‍ കൂടി സഹായിച്ചിട്ടും നനഞ്ഞ് ഒലിക്കുന്ന പഴയ വീടുമാണ് സമ്പാദ്യമായിട്ടുള്ളത്. പണിയെടുക്കാന്‍ കഴിയുന്ന കാലത്ത് ആരുടെയും സൗജന്യം കൈപ്പറ്റാത്ത അദ്ദേഹം വേദനയോടു കൂടി വീടിനുള്ളില്‍ കയറി അവസാനത്തെ ചില്ലിക്കാശും എടുത്ത് പഞ്ചായത്തിലെ സൗജന്യ കിച്ചനുനേരെ പോയി. അവിടെ ചെന്ന് പഞ്ചായത്ത് സെക്രട്ടറിയെ കണ്ട് മൂന്നു ദിവസം കഴിച്ച ഭക്ഷണത്തിന് 300 രൂപ കൊടുത്ത് സലാം പറഞ്ഞ് മടങ്ങി. ഇനി മേലാല്‍ പഞ്ചായത്ത് വക സൗജന്യ ഭക്ഷണം വേണ്ട എന്ന് തീരുമാനിച്ചു.

അടിസ്ഥാനപരമായി എല്ലാ പണങ്ങളും ജനങ്ങള്‍ നല്‍കുന്നതാണ്. നികുതിയായാലും ദുരിതാശ്വാസമായാലും. നടപ്പാക്കുന്നവര്‍ ആരും അവരുടെ കയ്യില്‍ നിന്നെടുത്തതല്ല ഒന്നും ചെയ്യുന്നത്. പക്ഷേ, കൊടുക്കുന്നവരുടെ ഭാവം അത് അവര്‍ കൊടുക്കുന്നതാണ് എന്നാണ്. പഞ്ചായത്ത് കൊടുക്കുന്നു എന്നുപറയുമ്പോള്‍ പഞ്ചായത്ത് പ്രസിഡണ്ടും അതിലെ അംഗങ്ങളും സെക്രട്ടറിയും നാട്ടുകാരെ തീറ്റിപ്പോറ്റുന്നു എന്നമട്ടിലാണ് ചിന്തകള്‍ എന്നു തോന്നും കരുളായിയിലെ സംഭവം കാണുമ്പോള്‍.

അപക്വമതികളായ സന്നദ്ധപ്രവര്‍ത്തകരെ രംഗത്തുനിന്ന് നിഷ്‌ക്രമിപ്പിക്കേണ്ട കാലം കഴിഞ്ഞു തുടങ്ങി. ലോക് ഡൗണ്‍ രണ്ടാഴ്ച പിന്നിടുമ്പോള്‍ ജനജീവിതത്തില്‍ വലിയ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുകയാണ്. അതാതു ദിവസം കിട്ടുന്ന പൈസ കൊണ്ട് ജീവിച്ചിരുന്ന ആളുകള്‍ക്ക് ഗതിമുട്ടി തുടങ്ങി. മധ്യവര്‍ഗ്ഗങ്ങള്‍ ഭാവിയെ ഓര്‍ത്ത് ആകുലപ്പെടുന്നു. ഇതിനെല്ലാമിടയില്‍ കഴിയുന്ന വിധത്തില്‍ അവര്‍ സമൂഹത്തെ സഹായിക്കുന്നുമുണ്ട്. പക്ഷേ പഞ്ചായത്തിന്റേതായാലും സംസ്ഥാനത്തിന്റേതായാലും ഭരണത്തിന്റേയോ അധികാരത്തിന്റേയോ തണല്‍ പറ്റി ഗതിമുട്ടിയ പാവങ്ങളെ ആക്ഷേപിക്കുന്ന വിധം ഇടപെടുന്നത് ദുഃഖകരമാണ്. സമൂഹം അവരോട് ക്ഷമയില്ലാത്ത വിധം പ്രതികരിച്ചു എന്നു വരാം.

കൊറോണയില്‍ നിന്നും രക്ഷിക്കാന്‍ എന്ന പേരില്‍ ലോക് ഡൗണിന്റെ ഒന്നാം ഘട്ടത്തില്‍ അഴിഞ്ഞാടിയ ക്രിമിനല്‍ പോലീസുകാര്‍ രംഗത്തുനിന്ന് ഏറെക്കുറെ നിഷ്‌ക്രമിച്ചിട്ടുണ്ട്. അവര്‍ സമൂഹത്തില്‍ സൃഷ്ടിച്ച അരക്ഷിതത്വവും വെറുപ്പും ബാക്കി നില്‍ക്കെയാണ് സന്നദ്ധസേവകരുടെ അപക്വമായ പെരുമാറ്റങ്ങളും പ്രയോഗങ്ങളും പുറത്തുവന്നു തുടങ്ങുന്നത്. ലോക് ഡൗണ്‍ കാരണം ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ല. തൊട്ടു മുമ്പില്‍ നടക്കുന്ന കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയുന്നില്ല. ഈ സാഹചര്യം വിനിയോഗിച്ചു കൊണ്ട് സര്‍ക്കാരിന്റെ പക്ഷത്തുനിന്ന് പ്രവര്‍ത്തിക്കുന്നവര്‍ എന്ന ഭാവേന പുറത്തിറങ്ങാനും ഓടി നടക്കാനും ലൈസന്‍സ് വാങ്ങിയ ആളുകള്‍ തോന്നുന്ന മട്ടില്‍ ആളുകളോട് ഇടപെടുന്നത് നിയന്ത്രിച്ചേ മതിയാകൂ. പ്രത്യേകിച്ച് സര്‍ക്കാരില്‍നിന്ന് സൗകര്യങ്ങള്‍ സ്വീകരിച്ചു മാത്രം പ്രാണന്‍ നിലനിര്‍ത്താന്‍ കഴിയുന്ന ഗതികേടിലായി പോയ ആളുകളുടെ കാര്യത്തില്‍ .

എഡിറ്റര്‍- ഇന്‍-ചീഫ്‌

Share
അഭിപ്രായം എഴുതാം