കുടുംബത്തിന് പണം കിട്ടണം, സ്വയം ക്വട്ടേഷന്‍ നല്‍കി മരണം വരിച്ച് ബിസിനസുകാരന്‍

ഡല്‍ഹി : കുടുംബത്തിന് ഇന്‍ഷുറന്‍സ് തുക ലഭിക്കാനായി കൊലപ്പെടുത്താന്‍ സ്വയം ക്വട്ടേഷന്‍ നല്‍കി ഡല്‍ഹിയിലെ ബിസിനസുകാരന്‍. ജൂണ്‍ ഒമ്പതിന് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ഡല്‍ഹി ഇന്ദ്രപ്രസ്ഥ എക്സറ്റന്‍ഷനില്‍ താമസിക്കുന്ന ഗൗരവിന്റെ (37) മരണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുണ്ടായിരിക്കുന്നത്.

സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ഉള്‍പ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ബിസിനസുകാരനായ ഗൗരവ് കഴിഞ്ഞ ഫെബ്രുവരിയില്‍ ആറ് ലക്ഷം രൂപയുടെ വായ്പ എടുത്തിരുന്നു. മാത്രമല്ല, ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിനിരയായി 3.5 ലക്ഷം രൂപയും നഷ്ടപ്പെട്ടു. വായ്പ തിരിച്ചടവ് മുടങ്ങുകയും തട്ടിപ്പിനിരയാവുകയും ചെയ്തതോടെ കടുത്ത മാനസികപ്രയാസത്തിലായിരുന്നു ഇയാള്‍. തുടര്‍ന്ന് കുടുംബത്തിന് പണം കിട്ടാന്‍ തന്നെ കൊല്ലാന്‍ 19കാരനെ ഏല്‍പ്പിക്കുകയായിരുന്നു. തന്റെ ഒരു ഫോട്ടോയും ഗൗരവ് അയച്ചുനല്‍കിയിരുന്നു. സംഭവത്തില്‍ ഗൗരവിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു. ഇതില്‍നിന്ന് പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടിയുമായി ഗൗരവ് ഫോണില്‍ നിരന്തരം സംസാരിച്ചിരുന്നതായി കണ്ടെത്തി. തുടര്‍ന്ന് ഈ കുട്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ജൂണ്‍ ഒമ്പതിന് ഗൗരവ് റാന്‍ഹൗലയില്‍ എത്തി. തുടര്‍ന്ന് ഗൗരവിനെ പ്രതികള്‍ ഒഴിഞ്ഞസ്ഥലത്ത് കൊണ്ടുപോവുകയും കൈകള്‍ ബന്ധിച്ചശേഷം മരത്തില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയുമായിരുന്നു.

രാവിലെ വ്യാപാരസ്ഥാപനത്തിലേക്ക് പോയ ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്തിയില്ലെന്ന് ഭാര്യ ഷാനു ബന്‍സാല്‍ പിറ്റേദിവസം പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഡല്‍ഹി റാന്‍ഹൗലയില്‍ ഗൗരവിനെ മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

Share
അഭിപ്രായം എഴുതാം