ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതുകൊണ്ട് പഞ്ചാബിലും വിദ്യാര്‍ഥിനിയുടെ തൂങ്ങിമരണം

ചണ്ഡീഗഡ്: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതുകൊണ്ട് പഞ്ചാബില്‍ വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു. പഞ്ചാബിലെ മന്‍സ ജില്ലയിലാണ് കര്‍ഷക തൊഴിലാളിയുടെ മകളായ 17കാരി സ്വഗൃഹത്തില്‍ തൂങ്ങിമരിച്ചത്. രാജ്യത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്ന വിവരം അറിഞ്ഞതോടെ ഫോണ്‍ വാങ്ങണമെന്ന് കുട്ടി വീട്ടില്‍ ആവശ്യപ്പെട്ടിരുന്നു. പണമില്ലാത്തതിനാല്‍ സാധിച്ചില്ലെന്നും ഇതുമൂലം കുട്ടി മനോവിഷമത്തിലായിരുന്നുവെന്നും പിതാവ് ജഗസീര്‍ സിംഗ് പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ പെണ്‍കുട്ടി ഫോണ്‍ ആവശ്യപ്പെട്ടിരുന്നു. കര്‍ഷക തൊഴിലാളികളായ മാതാപിതാക്കള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കാന്‍ കഴിഞ്ഞില്ല. ഇതോടെ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന്, എല്ലാ യുവതീയുവാക്കള്‍ക്കും സ്മാര്‍ട്ട് ഫോണ്‍ എന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റാനായില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു. കേരളത്തില്‍ മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിലും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സ്മാര്‍ട്ഫോണോ ടിവിയോ ഇല്ലെന്ന കാരണത്താല്‍ ഒരു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തിരുന്നു.

Share
അഭിപ്രായം എഴുതാം