പത്തനംതിട്ട: തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ നിന്നും പശ്ചിമ ബംഗാളിലേക്ക് പുറപ്പെട്ട സ്‌പെഷല്‍ ട്രെയിനില്‍ സ്വദേശത്തേക്ക് മടങ്ങിയത് 1,564 അതിഥി തൊഴിലാളികള്‍. തിരുവല്ലയില്‍ നിന്ന് ഇന്നലെ വൈകിട്ട് അഞ്ചിന് പുറപ്പെട്ട ട്രെയിനില്‍ വിവിധ താലൂക്കുകളില്‍ നിന്നും മുപ്പതില്‍പരം ബസുകളിലായിട്ടാണ് ഇവരെ സ്റ്റേഷനില്‍ എത്തിച്ചത്. മേയ് 27ന് തിരുവല്ലയില്‍ നിന്ന് പശ്ചിമ ബംഗാളിലേക്ക് പുറപ്പെട്ട ആദ്യ ട്രെയിനില്‍ 1,468 പേര്‍ യാത്രയായിരുന്നു.
അടൂര്‍ താലൂക്കില്‍ നിന്ന് 429, കോന്നി താലൂക്കില്‍ നിന്ന് 204, തിരുവല്ല താലൂക്കില്‍ നിന്ന് 350, റാന്നി താലൂക്കില്‍ നിന്നും 193, മല്ലപ്പള്ളി താലൂക്കില്‍ നിന്ന് 268, കോഴഞ്ചേരിയില്‍ നിന്ന് 120, അതിഥി തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങിയത്. ജില്ലാ ഭരണകൂടത്തിന്റെയും റവന്യൂ, ലേബര്‍ വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് അതിഥി തൊഴിലാളികളെ നാട്ടിലേക്ക് അയച്ചത്.
ചപ്പാത്തി, അച്ചാര്‍, ബ്രഡ്, ഏത്തപ്പഴം, വെള്ളം എന്നിവ അടങ്ങിയ സൗജന്യ ഭക്ഷണ കിറ്റും ഇവര്‍ക്ക് കൈമാറി. അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ തൊഴിലാളികള്‍ക്ക് മാസ്‌ക്കും സാനിറ്റൈസറും നല്‍കി. ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) ബി. രാധാകൃഷ്ണന്‍, തിരുവല്ല തഹസില്‍ദാര്‍ പി. ജോണ്‍ വര്‍ഗീസ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീകുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, ഡെപ്യൂട്ടി ഡി.എല്‍.ഒ., അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഇവരെ യാത്രയാക്കിയത്.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/4892/Train-to-Bengal-from-Thiruvalla.html