കാലടിയില്‍ സ്ഥാപിച്ച സിനിമ സെറ്റ് പൊളിച്ചുനീക്കി

കാലടി: കാലടിയില്‍ സ്ഥാപിച്ച മിന്നല്‍ മുരളി സിനിമ സെറ്റ് പൊളിച്ചുനീക്കി. പെരിയാറിനുനടുവില്‍ സ്ഥിതിചെയ്യുന്ന കാലടി ശിവരാത്രി മണല്‍പുറത്ത് സിനിമയുടെ ഷൂട്ടിങ്ങിനായി താല്‍കാലികമായി നിര്‍മിച്ച ക്രിസ്ത്യന്‍പള്ളിയാണ് സിനിമ പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ പൊളിച്ചുനീക്കിയത്. ബുധനാഴ്ച രാവിലെ പത്തുമണിക്ക് എക്‌സ്‌വേറ്ററിന്റെ സഹായത്തോടെ പൊളിക്കല്‍ ആരംഭിച്ചു. പാഴ്മരത്തിന്റെ പുറവെട്ട്, പട്ടികകഷണങ്ങള്‍, പ്ലൈവുഡ്, ഇരുമ്പ് പൈപ്പുകള്‍, തകരഷീറ്റുകള്‍, തെര്‍മോകോള്‍ തുടങ്ങിയ സാധനങ്ങള്‍ ഉപയോഗിച്ചായിരുന്നു സെറ്റ് നിര്‍മിച്ചിരുന്നത്. ലോക്ഡൗണ്‍ കാരണം ഷൂട്ടിങ് തുടര്‍ന്ന് നടത്താന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു. കാലടി ഗ്രാമപ്പഞ്ചായത്ത് സെറ്റ് പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

മണല്‍പുറത്ത് നിര്‍മിച്ച ഷൂട്ടിങ് സെറ്റ് പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ ബജ്‌റംഗദള്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ ഭാഗികമായി തകര്‍ത്തത് ഏറെ വിവാദമായിരുന്നു. ഏതാനും ദിവസത്തിനുള്ളില്‍ സംഘടനയുടെ ജില്ലാ പ്രസിഡന്റെ വെട്ടിക്കാട്ടില്‍ രതീഷ് ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. നടന്‍ ടൊവിനോ തോമസ് നായകനായ മിന്നല്‍ മുരളി എന്ന സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണത്തിനുവേണ്ടിയാണ് പള്ളിയുടെ സെറ്റ് നിര്‍മിച്ചത്.

Share
അഭിപ്രായം എഴുതാം