താഴത്തങ്ങാടി കൊലപാതകം മോഷണലക്ഷ്യത്തോടെ, പ്രതി വീടുമായി അടുപ്പമുള്ളയാളെന്ന് സംശയം

കോട്ടയം: പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതിനു പിന്നില്‍ മോഷണമെന്ന് സൂചന. വീട്ടമ്മ അണിഞ്ഞിരുന്ന സ്വര്‍ണമാലയും വളകളും മോതിരവും മോഷണംപോയതായി വ്യക്തമായി. കൊലപാതകം നടന്ന വീട്ടില്‍ ഡോഗ് സ്‌ക്വാഡ് എത്തി പരിശോധന നടത്തി. വീട്ടിലെ ഒരു മുറിയില്‍നിന്ന് ഉപയോഗിച്ചശേഷം ഉപേക്ഷിച്ച ഒരു ഗ്ലൗസ് കണ്ടെടുത്തു. ഈ ഗ്ലൗസില്‍നിന്ന് മണംപിടിച്ച പൊലീസ് നായ വീട്ടില്‍നിന്ന് ഒരു കിലോമീറ്ററോളം അകലെയുള്ള ഒരു ചായക്കടയിലേക്കാണ് പോയത്. പ്രതി കൊല നടത്താന്‍ ഉപയോഗിച്ച ഗ്ലൗസ് ആയിരിക്കും ഇതെന്നാണ് പൊലീസ് കരുതുന്നത്. ഞായറാഴ്ച രാവിലെ ഒമ്പതുമണി കഴിഞ്ഞാണ് സംഭവം നടന്നതെന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

ഷീബ

സിസിടിവിയില്‍ കാര്‍ വീട്ടില്‍നിന്ന് ഇറക്കിക്കൊണ്ടുപോവുന്ന ദൃശ്യം പതിഞ്ഞിരുന്നു. കാര്‍ കുമരകം ഭാഗത്തേക്കാണ് പോയിട്ടുള്ളത്. കാറില്‍ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് പൊലീസ് പറയുന്നത്. കാര്‍ സംസ്ഥാനം വിട്ടുപോവാതിരിക്കാന്‍ ചെക്ക്‌പോസ്റ്റുകളില്‍ ഞായറാഴ്ച തന്നെ വിവരം അറിയിച്ചിരുന്നു. കൂടാതെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും കാറിന്റെ നമ്പരും മറ്റ് വിശദവിവരങ്ങളും നല്‍കിയിരുന്നു. എന്നാല്‍, കാറിനെക്കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.

ഇരുമ്പുദണ്ഡുകൊണ്ടുള്ള അടിയേറ്റാണ് ഷീബ മരിച്ചത്. തല ഛിന്നഭിന്നമായിട്ടുണ്ട്. ഇതേ ആയുധംകൊണ്ടുതന്നെയാവാം സാലിക്കിന്റെ തലയ്ക്കിട്ടും അടിച്ചത്. ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടിരുന്നതില്‍നിന്ന് ഇരുവരെയും കത്തിക്കാന്‍ പ്ലാനിട്ടിരുന്നതായിട്ടാണ് സൂചന. കൊല്ലപ്പെട്ട ഷീബയുടെ സ്വര്‍ണാഭരണങ്ങളും മോഷണം പോയിട്ടുണ്ട്. കൈയില്‍ പതിവായി ധരിക്കാറുള്ള വളകള്‍ കാണാനില്ലെന്ന് സാലിയുടെ സഹോദരന്‍ പറഞ്ഞു.

ഈ വീടുമായി പരിചയമുള്ള ആരോ ആണ് അക്രമത്തിനു പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. വീടിന്റെ ഹാളിനുള്ളിലെ മേശപ്പുറത്ത് ഒരു ഗ്ലാസ് പൊട്ടിയ നിലയില്‍ കിടക്കുന്നുണ്ട്. പരിചയമുള്ള ആരോ വന്നപ്പോള്‍ വെള്ളമോ ചായയോ കൊടുത്ത ഗ്ലാസ് ആവാമിതെന്നാണ് പൊലീസ് കരുതുന്നത്. അടുക്കളയില്‍ ഷീബ ചപ്പാത്തി വേവിച്ചുകൊണ്ടിരിക്കുകയായിരുന്നു. വീട്ടിലേക്ക് ആരോ വന്നപ്പോള്‍ ചപ്പാത്തി ഉണ്ടാക്കല്‍ നിര്‍ത്തി ഹാളിലേക്ക് വന്നതാകുമെന്നും പൊലീസ് കരുതുന്നു. ഗുരുതരാവസ്ഥയിലുള്ള ഷീബയുടെ ഭര്‍ത്താവ് അബ്ദുല്‍ സാലിക്ക് ഓര്‍മ തെളിഞ്ഞാല്‍ കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാവുമെന്നാണ് കരുതുന്നത്. ഷീബയുടെയും ഭര്‍ത്താവിന്റെയും ശരീരത്തില്‍ വൈദ്യുതിവയര്‍ കെട്ടിവച്ചിരുന്നു. വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Share
അഭിപ്രായം എഴുതാം