കറുത്തവര്‍ഗക്കാരനെ പൊലീസ് കൊലപ്പെടുത്തിയ സംഭവത്തില്‍ അമേരിക്കയില്‍ പ്രതിഷേധം വ്യാപിക്കുന്നു, അറസ്റ്റുകളും

വാഷിങ്ടണ്‍: കറുത്തവര്‍ഗക്കാരനെ പൊലീസ് കൊലപ്പെടുത്തിയ സംഭവത്തില്‍ അമേരിക്കയില്‍ പ്രതിഷേധം കനക്കുന്നു. കൊവിഡ് മഹാമാരി ഒരുലക്ഷംപേരുടെ ജീവന്‍ അപഹരിച്ചതിനു പിന്നാലെ ആഭ്യന്തരകലാപം രൂക്ഷമായത് അമേരിക്കയ്ക്ക് വന്‍ തിരിച്ചടിയായി. പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിനായി നാഷനല്‍ ഗാര്‍ഡിനെ വിന്യസിച്ചതിനു പുറമെ വ്യാപകമായ അറസ്റ്റും നടക്കുന്നുണ്ട്. ന്യൂയോര്‍ക്ക് മുതല്‍ ലോസ് ആഞ്ചലസ് വരെ തെരുവിലിറങ്ങിയ പ്രക്ഷോഭകര്‍ പൊലീസ് വാഹനങ്ങളുള്‍പ്പെടെ കത്തിച്ചു. ഫിലാഡെല്‍ഫിയയില്‍ പ്രക്ഷോഭം അക്രമാസക്തമായതിനെ തുടര്‍ന്ന് 13 പൊലീസുകാര്‍ക്ക് പരിക്കേറ്റു.

ഫ്‌ലോറിഡയിലെ ചെല്ലഹസ്സിയില്‍ പ്രക്ഷോഭകാരികളുടെ ഇടയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി. ട്രക്ക് തടഞ്ഞ് ഡ്രൈവറെ പിടികൂടിയിട്ടുണ്ട്. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇന്‍ഡ്യാന പൊളീസില്‍ സമരക്കാരുടെ നേരെ വെടിവച്ചു. ഇവിടെ ഒരാള്‍ മരിച്ചിട്ടുണ്ട്. പ്രക്ഷോഭം ശമനമില്ലാതെ തുടരുന്നതിനിടെ 17 നഗരങ്ങളിലായി 1400 പേര്‍ അറസ്റ്റിലായി. ഇതില്‍ 500ഓളം പേര്‍ ലോസ് ഏഞ്ചലസിലാണ്. അറസ്റ്റുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുകയാണ്. രാജ്യത്തെ പ്രധാനപ്പെട്ട ഒരു ഡസന്‍ നഗരങ്ങൡ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു.

ലോസ് ആഞ്ചലസില്‍ പ്രക്ഷോഭത്തെ അനുകൂലിച്ച് തെരുവിലിങ്ങിയ ഹോളിവുഡ് നടന്‍ കെന്‍ട്രിക് സാംപ്‌സന് റബര്‍ ബുള്ളറ്റ് കൊണ്ടുള്ള വെടിയേറ്റു. പ്രക്ഷോഭത്തെ അനുകൂലിക്കുന്ന ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നതിന് സെല്‍ഫി എടുക്കുന്നതിനിടെയാണ് താരത്തിനു വെടിയേറ്റത്. സമരക്കാര്‍ക്ക് ജാമ്യം എടുക്കുന്നതിന് ഹോളിവുഡ് താരങ്ങള്‍ തുക നല്‍കി. ആവശ്യമെങ്കില്‍ ഇനിയും തുക നല്‍കാന്‍ തയ്യാറാണെന്ന് അവര്‍ അറിയിച്ചു.

Share
അഭിപ്രായം എഴുതാം