രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന്, ചൈനീസ് വിദ്യാര്‍ഥികളെ അമേരിക്കയില്‍നിന്ന് പുറത്താക്കാന്‍ നീക്കം

വാഷിങ്ടണ്‍: രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് ആരോപിച്ച് ചൈനീസ് വിദ്യാര്‍ഥികളെ അമേരിക്കയില്‍നിന്ന് പുറത്താക്കാന്‍ നീക്കം. ചൈനയും അമേരിക്കയും തമ്മിലുള്ള വാക്കുകള്‍കൊണ്ടുള്ള പന്തുതട്ടിക്കളി കാര്യത്തിലേക്ക് കടക്കുന്നു. ചൈനയില്‍നിന്നുള്ള വിദ്യാര്‍ഥികളെ ഘട്ടംഘട്ടമായി പൂര്‍ണമായും വിലക്കാന്‍ ഒരുങ്ങുകയാണ് അമേരിക്ക. നേരത്തെ വ്യാപാരരംഗത്ത് ഇരുകൂട്ടരും പോര് തുടങ്ങിയിരുന്നു. കൊറോണ വൈറസ്, ഹോങ്കോങ് വിഷയങ്ങളില്‍ ഇരുവരും കൊമ്പുകോര്‍ത്തു നില്‍ക്കുകയാണ്. തൊട്ടുപിന്നാലെയാണ് രാജ്യസുരക്ഷയുടെ പേരുപറഞ്ഞ് ചൈനീസ് വിദ്യാര്‍ഥികളെ പുറത്താക്കാന്‍ അമേരിക്ക ഒരുങ്ങുന്നത്. ഉന്നതപഠനത്തിനായി അമേരിക്കയിലെ സര്‍വകലാശാലകളെ ആശ്രയിക്കുന്ന കുട്ടികളുടെ ഭാവി ഇതോടെ അവതാളത്തിലായി.

എന്നാല്‍, ചൈനീസ് വിദ്യാര്‍ഥികളില്‍നിന്നു ലഭിക്കുന്ന പണം വലിയ രീതിയില്‍ ഉപകരിക്കുന്നുണ്ടെന്ന് സര്‍വകലാശാല അധികൃതര്‍ പറയുന്നു. ചൈന ഇതിനോട് ശക്തമായി പ്രതികരിച്ചാല്‍ സര്‍വകലാശാലകള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാവും. ഇക്കാര്യം സര്‍വകലാശാലകള്‍ അമേരിക്കന്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ചൈനയില്‍നിന്ന് വിദ്യാര്‍ഥികളുടെ വരവുകുറഞ്ഞാല്‍ പണത്തിന്റെ വരവും ആനുപാതികമായി കുറയും. ഇത് സര്‍വകലാശാലകളുടെ സുഗമമായ പ്രവര്‍ത്തനത്തെ തകിടംമറിക്കുമെന്നും ഇവര്‍ പറയുന്നു.

ഹോങ്കോങില്‍ പ്രത്യേക ദേശരക്ഷാനിയമം അവതരിപ്പിച്ചതോടെ കൂടുതല്‍ ഉപരോധങ്ങള്‍ ചൈനയ്ക്കെതിരേ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ ആദ്യപടിയായിട്ടാണ് വിദ്യാര്‍ഥികളെ പുറത്താക്കുന്നത്. നിയമം നടപ്പായാല്‍ ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പുറത്തുപോകേണ്ടി വരും. ചൈനീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും ഉപരോധം കൊണ്ടുവരാന്‍ നീക്കമുണ്ട്.

Share
അഭിപ്രായം എഴുതാം