കൊവിഡിനുശേഷം ലോകം കണ്‍തുറക്കുക ലോകയുദ്ധത്തിലേക്കോ ?

കൊറോണാനന്തര കാലം യുദ്ധങ്ങളുടെയും കലഹങ്ങളുടെയും കലാപങ്ങളുടെയും കാലമായിരിക്കുമെന്നാണ് നിരീക്ഷകമതം. കൊറോണ വാക്‌സിന്റെ പേരില്‍ അമേരിക്കയും ചൈനയും തമ്മിലുള്ള വാക്‌പോര് സകല സീമകളേയും ലംഘിക്കുന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. രാജ്യങ്ങള്‍ തമ്മില്‍ നടത്തുന്ന നയതന്ത്രഭാഷയുടെ സ്ഥാനത്ത് ചിരവൈരികളേപ്പോലെയാണിപ്പോള്‍ ഇരുകൂട്ടരും വാക്കുകള്‍ തൊടുക്കുന്നത്. വാക്കുകള്‍കൊണ്ടുള്ള ഈ കളി ശരിക്കും ആയുധപ്പന്തയത്തിലേക്ക് കടക്കുമോയെന്ന് ഏവരും ആശങ്കയോടെ ഉറ്റുനോക്കുന്നു.

അത്തരത്തില്‍ ഒരു യുദ്ധമുണ്ടായാല്‍ ഇന്ത്യ, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ എന്തുനിലപാടായിരിക്കും സ്വീകരിക്കുക? റഷ്യ പഴയ സോവിയറ്റ് യൂണിയനല്ല. ഇന്ത്യയില്‍ കോണ്‍ഗ്രസ്സിന്റെ ഭരണവുമല്ല. ചേരിചേരാ നയവും ശീതയുദ്ധവുമെല്ലാം പഴങ്കഥകളായിക്കഴിഞ്ഞു. അന്തരാഷ്ട്ര കമ്പോളത്തില്‍ ചൈനയെ പിടിച്ചുകെട്ടാനുള്ള അമേരിക്കന്‍ ശ്രമങ്ങളൊന്നും വിജയംകാണുന്നില്ല. സമ്പത്തിലും സൈനികശക്തിയിലും കാര്യമായ ഈടുവയ്പ്പുകളൊന്നമില്ലാത്ത ഇറാന്‍, വടക്കന്‍ കൊറിയ പോലുള്ള തീരെ ചെറിയ രാജ്യങ്ങള്‍പോലും അമേരിക്കയെ വെല്ലുവിളിക്കുന്നു. ഏകധ്രുവലോകം, ലോകപൊലീസ് എന്നൊക്കെയുള്ള വിശേഷണങ്ങള്‍ അമേരിക്കയെനോക്കി പല്ലിളിക്കാന്‍ തുടങ്ങിയിരിക്കുന്നു.

കൊറിയയെ പിളര്‍ത്താനും ജര്‍മനികളെ ഒന്നിപ്പിക്കാനുമെല്ലാം മുമ്പു കഴിഞ്ഞതുപോലെ അമേരിക്കയ്ക്ക് ഇപ്പോള്‍ കഴിയുന്നില്ല. ഒന്നിനുപിറകെ ഒന്നായി പുത്തന്‍ സംഭവവികാസങ്ങള്‍ അന്താരാഷ്ട്ര രംഗത്ത് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. ഹോങ്കോങ്ങിനുമേല്‍ ചൈന പിടിമുറുക്കുകയാണ്. ദക്ഷിണ ചൈനാ കടലിന്റെ ഏഴയലത്തുപോലും അന്താരാഷ്ട്ര വിമാനങ്ങള്‍ക്കോ കപ്പലുകള്‍ക്കോ പ്രവേശനമില്ല. ബ്രിട്ടന്റെ അധീനതയിലായിരുന്ന ഹോങ്കോങ് 50 വര്‍ഷം കഴിഞ്ഞാല്‍ ചൈനയില്‍ ലയിക്കുമെന്ന കരാര്‍ ആരെതിര്‍ത്താലും തങ്ങള്‍ നടപ്പാക്കിയിരിക്കുമെന്ന ചൈനയുടെ വെല്ലുവിളിക്കെതിരേ ചെറുവിരല്‍പോലും അനക്കാന്‍ അമേരിക്കയ്ക്കാവുന്നില്ല. സ്വതന്ത്ര ഹോങ്കോങ് വേണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭസമരങ്ങളില്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും പതാകകള്‍ പാറിക്കളിക്കുന്നതു കണ്ടതോടെ സമരം ആര് സ്പോണ്‍സര്‍ ചെയ്തതാണെന്ന് വെളിവായിരുന്നു.

പാക്‌സ്താന് ആയുധം നല്‍കുകയും ഇന്ത്യയുടെ അതിര്‍ത്തികളില്‍ മുമ്പൊന്നും ഉണ്ടായിട്ടില്ലാത്തവിധം വന്‍ സൈനിക സന്നാഹം നടത്തുകയുമാണ് ചൈന. മുമ്പെങ്ങുമില്ലാത്തവിധം നേപ്പാള്‍ പോലും ഇന്ത്യക്കെതിരേ കൊറോണ വിഷയത്തില്‍ വിമര്‍ശനവുമായി മുന്നോട്ടുവരുന്നത് ചൈനയുടെ കരുത്തുകണ്ടിട്ടുതന്നെയാണ്.

ഇവരുടെ പങ്ക് എന്തായിരിക്കും?

മികച്ച ആരോഗ്യപരിരക്ഷാ സംവിധാനങ്ങളും മെഡിക്കല്‍ ഇന്‍ഷുറന്‍സും വിദ്യാഭ്യാസമുള്ള ജനതയും ആയിട്ടും കൊറോണ വൈറസിന്റെ മുന്നില്‍ അമേരിക്ക തകര്‍ന്നടിഞ്ഞുകഴിഞ്ഞു. വരുന്ന തിരഞ്ഞെടുപ്പില്‍ എന്തുപറഞ്ഞ് വോട്ടുചോദിക്കുമെന്ന പ്രതിസന്ധി ട്രംപിനെ വല്ലാത്ത വിഷമവൃത്തത്തിലാക്കിയിട്ടുണ്ട്. രോഗാണുവിനെ സൃഷിച്ചതും ലോകത്താകെ പടര്‍ത്തിയതും ചൈനയാണെന്ന് വരുത്തി ചൈനയെ ഒറ്റപ്പെടുത്തി ഒരു ഏറ്റുമുട്ടലിനുപോലും ട്രംപ് മടിക്കില്ലെന്നാണ് സൂചനകള്‍. കാര്യങ്ങള്‍ ഇങ്ങനെതന്നെ പുരോഗമിക്കുകയാണെങ്കില്‍ ലോകനാശകാരിയായ ആണവയുദ്ധത്തിനുവരെ സാധ്യതയുണ്ട്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനുശേഷം അമേരിക്കയുടെ ആദ്യ ആണവപരീക്ഷണത്തിനുള്ള ആലോചന ലോകത്തിനു മീതേ നിറയ്ക്കുന്നത് ഒരു ആണവയുദ്ധത്തിന്റെ കരിനിഴലാണ്. ഇന്നത്തെ സാഹചര്യത്തില്‍ റഷ്യയുമായും ചൈനയുമായും വിലപേശണമെങ്കില്‍ ആണവശക്തി ഒരിക്കല്‍കൂടി തെളിയിക്കേണ്ടതുണ്ടെന്ന് അമേരിക്കന്‍ ഭരണകൂടം വിശ്വസിക്കുന്നു.

ശീതയുദ്ധകാലാനന്തരം അമേരിക്ക ആണവപരീക്ഷണങ്ങളില്‍ ഒരു മെല്ലേപ്പോക്ക് നയമാണ് സ്വീകരിച്ചിരുന്നത്. തങ്ങളെ നേരിടാന്‍തക്ക കരുത്തര്‍ ലോകത്ത് നിലവിലില്ലെന്ന അമിതമായ ആത്മവിശ്വാസമായിരുന്നിരിക്കാം അമേരിക്കയെ അതിനു പ്രേരിപ്പിച്ചത്. അത് ഒരു പരിധിവരെ ശരിയുമായിരുന്നു. പഴയ സോവിയറ്റ് യൂണിയന്റെ അണ്വായുധങ്ങള്‍ കൈവശമുണ്ടായിരുന്നെങ്കിലും വിഭജനാന്തര റഷ്യ പട്ടിണിയും ദാരിദ്യവുമായി ഒതുങ്ങിക്കൂടിയ നാളുകളില്‍ അമേരിക്കയുടെ ദാക്ഷിണ്യത്തിനായി കൈനീട്ടി നില്‍ക്കുകയായിരുന്നല്ലോ. പെരിസ്‌ട്രോയിക്ക, ഗ്ലാസ്‌നോസ്റ്റ് കോമഡികള്‍ക്കുശേഷം അമേരിക്കയില്‍നിന്ന് റഷ്യയിലേക്ക് ഫണ്ടുകളും നിക്ഷേപവും വ്യവസായവും ഒഴുകുമെന്ന വാഗ്ദാനങ്ങള്‍ ഏറെ ഉണ്ടായെങ്കിലും ഒന്നും സംഭവിച്ചില്ല. തട്ടുമുട്ട് ന്യായങ്ങള്‍ പറഞ്ഞ് അമേരിക്ക കൈകഴുകി. ഉദാരവത്കരണം നടപ്പാക്കിയാല്‍ ഇന്ത്യയിലേക്ക് നിക്ഷേപങ്ങളും വ്യവസായവും ഫണ്ടുകളും ഒഴുകുമെന്നു പറഞ്ഞ് മോഹിപ്പിച്ച് ചതിച്ചത് നാമും മറന്നിട്ടില്ലല്ലോ.

ലോകത്തിലെതന്നെ കരുത്തുറ്റ സാമ്പത്തികശക്തിയെന്ന നിലയിലേക്കുള്ള ചൈനയുടെ കുതിച്ചുചാട്ടവും ആയുധശക്തി എന്ന നിലയില്‍ റഷ്യയുടെ വളര്‍ച്ചയും അമേരിക്കയെ ഒട്ടൊന്നുമല്ല വിറളിപിടിപ്പിക്കുന്നത്. സിറിയയിലും മറ്റും അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് വിപരീതമായി റഷ്യ ഇടപെട്ടതും അമേരിക്കയെ പ്രകോപിപ്പിച്ചു. അമേരിക്ക സ്വപ്‌നംകണ്ടിരുന്ന ഏകധ്രുവ ലോകം എന്ന സങ്കല്‍പം ഒരു പേക്കിനാവായി അമേരിക്കയെ വേട്ടയാടുകയാണിന്ന്.

ഇറാക്കിനെ ആക്രമിച്ച് സദ്ദാം ഹുസയ്‌നെ തൂക്കിക്കൊല്ലാന്‍ ചരടുവലിച്ചതും ലിബിയല്‍ ഭരണാധികാരി മുഹമ്മദ് ഗദ്ദാഫിയെ താഴെയിറക്കാന്‍ ആഭ്യന്തര കലാപകാരികള്‍ക്ക് പിന്തുണ നല്‍കിയതും അഫ്ഗാനിസ്താന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളെ ആക്രമിച്ചതും ഓര്‍ത്താല്‍ മാത്രംമതി അറബ് രാജ്യങ്ങളുടെ ഒരു സഹായവും ഈ അവസ്ഥയില്‍ അമേരിക്കയ്ക്കു ലഭിക്കുമെന്നു കരുതാനാവില്ല. ഇസ്‌ലാമിക് സ്റ്റേറ്റ്‌സ്, താലിബാന്‍, അല്‍ഖൈ്വദ തുടങ്ങിയ ഫണ്ടമെന്റലിസ്റ്റ് സംഘടനകള്‍ രൂപംകൊണ്ടിട്ടുള്ളത് അമേരിക്കയുടെ മൂശയിലാണെന്നാണ് അറബ് ലോകം കരുതിയിരിക്കുന്നത്. ഇസ്‌ലാമിക് സ്റ്റേറ്റ്‌സ് ഇസ്‌ലാമികമല്ലെന്ന് അറബ് രാജ്യങ്ങള്‍ തുറന്നുപ്രഖ്യാപിച്ചത് ഈ സാഹചര്യത്തിലാണ്. അറബ് രാജ്യങ്ങളെ മുച്ചൂടും മുടിക്കുകയാണ് ഈ സംഘടനകള്‍ എന്നത് വേറെ കാര്യം.

ശക്തി പരീക്ഷണത്തിന്റെ ഒരു മേഖല ഇതായേക്കാം.

ഇന്ന് ലോകത്തിലെ പ്രധാനപ്പെട്ട സാമ്പത്തികശക്തിയായ ചൈനയുമായി പല പ്രധാന രാജ്യങ്ങള്‍ക്കും അത്രവേഗം മുറിച്ചുമാറ്റാനാവാത്ത വ്യാപാരബന്ധങ്ങളുണ്ട്. അതുകൊണ്ടുതന്നെയാണ് കൊവിഡില്‍ തകര്‍ന്നടിഞ്ഞെങ്കിലും ഇറ്റലിയെ പോലുള്ള ചില യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ചൈനയെ പരസ്യമായി തള്ളിപ്പറയാത്തത്. പ്രകൃതിവിഭവങ്ങളാല്‍ സമൃദ്ധമായ പല ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും സാമ്പത്തികസഹായം നല്‍കി വ്യാപാരകരാറുകളിലൂടെ കെണിയൊരുക്കി ആ സമ്പത്തു മുഴുവനും ഊറ്റിയെടുക്കാനും ചൈന ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇത്തരമൊരു അവസരത്തില്‍ ചൈനക്കെതിരേ ഒരു പ്രത്യക്ഷയുദ്ധമുണ്ടായാല്‍ ആരൊക്കെ തങ്ങളുടെ കൂടെയുണ്ടാവുമെന്ന് ഉറപ്പാക്കാന്‍ അമേരിക്കയ്ക്ക് ആവുന്നേയില്ല. ഒരു യുദ്ധംകൂടാതെ പിടിച്ചുനില്‍ക്കാന്‍ ട്രംപിന് സാധിക്കുകയില്ല. അതിനായി കൊണ്ടുപിടിച്ച പരിശ്രമത്തിലാണ് അവരിപ്പോള്‍.

തകര്‍ന്ന സോവിയറ്റ് യൂണിയനിലെ ആ പഴയ റഷ്യയല്ല ഇന്നത്തെ റഷ്യ എന്നതും അമേരിക്ക തിരിച്ചറിയുന്നുണ്ട്. പഴയതുപോലെ അമേരിക്കയ്ക്ക് ഏറാന്‍ മൂളാന്‍ അവരുണ്ടാവില്ലെന്നും അമേരിക്ക തിരിച്ചറിഞ്ഞുകഴിഞ്ഞൂ. ഇന്ന് റഷ്യയും ആഗോളതലത്തില്‍ സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കുവാനുള്ള ചരടുവലികളിലാണ്. സിറിയയിലേയും മറ്റും അവരുടെ ഇടപെടലുകള്‍ അതിന്റെ ഭാഗമായിട്ടായിരുന്നു. അമേരിക്കന്‍ പൊതുതിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടുവെന്ന് ആരോപണം ഉന്നയിക്കാനേ കഴിയുന്നുള്ളൂ, ചെറുവിരലനക്കാന്‍പോലും അമേരിക്കയ്ക്കു പറ്റുന്നില്ല. മാത്രമല്ല, പല മേഖലകളിലും റഷ്യയും ചൈനയും കൂടുതല്‍ അടുക്കുവാന്‍ തുടങ്ങിയിട്ടുണ്ടെന്നതും അമേരിക്കയെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് ചൈനയിലെ വൂഹാനില്‍നിന്നു പൊട്ടിപ്പുറപ്പെട്ട കൊവിഡ് മഹാമാരി ലോകത്താകമാനം താണ്ഡവം ആരംഭിച്ചത്. ഇതില്‍ ചൈനയെ പ്രതിക്കൂട്ടിലാക്കി ഒറ്റപ്പെടുത്തി ശരിപ്പെടുത്താനുള്ള അമേരിക്കന്‍ പദ്ധതി പ്രതീക്ഷിച്ചത്ര വിജയിച്ചില്ല. ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തുമെന്ന അമേരിക്കയുടെ ഭീഷണിയും ആരും ഗൗരവത്തിലെടുത്തില്ല. അമേരിക്കന്‍ വാദമുഖങ്ങളെ മഹാസംഭവങ്ങളാക്കി ലോകത്തിനു വിളമ്പാറുള്ള ന്യൂസ് ഏജന്‍സികള്‍പോലും ഈ വിഷയത്തിന് വലിയ പ്രാധാന്യം നല്‍കിയില്ല.

നീണ്ട അതിര്‍ത്തികള്‍ പങ്കിടുന്ന റഷ്യയും ചൈനയുമായുള്ള ബന്ധം ക്രമേണ വളര്‍ന്നുവരുകയാണ്. അവശ്യസാധനങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, പ്രതിരോധകാര്യങ്ങളിലും ഇവര്‍ തമ്മില്‍ നല്ലരീതിയില്‍ സഹകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ജി8 കൂട്ടായ്മയില്‍ അംഗങ്ങളായ റഷ്യ, ചൈന, ഇന്ത്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ പരസ്പരസഹകരണം വളരുന്നത് അമേരിക്ക ഉള്‍ക്കിടിലത്തോടെയാണ് വീക്ഷിക്കുന്നത്.

അമേരിക്കയോടും ചൈനയോടും ഉള്ള സമീപനത്തില്‍ മാറ്റം ഇന്ത്യയുടേയും റഷ്യയുടേയും തീരുമാനങ്ങളില്‍ നിര്‍ണായകം.

കൊറോണയ്ക്കു ശേഷമുണ്ടാവാന്‍ പോകുന്ന ആഗോള സാമ്പത്തിക തകര്‍ച്ച, അസ്വാസ്ഥ്യം, റഷ്യയുടെയും ചൈനയുടെയും ആണവ പരീക്ഷണങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍വേണം അമേരിക്കയുടെ പുതിയ നീക്കത്തെ കാണേണ്ടത്. സ്വരക്ഷയ്ക്കും ലോകത്ത് ഇന്ന് തങ്ങള്‍ക്കുള്ള സ്ഥാനം കാത്തുസൂക്ഷിക്കാനും യുദ്ധങ്ങളും അണ്വായുധങ്ങളും കൂടിയേ തീരൂവെന്നും അവര്‍ കരുതുന്നു. അതായത്, മറ്റൊരു ലോകയുദ്ധത്തിന് തുടക്കമായിരിക്കുന്നു എന്നര്‍ഥം.

പല യുദ്ധങ്ങളും പരാജയം മണക്കുന്ന അല്ലെങ്കില്‍ പരാജയപ്പെട്ട ഭരണാധികാരികളുടെ സൃഷ്ടിയാണ്. ഭരണപരാജയവും സ്വന്തം കഴിവുകേടും ജനങ്ങളില്‍നിന്നു മറച്ചുവയ്ക്കാനും അവരുടെ ശ്രദ്ധതിരിക്കാനുമായി ഒട്ടേറെ യുദ്ധങ്ങള്‍ ലോകചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. കൊറോണാനന്തര കാലഘട്ടത്തിലെ നരകയാതനകളുടെ അനന്തരഫലമായി വരാന്‍സാധ്യതയുള്ള ദാരിദ്ര്യത്തില്‍നിന്നും കലാപങ്ങളില്‍നിന്നും ജനശ്രദ്ധ തിരിച്ചുവിടാന്‍ പടുവിഡ്ഡിയായ ഏതെങ്കിലും ഭരണാധികാരികള്‍ ഒരു യുദ്ധത്തിന് ഒരുമ്പെട്ടാല്‍ അത് അവസാന ലോകമഹായുദ്ധം എന്നറിയപ്പെടും എന്നതില്‍ സംശയമില്ല. അറ്റകൈയിന് കൈയിലുള്ള അണ്വായുധംതന്നെ പ്രയോഗിച്ചാല്‍ രാജ്യങ്ങള്‍ മാത്രമല്ല, ഭൂഖണ്ഡങ്ങള്‍ മാത്രമല്ല ലോകംതന്നെ ഇല്ലാതായേക്കാം.

യുദ്ധമുണ്ടായാല്‍ ജയിക്കുന്നവരും തോല്‍ക്കുന്നവരുമില്ല, എല്ലാവരും യുദ്ധത്തിന്റെ ഇരകള്‍ മാത്രമായിരിക്കും. മരിച്ചവരെയും മുറിവേറ്റവരെയുംകൊണ്ട് ആശുപത്രികളും തെരുവോരങ്ങളും നിറയും. അവശ്യവസ്തുക്കള്‍ക്കും മരുന്നിനും ക്ഷാമമുണ്ടാവും. നികുതികള്‍ വര്‍ധിക്കും. കയറ്റുമതി ഇടിയും. ആഭ്യന്തരോത്പാദനം കുറയും. തൊഴിലില്ലായ്മ പെരുകും. പട്ടിണി സര്‍വവ്യാപിയാകുന്നതോടെ വൃദ്ധജനങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, ദലിതുകള്‍ തുടങ്ങിയവര്‍ പാര്‍ശ്വവത്കരിക്കപ്പെടും. എങ്ങും അസമത്വം നിറയും. ഇതിന്റെ ദുരിതങ്ങള്‍ യുദ്ധത്തില്‍ ജയിക്കുന്നവരും അനുഭവിക്കേണ്ടാതായിവരും എന്നതാണ് ചരിത്രം നമ്മോടുപറയുന്നത്.

Share
അഭിപ്രായം എഴുതാം