സ്മാർട്ടായി 14 വില്ലേജ് ഓഫീസുകൾ

* 14 സ്മാർട്ട് വില്ലേജ് ഓഫീസുകൾ മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളിലായി നിർമ്മാണം പൂർത്തീകരിച്ച 14 വില്ലേജ് ഓഫീസുകൾ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ലാൻഡ് റവന്യൂ കമ്മീഷ്ണറേറ്റിൽ വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ഉദ്ഘാടനം നിർവഹിച്ചത്.  വേഗത്തിലും ആധുനിക രൂപത്തിൽ സുതാര്യതയോടും കൃത്യതയോടും മെച്ചപ്പെട്ട രീതിയിലുള്ള പ്രവർത്തനത്തിന്  സ്മാർട്ട് വില്ലേജ് ഓഫീസുകളിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. സർക്കാർ അധികാരത്തിലേറിയ ശേഷം 271   സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ പ്രഖ്യാപനമാണ് നടത്തിയതെന്നും 180 വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കുന്നതിന്റെ പ്രവൃത്തികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 230 വില്ലേജ് ഓഫീസുകളുടെ അറ്റകുറ്റ പണികൾ പൂർത്തീകരിച്ചു.

തിരുവനന്തപുരം ജില്ലയിൽ പട്ടം, കരിപ്പൂര്, കൊല്ലം ജില്ലയിലെ ഓച്ചിറ, പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ, അയിരൂർ, ആലപ്പുഴയിലെ ചിങ്ങോലി, ഇടുക്കി ജില്ലയിലെ ഏലപ്പാറ, അണക്കര, കാഞ്ചിയാർ, എറണാകുളം ജില്ലയിലെ പുതുവൈപ്പ്, കാക്കനാട്,  മലപ്പുറം ജില്ലയിലെ മുത്തേടം, തൃക്കണ്ടിയൂർ,എടപ്പാൾ  വില്ലേജ് ഓഫീസുകളാണ് ഇന്ന്  ഉദ്ഘാടനം ചെയ്തത്. വൈദ്യുതമന്ത്രി എം.എം.മണി, ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവർ വിവിധ ജില്ലകളിൽ നിന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനത്തിൽ സംബന്ധിച്ചു. എം.എൽ.എമാരായ വി.കെ.പ്രശാന്ത്, പി.വി.അൻവർ, എസ്.ശർമ്മ, എസ്.ബിജിമോൾ, വീണ ജോർജ്, ആർ.രാമചന്ദ്രൻ, രാജു എബ്രഹാം തിരുവനന്തപുരം നഗരസഭ മേയർ കെ.ശ്രീകുമാർ, ജില്ല കളക്ടർമാർ എന്നിവർ അതത് ജില്ലകളിലെ വില്ലേജ് ഓഫീസുകളിൽ നടന്ന ചടങ്ങിൽ സംബന്ധിച്ചു.

ലാൻഡ് റവന്യൂ കമ്മീഷ്ണർ സി,എ. ലത, തിരുവനന്തപുരം കളക്ടർ കെ.ഗോപാലകൃഷ്ണൻ, കോട്ടയം ജില്ലാ കളക്ടർ സുധീർ ബാബു, ഉദ്യോഗസ്ഥർ എന്നിവർ ലാൻഡ് റവന്യൂ കമ്മീഷ്ണറേറ്റിലെ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/82934




Share
അഭിപ്രായം എഴുതാം