പൂയംകുട്ടി പരിസരത്ത് കാട്ടാനശല്യം രൂക്ഷം

പ്രതിനിധീകരിക്കുന്ന ചിത്രം

കോതമംഗലം: പൂയംകുട്ടി പരിസരത്ത് കാട്ടാനശല്യം രൂക്ഷമായി. കാടിറങ്ങിവരുന്ന ആനക്കൂട്ടം വടാട്ടുപാറ നിവസികളുടെ ഉറക്കം കെടുത്തുകയാണ്. വടാട്ടുപാറ അമ്മാവന്‍സിറ്റിയില്‍ പഴുക്കളില്‍ ബേബിയുടെ വീട് കഴിഞ്ഞദിവസം കാട്ടാന തകര്‍ത്തു. തകര്‍ത്ത വീട്ടില്‍ ആള്‍താമസമില്ലതിരുന്നതിനാല്‍ അപായം ഇല്ല. പ്രദേശത്ത് കടുത്ത ജലക്ഷാമം ഉണ്ടായപ്പോള്‍ ബേബിയും കുടുംബവും വാടകവീട്ടിലേക്ക് താമസം മാറിയിരുന്നു. മഴ പെയ്തതിനെ തുടര്‍ന്ന് ഇവിടേക്ക് താമസം മാറാന്‍ ഇരിക്കെയാണ് കാട്ടാന വീട് തകര്‍ത്തത്.

കാട്ടാന തകര്‍ത്ത പഴുക്കളില്‍ ബേബിയുടെ വീട്

നേരത്തെ കാര്‍ഷിക വിളകള്‍ ആന നശിപ്പിച്ചിരുന്നെങ്കിലും വീടുകള്‍ക്ക് നേരെ ആക്രമണം ഇതാദ്യമാണ്. തകര്‍ന്നഭാഗം നന്നാക്കി വീണ്ടും താമസം തുടങ്ങിയാല്‍ ഇനിയെന്താവുമെന്ന ആശങ്കയിലാണ് ബേബിയും കുടുംബവും. പരാതി നല്‍കിയതിനെ തുടര്‍ന്ന് വനപാലകര്‍ എത്തി പരിശോധന നടത്തി നഷ്ടപരിഹാരത്തിനുള്ള നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കി.

Share
അഭിപ്രായം എഴുതാം