ലോകാരോഗ്യ സംഘടനയിലെ അംഗത്വം അമേരിക്ക ഉപേക്ഷിക്കുമെന്ന് ട്രംപ്.

വാഷിങ്ടണ്‍: ആവശ്യമായി വന്നാല്‍ ലോകാരോഗ്യ സംഘടനയിലെ അംഗത്വം അമേരിക്ക ഉപേക്ഷിക്കുമെന്ന് ട്രംപ്. ഡബ്ല്യൂഎച്ച്ഒ അതിന്റെ പ്രവര്‍ത്തനങ്ങളില്‍ കാതലായ മാറ്റം വരുത്തണം. ഇല്ലെങ്കില്‍ സംഘടനയ്ക്കുള്ള ധനസഹായം നിര്‍ത്തുമെന്നും അംഗത്വം പുനപ്പരിശോധിക്കുമെന്നുമാണ് ട്രംപിന്റെ ഭീഷണി. ഡബ്ല്യൂഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ തെഡ്രോസ് അധനോം ഗെബ്രയേസൂസിന് അയച്ച കത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. കത്തിന്റെ പകര്‍പ്പ് ട്രംപ് ട്വീറ്റ് ചെയ്തു. ഇത് സ്വയം വിശദീകരിക്കുന്നതാണെന്ന കുറിപ്പോടെയായിരുന്നു ട്വീറ്റ്. അടുത്ത 30 ദിവസത്തിനുള്ളില്‍ കാതലായ മാറ്റം വരുത്തണമെന്നാണ് ട്രംപിന്റെ ആവശ്യം.

കോറോണ രോഗാണുബാധ കൈകാര്യം ചെയ്യുന്നതില്‍ ലോകാരോഗ്യ സംഘടനയ്ക്കു സംഭവിച്ച പിഴവുകള്‍ കത്തില്‍ ട്രംപ് വിശദീകരിക്കുന്നുണ്ട്. ചൈനയോട് പക്ഷപാതം കാണിക്കുന്നുവെന്ന് ആരോപിച്ച് ഏപ്രില്‍ പകുതിയോടെ ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം ട്രംപ് താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. ധനസഹായം ശാശ്വതമായി നിര്‍ത്തലാക്കുമെന്നാണ് ട്രംപിന്റെ ഇപ്പോഴത്തെ ഭീഷണി. വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ സംബന്ധിച്ച ആദ്യ റിപ്പോര്‍ട്ടുകള്‍ സംഘടന അവഗണിച്ചെന്നും ട്രംപ് കത്തില്‍ പറയുന്നു. നിങ്ങളും സംഘടനയും എടുത്ത തെറ്റായ നടപടികള്‍മൂലം ലോകത്തിന് വലിയ നഷ്ടങ്ങളാണു സംഭവിച്ചത്. ചൈനയുടെ മേധാവിത്തത്തില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയാണ് ലോകാരോഗ്യസംഘടനയ്ക്കു മുന്നിലുള്ള ഏക പോംവഴിയെന്നും ട്രംപ് ഭീഷണിപ്പെടുത്തുന്നു.

Share
അഭിപ്രായം എഴുതാം