പൊന്നാനി: കഞ്ചാവിന് പകരം കമ്മ്യൂണിസ്റ്റ് പച്ച നല്‍കി പറ്റിച്ചു; 18കാരന്റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കി. പ്രായം കുറഞ്ഞവരുടെ കുറ്റകൃത്യങ്ങള്‍ പരിധിവിടുന്നതിന് ഉദാഹരണമാണ് ഈ സംഭവം. 18 വയസ്സുള്ള കിരണിന്റെ നേതൃത്വത്തിലാണ് ബഷീറിനെ തട്ടിക്കൊണ്ടുപോയി രഹസ്യകേന്ദ്രത്തില്‍ പാര്‍പ്പിച്ച് മര്‍ദിച്ച് അവശനാക്കിയത്. കിരണ്‍ കഞ്ചാവ് വ്യാപാരത്തിലെ പ്രധാന കണ്ണിയാണ്. നാളുകളായി ഇയാള്‍ കഞ്ചാവ് വ്യാപാരം ചെയ്തുവരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.
കഞ്ചാവിന് വിലയായി നല്‍കിയത് 45,000 രൂപ. എന്നാല്‍, നല്‍കിയതോ പറമ്പിനു വേലിയായി ഉപയോഗിക്കുന്ന കമ്മ്യൂണിസ്റ്റ് പച്ച അരിഞ്ഞുണങ്ങിയത്. സംഭവം നടന്നത് മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ്. എടപ്പാള്‍ നരിയന്‍ സ്വദേശി കിരണ്‍ (18) ആണ് പോലീസിന്റെ പിടിയിലായത്. 45,000 രൂപ പൊന്നാനി സ്വദേശി ബഷീറിന് നല്‍കിയിരുന്നതായും കഞ്ചാവിന് പകരം ബഷീര്‍ നല്‍കിയത് കമ്മ്യൂണിസ്റ്റ് പച്ച ഇല ഉണക്കിയത് ആയിരുന്നെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് തട്ടിക്കൊണ്ടുപോയതും മര്‍ദിച്ച് അവശനാക്കിയതുമെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. കിരണും സുഹൃത്തുക്കളും മോചനദ്രവ്യമായി ബഷീറിനോട് ആവശ്യപ്പെട്ടത് നാലുലക്ഷം രൂപയായിരുന്നു. പൊന്നാനി സിഐ മഞ്ജിത് ലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്