പെരുമ്പാവൂര്‍: ഉണക്കമത്സ്യത്തിനൊപ്പം കഞ്ചാവ് കടത്തിയ രണ്ടുപേര്‍ കസ്റ്റഡിയില്‍. തൃശൂര്‍ പീച്ചി ചെറിയംകുഴി കരയില്‍ തെക്കേല്‍ വീട്ടില്‍ കിങ്ങിണി എന്നുവിളിക്കുന്ന ഷിജോ (25), പെരുമ്പാവൂര്‍ തണ്ടേക്കാട് പുത്തന്‍വാട് പറമ്പില്‍ വീട്ടില്‍ ബിലാല്‍ എന്നുവിളിക്കുന്ന ബിനു (35) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. വിശാഖപട്ടണത്തുനിന്ന് പെരുമ്പാവൂരിലേക്ക് ലോറിയില്‍ കഞ്ചാവ് കടത്തിയ പ്രതികളെ കുന്നത്തുനാട് എക്‌സൈസാണു പിടികൂടിയത്.
കൊല്ലം ടൈറ്റാനിയം കമ്പനിയില്‍നിന്ന് വിശാഖപട്ടണത്തേക്ക് ലോറിയില്‍ കമ്പി കയറ്റിപ്പോകുന്നവര്‍ തിരികെവരുമ്പോള്‍ കയറ്റിക്കൊണ്ടുവരുന്ന ഉണക്കമീനിന്റെ മറവിലാണ് ഇവര്‍ കഞ്ചാവ് കടത്തിയിരുന്നത്. എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കുന്നത്തുനാട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ എസ് മുഹമ്മദ് ഹാരിഷും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളില്‍നിന്ന് 16.5 കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടിച്ചെടുത്തു. വിപണിയില്‍ ഇതിന് എട്ടുലക്ഷത്തോളം രൂപ വിലവരുമെന്ന് അധികൃതര്‍ അറിയിച്ചു. കഞ്ചാവ് കടത്താനുപയോഗിച്ച ലോറിയും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിനുപിന്നില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണെന്ന് അധികൃതര്‍ പറഞ്ഞു