കാഞ്ഞങ്ങാട്: ക്വാറന്റീനിലിരിക്കെ സ്വകാര്യ ക്ലിനിക്കിലെത്തി രോഗികളെ പരിശോധിച്ച സര്‍ക്കാര്‍ഡോക്ടറുടെ പേരില്‍ പൊലീസ് കേസ് എടുത്തു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോ. നിത്യാനന്ദ ബാബുവിന്റെ പേരിലാണ് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. കോവിഡ് സ്ഥിരീകരിച്ച, മഞ്ചേശ്വരത്തെ സിപിഎം പ്രാദേശികനേതാവിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഈ ഡോക്ടറും ഉള്‍പ്പെട്ടിരുന്നു. അതിനാല്‍ 14 ദിവസത്തെ ക്വാറന്റീനാണ് നിര്‍ദേശിച്ചത്.
ക്വാറന്റീനില്‍ കഴിയുന്നതിനിടെ സ്വകാര്യക്ലിനിക്കിലെത്തി രോഗികളെ പരിശോധിക്കുകയായിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് പൊലീസ് പരിശോധനയ്‌ക്കെത്തിയപ്പോള്‍ ഡോക്ടര്‍ കാറില്‍കയറി സ്ഥലംവിട്ടു. ക്ലിനിക്കിലുണ്ടായിരുന്ന രോഗികളില്‍നിന്നും പുറത്തിറങ്ങിയവരില്‍നിന്നും മൊഴിയെടുത്ത സ്‌പെഷ്യല്‍ ബ്രാഞ്ച് പൊലീസ്, രോഗികള്‍ക്ക് ഡോക്ടര്‍ നല്‍കിയ പ്രിസ്‌ക്രിപ്ഷന്റെ പകര്‍പ്പും അന്വേഷണറിപ്പോര്‍ട്ടിനൊപ്പം ഹാജരാക്കിയിട്ടുണ്ട്. സ്‌പെഷ്യല്‍ ബ്രാഞ്ച് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ വിനോദ്കുമാര്‍ പറഞ്ഞു.