150 രൂപയ്ക്കുവേണ്ടി സുഹൃത്തിനെ കൊലപ്പെടുത്തി.

മുംബൈ: 150 രൂപയ്ക്കുവേണ്ടി ബിസിനസ് പങ്കാളിയെ യുവാവ് കൊലപ്പെടുത്തി. മുംബൈ സെവ്രി സ്വദേശിയായ റിയാസ് ഷെയ്ഖ് (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ ഹുസയ്ന്‍ ഷെയ്ഖ് (22) പൊലീസ് പിടിയിലായിട്ടുണ്ട്. മസഗാവോണിലെ ഓറഞ്ച് ഗേറ്റിനു സമീപം ഞായറാഴ്ച പകലാണ് സംഭവം നടന്നത്. സുഹൃത്തുക്കളായിരുന്ന ഇരുവരും ഒരുമിച്ച് മത്സ്യവില്‍പന നടത്തിവരുകയായിരുന്നു. ഞായറാഴ്ച നടത്തിയ കച്ചവടത്തിനുശേഷം പണം പങ്കിടുന്നതിനിടെ 150 രൂപയെ ചൊല്ലി ഇരുവരും തര്‍ക്കത്തിലായി. തുടര്‍ന്ന് ഹുസയ്ന്‍, റിയാസിനെ ആക്രമിക്കുകയായിരുന്നു. എങ്ങനെയാണ് കൊല നടത്തിയതെന്ന് പൊലീസ് ഇതുവരെ വിശദീകരിച്ചിട്ടില്ല. ഫെറിയിലുണ്ടായിരുന്ന ബോട്ടിനകത്തുവച്ചാണ് ഹുസയ്‌നെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

Share
അഭിപ്രായം എഴുതാം